കര്‍ണാടക രാമനഗരിയില്‍ അപകടത്തില്‍ നാല് എം.ബി..ബി.എസ് വിദ്യാര്‍ത്ഥിനികള്‍ മരിച്ചു

കർണാടകയിലെ രാമനഗരിയിൽ ഇന്ന് പുലർച്ചേ ഉണ്ടായ വാഹനാപകടത്തിൽ നാലു മലയാളി വിദ്യാർത്ഥിനികൾ കൊല്ലപ്പെട്ടു. അമിത വേഗത്തിൽ സഞ്ചരിച്ച ട്രക്ക് ഡിവൈഡർ ഇടിച്ച് തകർത്ത ശേഷം കാറിലേക്ക് ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ട നാല് മലയാളി വിദ്യാർത്ഥിനികളും തൽക്ഷണം മരിച്ചു.

ബംഗളൂരു മൈസൂർ ദേശീയ പാതയിൽ രാമനാഗരയിൽ വച്ച് ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. രാമനഗരി ജില്ലയിലുള്ള സംഘ ബസവണ്ണ ദുട്ടിയെന്ന സ്ഥലത്ത് വച്ചാണ് കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. മരിച്ച നാലു പേരും എംബിബിഎസ് വിദ്യാർത്ഥിനികളാണ്. ബംഗളൂരു രാജരാജേശ്വരി മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളായ ജോയദ് ജേക്കബ്, ദിവ്യ, വെല്ലൂർ വി.ഐ.ടി മെഡിക്കൽ കോളേജ് വിദ്യാർത്ഥികളായ നിഖിത്, ജീന എന്നിവരാണ് മരിച്ചത്.

മരിച്ചവർ നാലു പേരും മലയാളികൾ ആണെന്നല്ലാതെ ഇവർ കേരളത്തിലെ ഏത് സ്ഥലത്ത് നിന്നുള്ളവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് ഇവർ പഠിക്കുന്ന കോളേജ് കേന്ദ്രീകരിച്ച് ഇവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. ബംഗളൂരുവിൽ നിന്നും മൈസൂരിലേക്ക് പോയ ട്രക്ക് എതിർ ദിശയിൽ വന്ന ഇവരുടെ കാറിൽ ഇടിച്ചെന്നാണ് വിവരം. ട്രക്കിന്റെ അമിതവേഗതയാണ് അപകടത്തിനിടയാക്കിയതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

റോഡിലെ ഡിവൈഡറിൽ ഇടിച്ച ശേഷമാണ് കാറിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ പൂർണമായും തകർന്ന കാറിനുള്ളിൽ പെട്ട നാല് പേരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ശക്തമായ ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിനകത്ത് അകപ്പെട്ട നാലു പേരുടെയും മൃതദേഹം വളരെ പണിപ്പെട്ടാണ് പൊലീസ് പുറത്ത് എടുത്തത്. ഇവരുടെ മൃതശരീരം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേക്കു മാറ്റി.

മൈസൂരിൽ നിന്നും ബംഗളൂരിവിലേക്ക് വരികയായിരുന്നു മലയാളി വിദ്യാർത്ഥിനികൾ. ബംഗളൂരിൽ പഠിക്കുന്ന ഇവർ മൈസൂരിൽ പോയതെന്തിനെന്ന് വ്യക്തമല്ല. ഇവർ സഞ്ചരിച്ചിരുന്ന കാറും അമിത വേഗതയിൽ തന്നെ ആയിരുന്നെന്നും റിപ്പോർട്ടുകളുണ്ട്. കേരളത്തിൽ എവിടെയാണെന്നും എംബിബിഎസ് എത്രാം വർഷ വിദ്യാർത്ഥിനികളാണ് എന്ന കാര്യവും ഒക്കെ പൊലീസ് അന്വേഷിച്ച് വരികയാണ്.