ആ വാര്‍ത്ത തലവേദനയായി; ദിലീപ് നടിയെ ആക്രമിക്കണമെങ്കില്‍ ഒരു കാരണമുണ്ടാകില്ലേയെന്ന ഓണ്‍ലൈന്‍ വാര്‍ത്തയെക്കുറിച്ച് നടി സോനനായര്‍ക്ക് പറയാനുള്ളത്

കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍മീഡിയയില്‍ കത്തിപ്പടരുന്ന വാര്‍ത്തകളിലൊന്നാണ് നടി സോന നായരുടെ പ്രസ്താവന. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖം സോന നായര്‍ക്ക് വലിയ തലവേദനയാണ് സമ്മാനിച്ചത്. ‘ദിലീപ് നടിയെ ആക്രമിക്കണമെങ്കില്‍ അതിന് പിന്നില്‍ ശക്തമായ ഒരു കാരണമുണ്ടാകില്ലേയെന്ന് സോന നായര്‍’ എന്ന തലക്കെട്ടിലാണ് ഓണ്‍ലൈന്‍ പോര്‍ട്ടലുകളില്‍ വാര്‍ത്ത പ്രചരിച്ചത്. വാര്‍ത്ത വൈറലായതോടെ സിനിമരംഗത്തുനിന്നുള്ള നിരവധി പേര്‍ സോനയെ വിളിച്ചു.

അന്ന് ഒരു പരിപാടിക്കിടെ ഒരു മാധ്യമത്തിന്റെ വനിതാ റിപ്പോര്‍ട്ടറാണ് തന്നെ സമീപിച്ചത് അഭിമുഖം ആവശ്യപ്പെട്ടത്. സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്കിടയില്‍ ദിലീപിനൊപ്പമാണോ ഇരയ്‌ക്കൊപ്പമാണോ എന്ന ചോദ്യം അവര്‍ എന്നോട് ചോദിച്ചു. അവര്‍ക്കൊപ്പമാണെന്നായിരുന്നു എന്റെ മറുപടി. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ പക്ഷേ ഓണ്‍ലൈനില്‍ വാര്‍ത്തയായി വന്നപ്പോള്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. തലക്കെട്ട് കണ്ട് പലരും തെറ്റിദ്ധരിക്കുകയും ചെയ്തു. വാര്‍ത്ത കണ്ടയുടനെ ആ മാധ്യമത്തില്‍ വിളിച്ച് പറഞ്ഞിരുന്നു. അവര്‍ ആ വാര്‍ത്ത അപ്പോള്‍ തന്നെ പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ മറ്റു ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തലക്കെട്ട് വച്ച് ആഘോഷിക്കുകയാണ്- സോന പറയുന്നു.

രണ്ടുപേരും എന്റെ സഹപ്രവര്‍ത്തകരാണ്. ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്നറിയില്ല. എന്നാല്‍ ഞാന്‍ പരിചയപ്പെട്ട കൂടെ പ്രവര്‍ത്തിച്ചിട്ടുള്ള ദിലീപ് കുറ്റവിമുക്തനായിരിക്കണമെന്നാണ് പ്രാര്‍ഥിക്കുന്നത്. അയാള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ആരും തന്നെ ദിലീപിന്റെ ഭാഗത്തു നിന്ന് ഇതുവരെ ഒരു ദുരനുഭവം ഉണ്ടായിട്ടുള്ളതായി പറഞ്ഞിട്ടില്ല. സഹപ്രവര്‍ത്തകരെയൊക്കെ കെയര്‍ ചെയ്യുന്ന പ്രകൃതമുള്ളയാളാണ് ദിലീപ്. എല്ലാവര്‍ക്കും സഹായങ്ങള്‍ ചെയ്തു കൊടുക്കുന്ന മലയാള സിനിമയിലെ ഒരു മികച്ച കലാകാരന്‍. അങ്ങനെയൊരാള്‍ ഇങ്ങനെയൊന്നും ചെയ്തിരിക്കല്ലെയെന്നാണ് ആഗ്രഹിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും.

ആക്രമണത്തിനിരയായ നടിയെയും വളരെ അടുത്ത് പരിചയമുണ്ട്. അനിയത്തിയെ പോലെയുള്ള അവള്‍ക്ക് പിന്തുണയറിയിച്ചുകൊണ്ടുള്ള കൂട്ടായ്മകളിലും പങ്കെടുത്തിട്ടുണ്ട്. അതുകൊണ്ട് കൂടി സംഭവത്തില്‍ പ്രതി ദിലീപ് ആകരുതെ എന്നാണ് പ്രാര്‍ത്ഥിച്ചത്. നടി ആക്രമിക്കപ്പെട്ട ദിവസം ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുത്തയാളാണ് ഞാന്‍. അവള്‍ അനുഭവിച്ച വേദന ശരിക്കും അറിയാവുന്നവര്‍. രണ്ടുപേര്‍ക്കും നീതി കിട്ടണമെന്നാണ് എന്റെ പ്രാര്‍ഥന- സോന നായര്‍ കൃത്യവും വ്യക്തവുമായി കാര്യങ്ങള്‍ പറഞ്ഞുനിര്‍ത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ