പിടികിട്ടാപ്പുള്ളി നൗഷാദ് വ്യാജപാസ്‌പോര്‍ട്ട് ഉപയോഗിച്ച് കേരളത്തില്‍ വന്നുപോകുന്നു

വിസതട്ടിപ്പ് വീരന്‍ കൊല്ലം മൈനാഗപ്പള്ളി സ്വദേശി നൗഷാദ് മലയാളികളില്‍ നിന്ന് തട്ടിയെടുത്തത് കോടികള്‍

തട്ടിപ്പിനിരയായവര്‍ക്ക് നീതിനിഷേധിക്കപ്പെടുന്നു

തിരുവനന്തപുരം: കേരളത്തിലും ഗള്‍ഫിലുമായി മലയാളികളില്‍ നിന്ന് കോടിക്കണക്കിന് രൂപതട്ടിയെടുത്തതിന് നിരവധി കേസുകള്‍ നിലവിലുള്ള കൊല്ലം മൈനാഗപ്പള്ളി സ്വദേശി നൗഷാദ് കേരളത്തില്‍ വന്നുപോകുന്നു. തിരുവനന്തപുരത്തെ വിവിധ പോലീസ് സ്‌റ്റേഷനുകളില്‍ വിസ തട്ടിപ്പിന് കേസുള്ള ഇയാള്‍ പൊലീസിന് പിടികൊടുക്കാതെ ഗള്‍ഫിലേക്ക് മുങ്ങുകയായിരുന്നു. ഇപ്പോള്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് കേരളത്തില്‍ വന്നുപോകുന്നതെന്ന് അന്വേഷണത്തില്‍ അറിയുന്നു.

ബഹറൈനില്‍ ജോലിവാഗ്ദാനം ചെയ്ത് നിരവധിയാളുകളില്‍ നിന്ന് പാണം വാങ്ങുകയും ആ പണവുമായി നാടുവിടുകയും ചെയ്തുവെന്നതായിരുന്നു പരാതി. ഓരോ ആളുകളില്‍ നിന്നും ഒന്നരലക്ഷം രൂപവീതമാണ് ഇയാള്‍ കൈക്കലാക്കിയിരിക്കുന്നത്. തിരുവനന്തപുരം കന്റോണ്‍മെന്റില്‍ സ്‌റ്റേഷനില്‍ അഞ്ചുപേരാണ് നൗഷാദിന്റെ തട്ടിപ്പിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. നെയാറ്റിന്‍കര പോലീസ് സ്‌റ്റേഷനില്‍ മൂന്നുപേര്‍ പരാതി നല്‍കിയിട്ടുണ്ട്. ഈ കേസുകളില്‍ ഇപ്പോള്‍ അറസ്റ്റ് വാറണ്ട് നിലനില്‍ക്കുകയാണ്.

പണവും പാസ്‌പോര്‍ട്ട് കോപ്പിയും വാങ്ങിയതിന് ശേഷം പകരം വെള്ളപ്പേപ്പറില്‍ കോര്‍ട്ട് സ്റ്റാമ്പ് ഒട്ടിച്ച് നല്‍കുകയായിരുന്നു നൗഷാദ്. പാവപ്പെട്ടവീട്ടിലെ യുവാക്കളെ കബളിപ്പിച്ച നൗഷാദ് ഇപ്പോള്‍ കോടീശ്വരനായി ബഹ്‌റൈനിലും നാട്ടിലുമായി വിലസുകയാണ്. നൗഷാദിനെ വിശ്വസിച്ച് ഗള്‍ഫ് ജോലിയെന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സ്വര്‍ണാഭരണങ്ങള്‍ വിറ്റും വീടും സ്ഥലവും ഈടുവെച്ച് വായ്പ്പയെടുത്തും പണം നല്‍കിയവര്‍ക്ക് ഇപ്പോള്‍ കണ്ണീരും പണനഷ്ടവും മാത്രം മിച്ചം.

നൗഷാദ് തന്റെ മുന്‍ഭാര്യയുടെ പരാതിയില്‍ ഗാര്‍ഹികപീഡന നിരോധനപ്രകാരം അറസ്റ്റിലാകുകയും റിമാന്റില്‍ കഴിയുകയും ചെയ്തിട്ടുള്ള വ്യക്തിയാണ്. മറ്റൊരു സ്ത്രീയുമായി ജീവിക്കുന്ന ഇയാള്‍ സ്വന്തം ഭാര്യയെയും വഞ്ചിച്ച വ്യക്തിയാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ക്കെതിരെ ഇത്രയും കേസുകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും പോലീസ് ഉചിതമായ നടപടിയെടുക്കാത്തതില്‍ അമര്‍ഷത്തിലാണ് തട്ടിപ്പിനിരയായവര്‍. നൗഷാദിന്റെ തട്ടിപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ഉടനെ തുടരും.