ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ സുപ്രീം കോടതിയെ സമീപിക്കാന്‍ നീക്കം

ജയിലില്‍നിന്നിറങ്ങിയതിനു പിന്നാലെ ദിലീപു വീണ്ടും കരുത്തനായെന്നും കേസുമായി ബന്ധപ്പെട്ടവരെ സ്വാധീനിക്കാന്‍ നീക്കമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടി ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ പോലീസ് നിയമോപദേശം തേടി. അനുകൂലമായാല്‍ സുപ്രീം കോടതിയെ സമീപിക്കാനാണു നീക്കം. കേസിലെ പ്രോസിക്യൂട്ടറോടു തന്നെയാണ് നിയമ സാധ്യതകളെക്കുറിച്ചു പരിശോധിക്കാന്‍ പോലീസ് നിര്‍ദേശിച്ചത്് കുറ്റപത്രം സമര്‍പ്പിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കഴിഞ്ഞദിവസം ദിലീപിന് ഹൈകോടതിയില്‍നിന്ന് ജാമ്യം ലഭിച്ചത് പൊലീസിനെയും പ്രോസിക്യൂഷനെയും ഒരുപോലെ നാണംകെടുത്തിയിരിക്കുകയാണ്. ആ സാഹചര്യത്തിലാണ് മുഖംരക്ഷിക്കാനുള്ള ഈ നീക്കം. ദിലീപിന് ജാമ്യം ലഭിച്ച സംഭവത്തില്‍ പോലീസിനുള്ളിലും ഭിന്നാഭിപ്രായമുണ്ട്.

അറസ്റ്റിലായി 86ാം ദിവസത്തിന് ശേഷമാണ് ദിലീപിന് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ബോണ്ടിലും രണ്ട് ആള്‍ജാമ്യത്തിലും കോടതിയില്‍ പാസ്‌പോര്‍ട്ട് കെട്ടിവെയ്ക്കണമെന്ന കര്‍ശന ഉപാധിയിലുമാണ് ജാമ്യം നല്‍കിയത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്.

ജസ്റ്റിസ് സുനില്‍ തോമസിന്റെ ബെഞ്ചാണ് ദിലീപിന് ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുമ്പോഴെല്ലാം ഹാജരാകണമെന്നും ജാമ്യോപാധിയുണ്ട്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായതിനാല്‍ കൂടുതല്‍ തടവിന്റെ ആവശ്യമില്ലെന്ന് കണ്ടാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ പ്രതിക്ക് സോപാധിക ജാമ്യത്തിന് അര്‍ഹതയുണ്ട്. അടുത്ത ശനിയാഴ്ച കുറ്റപത്രം സമര്‍പ്പിക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. അതിനാല്‍ ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

ദിലീപിനെതിരെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സാഹചര്യമുണ്ടായിട്ടും അന്വേഷണസംഘം മനഃപൂര്‍വമായ കാലതാമസമുണ്ടാക്കിയെന്ന അഭിപ്രായം സേനക്കകത്തുണ്ട്. ഇത് ജനങ്ങള്‍ക്ക് അന്വേഷണ സംഘത്തിലുണ്ടായിരുന്ന വിശ്വാസം തകര്‍ത്തുവെന്ന വിലയിരുത്തലുമുണ്ട്. പ്രോസിക്യൂഷന്റെ ഭാഗത്തുനിന്ന് ജാമ്യം അനുവദിക്കുന്നത് തടയുന്നതിനുള്ള കൃത്യമായ ഇടപെടലുണ്ടായില്ലെന്നും ആക്ഷേപമുയര്‍ന്നു.

ദിലീപ് ജുഡീഷ്യല്‍ റിമാന്‍ഡില്‍ കഴിയുന്ന സന്ദര്‍ഭത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കില്‍ വിചാരണ കഴിയുന്നതുവരെ അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടിവരുമായിരുന്നു. ആ സാഹചര്യം ഒഴിവാക്കി ദിലീപിന് ജാമ്യം ലഭിക്കാനുള്ള സാഹചര്യമൊരുക്കിയെന്ന ആക്ഷേപവും ശക്തമാണ്. കേസില്‍ ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കിയിട്ടുണ്ട്.