ബി.ജെ.പിയുടെ നക്കാപ്പിച്ച ബി.ഡി.ജി.എസ് വാങ്ങരുത്: വെള്ളാപ്പള്ളി

ബി.ജെ.പി വച്ചുനീട്ടുന്ന നക്കാപ്പിച്ച വാങ്ങി ബി.ഡി.ജെ.എസ് ഒത്തുതീർപ്പിന് തയ്യാറാവരുതെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേന്ദ്ര ഭരണത്തിന്റെ അവസാനകാലത്ത് വച്ച് നീട്ടുന്ന നക്കാപ്പിച്ച ബി.ഡി.ജെ.എസ് വാങ്ങുന്നത് അനൗചിത്യമാണെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.
വേങ്ങരയിൽ ബി.ജെ.പിക്ക് വേണ്ടി പോസ്‌റ്റർ അടിച്ച കാശ് പോലും ബി.ഡി.ജെ.എസിന് നഷ്ടമാകും. 5000 വോട്ടായിരിക്കും ബി.ജെ.പിക്ക് അവിടെ ലഭിക്കുക. വേങ്ങര ഉപതിരഞ്ഞെടുപ്പിൽ എസ്.എൻ.ഡി.പി യോഗം പ്രവർത്തകർ മന:സാക്ഷി വോട്ട് ചെയ്യണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബി.ഡി.ജെ.എസിന് നൽകാമേന്നെറ്റിരുന്ന ബോർഡ്- കോർപ്പറേഷൻ സ്ഥാനങ്ങൾ ഉടൻ നൽകാമെന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം അമിത് ഷായുമായുള്ള ചർച്ചയിൽ ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളിക്ക് ഉറപ്പ് ലഭിച്ചിരുന്നു. ഇതോടെ എൻ.ഡി.എയിൽ കലാപക്കൊടി ഉയർത്തിയ ബി.ഡി.ജെ.എസ് ബി.ജെ.പിയുമായുള്ള സഹകരണം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.