12 ഡി.ജി.പിമാര്‍ എന്തിന്?; സര്‍ക്കാരിനോട് ചോദ്യങ്ങളുമായി ഹൈക്കോടതി

സംസ്ഥാനത്ത് എന്തിനാണ് 12 ഡി.ജി.പിമാരെന്നും ഇത്രയും പേരെ നിയമിക്കാന്‍ ചട്ടം അനുവദിക്കുന്നുണ്ടോയെന്നും ആരാഞ്ഞ കോടതി ഇത്രയും ഡി.ജി.പിമാര്‍ ഉണ്ടായിരുന്നിട്ടും സംസ്ഥാനത്ത് വിജിലന്‍സ് ഡയറക്ടറുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയല്ലേയെന്നും ചോദിച്ചു.

എന്നാല്‍ നാലു ഡി.ജി.പിമാര്‍ക്ക് മാത്രമേ ഡി.ജി.പി റാങ്കിന്റെ ശമ്പളം നല്‍കുന്നുള്ളൂവെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇവര്‍ നാലുപേരുടെ നിയമനം മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്നും മറ്റുള്ളവര്‍ എ.ഡി.ജി.പി റാങ്കിലുള്ള ശമ്പളമാണ് കൈപ്പറ്റുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കുകയായിരുന്നു.

രണ്ട് വീതം കേഡര്‍, എക്സ് കേഡര്‍ പോസ്റ്റുകളാണ് ഉള്ളതെന്നും ഇവര്‍ക്ക് ഡി.ജി.പി റാങ്കില്‍ ശമ്പളം നല്‍കുന്നില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ജയില്‍ മേധാവി ആര്‍ ശ്രീലേഖ ഉള്‍പ്പെടെ നാലു എ.ഡി.ജി.പിമാര്‍ക്ക് സര്‍ക്കാര്‍ ഡി.ജി.പി തസ്തികയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നത്.