ഭാര്യയെ കൊന്ന കേസില്‍ പ്രതിയായ ഇന്ത്യന്‍ വംശജന്‍ അമ്മയെ കൊന്ന കേസില്‍ പിടിയില്‍

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ നേരിടുന്ന ഇന്ത്യന്‍ വംശജനായ ബോക്‌സിങ് താരത്തെ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ദക്ഷിണാഫ്രിക്കന്‍ പോലീസ് അറസ്റ്റ് ചെയ്തു. പൊലീസ് പിടികൂടിയ 30 കാരനായ റമീസ് പട്ടേലിനെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയേറ്റ് ചികിത്സയിലായിരുന്ന റമീസിന്റെ അമ്മ മാഹെജീന്‍ ബാനു പട്ടേല്‍ രണ്ടാഴ്ച മുമ്പാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഇന്ത്യന്‍ വംശജരുടെ ടൗണായ നിര്‍വാണയിലെ വീട്ടില്‍ വച്ചാണ് മഹെജീന്‍ ബാനുവിന് വെടിയേറ്റത്. 2015-ല്‍ റമീസിന്റെ ഭാര്യ ഫാത്തിമ കൊല്ലപ്പെട്ട ശേഷം റമീസിന്റെ മൂന്ന് മക്കളും മഹെജീന്‍ ബാനുവിന്റെ സംരക്ഷണത്തിലായിരുന്നു കഴിഞ്ഞിരുന്നത്. തലയ്ക്ക് വെടിയേല്‍ക്കുകയും ശരീരമാസകലം മുറിവേറ്റ നിലയിലായാണ് മെഹജീന്‍ ബാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലയോട്ടി അടിച്ചു പൊട്ടിച്ച നിലയിലായിരുന്നു.

വീട്ടില്‍ അതിക്രമിച്ചു കയറിയ കവര്‍ച്ചക്കാരാണ് അമ്മയെ ആക്രമിച്ചതെന്നായിരുന്നു റമീസ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ റമീസിന്റെ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് അറസറ്റ് ചെയ്തു. വീട്ടില്‍ നിന്ന് ഒരു വസ്തുവും കവര്‍ച്ച ചെയ്യപ്പെട്ടിട്ടില്ലാത്തതിനാല്‍ ആക്രമികള്‍ അതിക്രമിച്ചു കയറിയെന്ന റമീസിന്റെ വാദം പോലീസ് മുഖവിലയ്‌ക്കെടുത്തില്ല.

ഇയാള്‍ പ്രതിയായ ഭാര്യ കൊല്ലപ്പെട്ട കേസിലും സമാനകഥയാണ് ഇയാള്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. സുരക്ഷിതമായ വീട്ടില്‍ കവര്‍ച്ചക്കാര്‍ അതിക്രമിച്ചു കയറാനുള്ള സാധ്യത വിരളമാണെന്ന് പോലീസ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ