കെ.പി. യോഹന്നാന്‍ സാമ്പത്തിക പ്രതിസന്ധിയിലേക്ക്; ബിലിവേഴ്‌സ് ചര്‍ച്ചിനും അനുബന്ധ സംഘടനകള്‍ക്കും വിദേശപണം സ്വീകരിക്കുന്നതിന് വിലക്ക്‌

കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചര്‍ച്ചിനും അനുബന്ധ സംഘടനകള്‍ക്കും വിദേശ ഫണ്ട് സ്വീകരിക്കാനുള്ള അനുമതി കേന്ദ്ര ആഭ്യന്തര മന്ത്രാലയം റദ്ദാക്കി. ബിലീവേഴ്‌സ് ചര്‍ച്ചുമായി ബന്ധപ്പെട്ട അയന ചാരിറ്റബിള്‍ ട്രസ്റ്റ്, ലൗ ഇന്ത്യ മിനിസ്ട്രീസ്, ലാസ്റ്റ് അവര്‍ മിനിസ്ട്രി എന്നീ എന്‍ജിഒകള്‍ക്കാണ് വിലക്ക്. ഇതുള്‍പ്പെടെ ഈ വര്‍ഷം 4864 എന്‍ജിഒകളുടെ വിദേശ ഫണ്ട് അനുമതി റദ്ദാക്കിയിട്ടുണ്ട്. 126 എണ്ണം കേരളത്തിലാണ്. വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിനാണ് നടപടി.

അഞ്ച് വര്‍ഷത്തിലൊരിക്കലാണ് സന്നദ്ധ സംഘടനകളുടെ എഫ്‌സിആര്‍എ അനുമതി പുതുക്കുന്നത്. 2016ല്‍ രാജ്യത്ത് ഏറ്റവുമധികം വിദേശ ഫണ്ട് ലഭിച്ചത് അയാന ചാരിറ്റബിള്‍ ട്രസ്റ്റിനാണ്. 826.27 കോടി രൂപ. അനുമതി നഷ്ടപ്പെടുമെന്ന ഘട്ടത്തില്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയെന്ന എന്‍ജിഒയെയാണ് യോഹന്നാന്‍ അയാന ചാരിറ്റബിള്‍ ട്രസ്റ്റെന്ന് പേരുമാറ്റിയത്.

ബിലീവേഴ്‌സ് ചര്‍ച്ചിന് 342.64 കോടിയും ലാസ്റ്റ് അവര്‍ മിനിസ്ട്രിക്ക് 103.51 കോടിയും ലൗ ഇന്ത്യ മിനിസ്ട്രിക്ക് 76.23 കോടിയും ലഭിച്ചു. കഴിഞ്ഞ വര്‍ഷം ബിലീവേഴ്‌സ് ചര്‍ച്ചിനും അനുബന്ധ സംഘടനകള്‍ക്കുമായി 1348.65 കോടി രൂപയുടെ വിദേശ ഫണ്ടാണ് ലഭിച്ചത്. രാജ്യത്തിനകത്തു നിന്നുള്ള സംഭാവന, മുന്‍വര്‍ഷത്തെ സമ്പാദ്യത്തിന്റെ പലിശ എന്നിവയുള്‍പ്പെടെ 2016ല്‍ 2397.33 കോടി രൂപ യോഹന്നാന് ലഭിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ബിലീവേഴ്‌സ് ചര്‍ച്ചും യോഹന്നാനും സാമ്പത്തികമായി ഉന്നതിയിലാണെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തല്‍.

ഈ വര്‍ഷം ജനവരി മുതല്‍ മാര്‍ച്ച് വരെ ബിലീവേഴ്‌സ് ചര്‍ച്ചിന് 192.50 കോടിയും ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 24.28 കോടി രൂപയും വിദേശഫണ്ട് ലഭിച്ചതായി എഫ്‌സിആര്‍എ റിപ്പോര്‍ട്ടില്‍ പറയുന്നു. അനുമതി റദ്ദാക്കിയതായി ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ അനുമതി പുനപരിശോധനയിലാണെന്ന് ബിലീവേഴ്‌സ് ചര്‍ച്ച് വക്താവ് സിജോ പന്തപ്പിള്ളില്‍ പറഞ്ഞു. 2016ലാണ് അവസാനമായി അനുമതി പുതുക്കിയത്. ഇത് സംബന്ധിച്ച് മൂന്ന് തവണ ആഭ്യന്തരമന്ത്രാലയത്തിന്റെ കത്ത് ലഭിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ലഭിച്ചത് ആഗസ്തിലാണ്. ആവശ്യപ്പെട്ട രേഖകള്‍ നല്‍കിയിട്ടുണ്ട്. അനുമതി പുനസ്ഥാപിച്ചു കിട്ടുമെന്നാണ് പ്രതീക്ഷ. അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷം ആറും 2015ല്‍ 10011 എന്‍ജിഒകളുടെയും വിദേശ ഫണ്ട് അനുമതി റദ്ദാക്കിയിരുന്നു.

അയന ചാരിറ്റബിൾ ട്രസ്റ്റ്, ലൗ ഇന്ത്യ മിനിസ്ട്രി, ലാസ്റ്റ് അവർ മിനിസ്ട്രി എന്നീ മൂന്ന് എൻജിഒ കളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷനാണ് ഇപ്പോൾ റദ്ദാക്കിയിരിക്കുന്നത്. ഇത്തരത്തിൽ പ്രവർത്തിക്കുന്ന 4684 എൻജിഒ സ്ഥാപനങ്ങളുടെ എഫ്‌സിആർഎ രജിസ്‌ട്രേഷനും ഇതോടൊപ്പം നഷ്ടമായിരുന്നു. ഇതിൽ 126 സ്ഥാപനങ്ങളും കേരളത്തിൽ പ്രവർത്തിക്കുന്നതാണ്. ഇനി ഈ സ്ഥാപനങ്ങൾക്ക് ഒന്നും തന്നെ വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ഫണ്ട് സ്വീകരിക്കാൻ കഴിയില്ല.

കഴിഞ്ഞ ഒരു വർഷത്തിൽ 1348 കോടി രുപയാണ് ബിലീവേഴ്‌സ് ചർച്ചും മറ്റ് സ്വതന്ത്ര സംഘടനകളും ചേർന്ന് വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള ഫണ്ടെന്ന പേരിൽ ഇന്ത്യയിൽ സ്വീകരിച്ചത്. തൊട്ട് പിന്നാലെ അയന ചാരിറ്റബിൾ 826 കോടി വാങ്ങി ഏറ്റവും വലിയ തുക വിദേശ ഫണ്ട് സ്വീകരിക്കുന്ന സ്വതന്ത്ര സംഘടനയായി മാറി. ബിലീവേഴ്‌സ് ചർച്ച് 342 കോടിയും, ലാസ്റ്റ് അവർ മിനിസ്ട്രി 103 കോടിയും ലൗ ഇന്ത്യ മിനിസ്ട്രി 76 കോടി രുപയും വിദേശ രാജ്യങ്ങളിൽ നിന്ന് ലഭിച്ചു.

കെപി യോഹന്നാനുമായി ബന്ധപ്പെട്ട് നിൽക്കുന്ന ഈ നാല് സംഘടനകളും സാമ്പത്തികമായി വളരെ മെച്ചപ്പെട്ട നിലയിലാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. 2017 ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ ബിലീവേഴ്‌സ് ചർച്ച് 192 കോടി രുപയും ഏപ്രിൽ മുതൽ ജൂൺ വരെ 24.28 കോടിയും വിദേശത്ത് നിന്നും വാങ്ങി കഴിഞ്ഞു.

സംഘടനകളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയിട്ടുണ്ടെന്നും എന്നാൽ തീരുമാനം പുനപരിശോധനക്കായി നൽകിയിട്ടുണ്ടെന്നും ബിലീവേഴ്‌സ് ചർച്ച് അധികൃതർ പ്രതികരിച്ചു. ഇത് സംബന്ധിച്ച് മൂന്ന് കത്തുകൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നും ലഭിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച രേഖകൾ കൈമാറണമെന്ന് ആവശ്യപ്പെട്ടാണ് മൂന്ന് കത്തുകൾ ലഭിച്ചതെന്നും ഇത് പ്രകാരം എല്ലാ രേഖകളും മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ടെന്നും ചർച്ച് അധികൃതർ വ്യക്തമാക്കി. അതിനാൽ ഒരാഴ്ചക്കുള്ളിൽ രജിസട്രേഷൻ ലഭിക്കുമെന്ന പ്രതീക്ഷയുള്ളതായും ഇവർ പറഞ്ഞു.

വിദേശ പണം വരുന്നതിന് നിയന്ത്രണവും വ്യക്തമായ കണക്കും കേന്ദ്ര സർക്കാരിനെ ബോധ്യപ്പെടുത്തേണ്ടി വന്ന സാഹചര്യത്തിൽ ബിലീവേഴ്‌സ് ചർച്ചിന്റെ ആത്മീയയാത്ര ചാനൽ ഉടൻ അടച്ചുപൂട്ടുമെന്നാണ് സൂചനകൾ. ഏഷ്യാനെറ്റ് കേബിൾ വിഷൻ ഉൾപ്പടെയുള്ള കേബിൾ കമ്പനികളുമായുള്ള കരാറും പുതുക്കാത്ത സാഹചര്യമാണ് ഇത്തരമൊരു സംശയം ഉയരാൻ കാരണം. അതിനിടെ നോട്ട് നിരോധനത്തിന്റെ പേരുദോഷം മാറാൻ ചാനൽ സജീവമായി നിലനിർത്താനുള്ള തന്ത്രങ്ങളും ആത്മീയയാത്രയുടെ അണിയറക്കാർ നടത്തുന്നുണ്ട്.

കെപി യോഹന്നാനെതിരെ അമേരിക്കയിൽ ഉയർന്ന ആരോപണങ്ങളും ഫണ്ട് വരവ് കുറച്ചെന്നാണ് സൂചന. പാവപ്പെട്ടവരുടെ പേരു പറഞ്ഞ് ജീവകാരുണ്യത്തിനായി പിരിച്ച കോടികൾ യോഹന്നാനും കുടുംബവും വഴിമാറ്റിയെടുത്തെന്ന പരാതി അമേരിക്കൻ കോടതി ഗൗരവത്തോടെയാണ് എടുത്തിരിക്കുന്ത്. ഗുരുതരമായ സാമ്പത്തിക കുറ്റകൃത്യമാണ് ഡോ കെ പി യോഹന്നാനെതിരെ അമേരിക്കയിൽ ഉയരുന്നത്. 2790 കോടി രൂപ അമേരിക്കയിൽനിന്ന് ഇന്ത്യയിലേക്ക് കടത്തിയെന്നാണ് കേസ്. ജീവകാരുണ്യത്തിനായി പിരിച്ച കാശ് ബിസിനസ് ആവശ്യങ്ങളിലേക്കു മാറ്റിയെന്നും പരാതിയുണ്ട്.

മതപരമായ സംഘടനയെന്ന രീതിയിൽ ഡോ കെ പി യോഹന്നാൻ മെത്രാപ്പൊലീത്തയുടെ സ്വന്തം ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് അമേരിക്കയിലും വേരുകളുണ്ട്. സന്നദ്ധ സംഘടനയെന്ന പദവിയാണ് ഇതിന് അമേരിക്കയിലുള്ളത്. വിവിധ വ്യക്തികളിൽനിന്ന് വൻ പിരിവാണ് ഗോസ്പൽ ഫോർ ഏഷ്യ നടത്തിയത്. ആത്മീയതയുടെയും ജീവകാരുണ്യത്തിന്റെയും പേരിലായിരുന്നു ഈ പിരിവ്. 2007നും 2013നും ഇടയിലാണ് അമേരിക്കയിൽനിന്നു മാത്രം 2780 കോടി രൂപ പിരിവിലൂടെ സംഘടിപ്പിച്ചത്. അമേരിക്കയിൽ രജിസ്റ്റർ ചെയ്ത സംഘടനയുടെ പ്രധാന പ്രവർത്തന കേന്ദ്രം ഇന്ത്യയാണ്. അമേരിക്കയിലെ നിയമം അനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യ കണക്കുകൾ കാണിക്കേണ്ടതുമില്ല. എന്നാൽ വിദേശ സന്നദ്ധ സംഘടനയെന്ന നിലയിൽ ഇന്ത്യയിൽ കണക്ക് കാണിക്കേണ്ടതുമുണ്ട്. ഈ കണക്കുകളാണ് ഇപ്പോഴത്തെ കേസിലേക്ക് കാര്യങ്ങളെത്തിച്ചത്. ഇതനുസരിച്ച് ഗോസ്പൽ ഫോർ ഏഷ്യയ്ക്ക് രണ്ടു ലിമിറ്റഡ് ലയബിലിറ്റി കമ്പനികളുണ്ട്. ലാസ്റ്റ് അവർ മിനിസ്ട്രിയും ലൗ ഇന്ത്യാ മിനിസ്ട്രിയും. ഇതനുസരിച്ച് അമേരിക്കയിൽനിന്ന് പിരിച്ച വലിയ തുകയിൽ വളരെ ചെറിയൊരു ഭാഗം മാത്രമേ ജീവകാരുണ്യ പ്രവർത്തനത്തിന് ഉപയോഗിച്ചിട്ടുള്ളൂ. ബാക്കിയെല്ലാം മറ്റ് ആവശ്യങ്ങൾക്കായി വഴിമാറ്റി.

2013-ൽ മാത്രം ഗോസ്പൽ ഫോർ ഏഷ്യ ആഗോളതലത്തിൽ 650 കോടി രൂപയാണു പിരിച്ചത്. വിവിധ ആവശ്യങ്ങൾക്കെന്നു വിശദീകരിച്ചായിരുന്നു അത്. ഇതിൽ പ്രധാനമായിരുന്ന ജീസസ് വെൽ എന്ന പദ്ധതിയായിരുന്നു. ദുരിതം അനുഭവിക്കുന്നവർക്ക് ശുദ്ധജലം എത്തിക്കുകയായിരുന്നു ലക്ഷ്യം. 2012-ൽ 227 കോടി രൂപയാണ് ഈ പദ്ധതിക്ക് മാത്രമായി പിരിച്ചെടുത്തത്. എന്നാൽ ചെലവഴിച്ചത് 3 കോടി 25 ലക്ഷം രൂപയും. 2013-ൽ പിരിവ് 350 കോടിയോളമായി. എന്നാൽ കിണർ വച്ചു കൊടുത്തത് ഏഴ് കോടി 25 ലക്ഷം രൂപയ്ക്കും. അമേരിക്കയിലെ പടിഞ്ഞാറൻ പ്രദേശമായ അർക്കൻസാസിലെ ജില്ലാ കോടതിയാണ് യോഹന്നാനെതിരായ ഹർജി എത്തിയത്. ഇതോടെ ഇവാഞ്ചലിക്കൽ കൗൺസിൽ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റിയെന്ന സംഘടന ഗോസ്പൽ ഫോർ ഏഷ്യയുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ തുടർച്ചയായിരുന്നു കേസും

കെ.പി.യോഹന്നാന്റെ നേതൃത്വത്തിലുള്ള ഗോസ്പൽ മിനിസ്ട്രി എന്ന സന്നദ്ധ സംഘടന 1980ൽ കേവലം 900/ രൂപ മുടക്കുമുതലിൽ തിരുവല്ല സബ്രജിസ്ട്രാർ ആഫീസിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിച്ചിരുന്ന ഒരു സ്ഥാപനമാണ്. ഈ സംഘടന ഗോസ്പൽ മിനിസ്ട്രീസ് ഇന്ത്യ എന്നും 1991ൽ ഗോസ്പൽ ഫോർ ഏഷ്യ എന്ന പേരിലും രൂപാന്തരപ്പെട്ടു. തിരുവല്ല താലൂക്കിൽ നിരണം വില്ലേജിൽ കടപ്പിലാരിൽ വീട്ടിൽ ചാക്കോ പുന്നൂസിന്റെ മക്കളായ കെ.പി.ചാക്കോ, കെ.പി.യോഹന്നാൻ, കെ.പി.മാത്യൂ എന്ന മൂന്ന് സഹോദരന്മാരാൽ രൂപീകൃതമായി പ്രവർത്തിച്ചു വരുന്ന ഒരു പൊതുജനമതപരമായ ധർമ്മസ്ഥാപനമായിട്ടാണ് ഈ കുടുംബ ട്രസ്റ്റ് പ്രവർത്തിച്ചു വരുന്നത്.

മതപരവും ദുരിതാശ്വാസത്തിനും പൊതുജനങ്ങളെ സംരക്ഷിക്കുക, പാവപ്പെട്ട കുട്ടികൾക്ക് വിദ്യാഭ്യാസം നൽകുക എന്നീ കാര്യങ്ങൾ പറഞ്ഞ് യു.കെ, യു.എസ്.എ, കാനഡ, സ്വിറ്റ്സർലാന്റ്, ജർമ്മനി, തായ്വാൻ ആസ്ട്രേലിയ, ബഹറിൻ എന്നീ രാജ്യങ്ങളിൽ നിന്നും കോടിക്കണക്കിന് രൂപ ഈ ട്രസ്റ്റിന്റെ അക്കൗണ്ടിലേക്ക് ഒഴുകുന്നുണ്ടായിരുന്നു. ഈ പണത്തിനും മോദിയുടെ നോട്ട് നിരോധനം കുറവ് വരുത്തി.