നീതി ലഭിക്കുന്നില്ല; മർദനമേറ്റ ഓൺലൈൻ ടാക്സി ഡ്രൈവർ ഹൈക്കോടതിയിലേക്ക്

    കൊച്ചി∙ യുവതികള്‍ ആക്രമിച്ച ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍ ഷഫീക്ക് നീതിതേടി ഹൈക്കോടതിയിലേക്ക്. മര്‍ദ്ദനമേറ്റിട്ടും തനിക്കെതിരെ ജാമ്യമില്ലാ വകുപ്പുകളിട്ടു പൊലീസ് ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. അതേസമയം, ഷഫീക്കിനെ മര്‍ദ്ദിച്ച യുവതികളുടെ ക്രിമിനല്‍ പശ്ചാത്തലത്തെ പറ്റി അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി.

    പട്ടാപ്പകല്‍ നഗരമധ്യത്തില്‍ നടന്ന ആക്രമണത്തിന്‍റെ ദൃശ്യങ്ങളടക്കമുളള തെളിവുകളും ദൃക്സാക്ഷി മൊഴികളുമുണ്ടായിട്ടും പൊലീസില്‍നിന്ന് തനിക്കു നീതികിട്ടിയില്ലെന്നാണ് ഷഫീക്കിന്‍റെ പരാതി. യുവതികള്‍ക്കെതിരെ നിസാര വകുപ്പുകള്‍ മാത്രമിട്ട് കേസെടുത്തതിനു പുറമേ, തനിക്കെതിരെ ജാമ്യമില്ലാത്ത കേസ് കൂടി ചുമത്തപ്പെട്ട സാഹചര്യത്തിലാണ് പൊലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഷഫീക്കും കുടുംബവും തീരുമാനിച്ചത്.

    അതേസമയം ഷഫീക്കിനെ ആക്രമിച്ച യുവതികളെ നിസാര വകുപ്പുകള്‍ ചുമത്തി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടതിനു പിന്നില്‍ കളളക്കളി നടന്നിട്ടുണ്ടെന്ന ആരോപണങ്ങളും ശക്തമായി. യുവതികള്‍ക്ക് ക്രിമനല്‍ പശ്ചാത്തലമുണ്ടെന്നും ഇതേപറ്റി അന്വേഷണം വേണമെന്നുമുളള ആവശ്യമുയരുന്നതും ഈ സാഹചര്യത്തിലാണ്. ഇതിനിടെ ഷഫീക്ക് സംഭവത്തിലെ പൊലീസ് വീഴ്ച സര്‍ക്കാരിനെതിരായ രാഷ്ട്രീയ ആയുധമായി ഉപയോഗിക്കാന്‍ പ്രതിപക്ഷ സംഘടനകളും നീക്കം തുടങ്ങി.