ഫേസ്ബുക്കില്‍ അശ്ലീല വീഡിയോ പോസ്റ്റ് ചെയ്തു; കരുവാരകുണ്ട് സ്വദേശി ഒരു മാസമായി ജയിലിൽ

റിയാദ് – സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തതിന്റെ പേരിൽ റിയാദിൽ ഒരാൾ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തതിന്റെ പേരിൽ മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയാണ് അറസ്റ്റിലായി ഒരു മാസമായി മലസ് ജയിലിൽ കഴിയുന്നത്. സ്വന്തം ഫെയ്‌സ്ബുക്ക് ഐഡിയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയുടെ അശ്ലീല വീഡിയോ അപ്‌ലോഡ് ചെയ്തുവെന്നാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. എന്നാൽ താനിത് മനപ്പൂർവം ചെയ്തതല്ലെന്നാണ് ഇദ്ദേഹം പോലീസിൽ പറഞ്ഞിട്ടുള്ളത്. അതേസമയം ഇദ്ദേഹത്തിന്റെ മൊബൈൽ ഫോണിൽ സ്വന്തം ഫെയ്‌സ്ബുക്കിൽ നിന്നാണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പോലീസ് കണ്ടെത്തി. പൊതുജന പരാതി പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്നും വൈകാതെ കേസ് കോടതിയിൽ വിചാരണക്കെത്തുമെന്നും ഈ വിഷയത്തെ കുറിച്ച് അന്വേഷിച്ചപ്പോൾ ശിഫ പോലീസ് സ്‌റ്റേഷനിൽ നിന്ന് വിവരം ലഭിച്ചതായി റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി ജീവകാരുണ്യവിഭാഗം കൺവീനർ സിദ്ദീഖ് തുവ്വൂർ പറഞ്ഞു.

വീഡിയോ പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച ഫെയ്‌സ്ബുക്ക് ഐഡി, ഇന്റർനെറ്റ് കണക്ഷൻ, മൊബൈൽ ഫോൺ എന്നിവ വഴിയാണ് ഇദ്ദേഹത്തെ പോലീസ് പിന്തുടർന്നെത്തിയത്. പോലീസ് സ്‌റ്റേഷനിൽ ഹാജരാക്കാൻ സ്‌പോൺസർക്ക് നിർദേശം ലഭിച്ചതിനെ തുടർന്ന് സ്‌പോൺസറോടൊപ്പമാണ് ഇദ്ദേഹം പോലീസ് സ്‌റ്റേഷനിലേക്ക് പോയത്. ഇത്തരം കേസുകളിൽ പരാതി ലഭിച്ചാൽ കേസ് അന്വേഷിക്കുന്ന പോലീസ് സ്‌പോൺസർമാർ വഴിയാണ് പ്രതികളെ പോലീസ് സ്‌റ്റേഷനിൽ എത്തിക്കുന്നത്.

ഫെയ്‌സ്ബുക്ക് അടക്കമുള്ള സാമൂഹിക മാധ്യമങ്ങൾ സദാസമയം നിരീക്ഷിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ അധികൃതരെ ഉദ്ധരിച്ച് വാർത്ത വന്നിരുന്നു. അശ്ലീല വീഡിയോകൾ പോസ്റ്റു ചെയ്യുന്നതും ഷെയർ ചെയ്യുന്നതും സൗദി അറേബ്യയിൽ നിരോധിച്ചിട്ടുണ്ട്. രണ്ട് മാസം തടവും നാടുകടത്തലുമാണ് ഇതിനുള്ള ശിക്ഷയെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്ന് ലഭിച്ച വിവരം
റിയാദിൽ ആറു മാസത്തിനിടെ മൂന്നാമത്തെ കേസാണിത്. നേരത്തെ ഒരു യുപി സ്വദേശിയും ഒരു മലയാളിയും ഇത്തരം അശ്ലീല വീഡിയോയുടെ പേരിൽ അറസ്റ്റിലായിരുന്നു. ഇവരുടെ പേരിലുള്ള ഇന്റർനെറ്റ് കണക്ഷൻ വൈഫൈ മറ്റാരോ ഉപയോഗിച്ചായിരുന്നു അശ്ലീല വീഡിയോ ഫെയ്‌സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നത്. നിരപരാധിയാണെന്ന് തെളിഞ്ഞതിന്റെ പേരിൽ ഇരുവർക്കും കോടതി ജാമ്യം നൽകിയിരുന്നു. സിദ്ദീഖ് തുവ്വൂർ തന്നെയാണ് ഈ രണ്ടുകേസുകളിലും ഇടപെട്ടിരുന്നത്. പക്ഷേ ഈ മലയാളിയുടെ കേസിൽ വാദിവിഭാഗം ഇപ്പോൾ അപ്പീൽ കോടതിയെ സമീപിപ്പിച്ചിരിക്കുകയാണ്. ഇത്തരം കേസുകളും അതിലെ തുടർനടപടികളും പൊതുജന താത്പര്യപ്രകാരം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ഇതിൽ നിന്ന് വ്യക്തമാവുന്നത്. ഈ കേസുകളിലകപ്പെട്ടാൽ മത്‌ലൂബാവുകയും കേസുകൾ സങ്കീർണമാവുകയും ചെയ്യുന്നതിനാൽ നിയമനടപടികൾ പൂർത്തിയാക്കി നാട്ടിൽ പോകാൻ കാലതാമസമെടുക്കും.