കെപിസിസി അംഗങ്ങളുടെ പുതിയ പട്ടികയിൽ നൂറിലേറെ പുതുമുഖങ്ങൾ

കെപിസിസി അംഗങ്ങളുടെ പുതിയ പട്ടികയിൽ നൂറിലേറെ പുതുമുഖങ്ങൾ. ഇരുപതോളം വനിതകളും. 25 വയസ്സിൽ താഴെയുള്ളവർക്കും ഭേദപ്പെട്ട പ്രാതിനിധ്യം നൽകുന്നതാണ് പുതിയ പട്ടിക. എഐസിസി വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ മനസ്സറിഞ്ഞുള്ള പൊതുവെ ‘ചെറുപ്പം’ നിറഞ്ഞ പട്ടിക. എന്നാൽ ഇതിനെതിരെ വയസ്സർ പോരാട്ടത്തിലാണ്. ഗ്രൂപ്പ് വ്യത്യാസവും ഇക്കാര്യത്തിനില്ല. ഈ പട്ടിക പൊളിച്ചെഴുതണമെന്നാണ് ആവശ്യം. എഐ ഗ്രൂപ്പ് നേതൃത്വങ്ങൾ തയാറാക്കിയ പട്ടികയിൽ അതേസമയം ഗ്രൂപ്പുകൾക്കു പുറത്തുള്ള ചില നേതാക്കൾക്കു തൃപ്തിയില്ല.

തങ്ങളുടെ നോമിനികൾക്ക് ഉദ്ദേശിച്ച പ്രാതിനിധ്യം കിട്ടിയില്ലെന്നാണു പരാതി. ഇതു ശ്രദ്ധയിൽപെട്ടതോടെ കേന്ദ്രതിരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും അതൃപ്തിയിലാണ്. ഈ തർക്കങ്ങൾ കൂടി പരിഹരിച്ചാലേ പട്ടിക അന്തിമമാകൂ. 282 പേരുടെ പട്ടികയിൽ 70 വയസ്സിൽ കൂടുതലുള്ളവർ 15 പേർ മാത്രമെന്നാണ് സൂചന. 60-70 പ്രായപരിധിയിൽ അൻപതിൽ താഴെ പേരുണ്ട്. 50-60 പ്രായത്തിൽ 110 പേരും. ബാക്കിയെല്ലാവരും അൻപതിൽ താഴെ പ്രായക്കാർ. ദലിത് വിഭാഗത്തിൽ നിന്നു 15 പേർ. ഇരുപതോളം വനിതകളുണ്ടെങ്കിലും അതു 10% എത്തിയിട്ടില്ലെന്നും ശ്രദ്ധേയമാണ്. കൂടാതെ പാർലമെന്ററി പാർട്ടിയിലുള്ള 15 പേരും ഏഴു മുൻ കെപിസിസി പ്രസിഡന്റുമാരും ഈ പട്ടികയിൽ സ്വാഭാവികമായും അംഗങ്ങളാകും.

മുഴുവൻ എംപിമാരും എംഎൽഎമാരും കെപിസിസി ജനറൽ ബോഡിയിലുണ്ടാകും. ജനറൽ ബോഡിയിൽ നിന്നാണു നിർവാഹക സമിതിയെയും ഭാരവാഹികളെയും നിശ്ചയിക്കുക. കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പിനു തിരുവനന്തപുരം മുൻസിഫ് കോടതി പ്രഖ്യാപിച്ച സ്റ്റേ നീക്കുകയും തർക്കങ്ങൾ പരിഹരിക്കുകയും ചെയ്താൽ പട്ടിക ഡൽഹിയിൽ നിന്നു പുറത്തുവിടും. തുടർന്ന് ആ അംഗങ്ങൾ യോഗം ചേർന്നു പുതിയ കെപിസിസി പ്രസിഡന്റിനെ തീരുമാനിക്കാനുള്ള അധികാരം എഐസിസി പ്രസിഡന്റിനു കൈമാറി പ്രമേയം പാസാക്കും. ഒപ്പം 36 എഐസിസി അംഗങ്ങളെയും തിരഞ്ഞെടുക്കും. ഇക്കാര്യത്തിൽ ഹൈക്കമാൻഡ് നിർദേശമുണ്ടാകും.

അതിനിടെ എ-ഐ ഗ്രൂപ്പുകൾ തയ്യാറാക്കിയ കെപിസിസി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചു മുൻ കെപിസിസി പ്രസിഡന്റ് കെ.മുരളീധരനും കൊടിക്കുന്നിൽ സുരേഷ് എംപിയും രംഗത്തു വന്നു. തങ്ങളെക്കൂടി ചർച്ചാപ്രക്രിയയിൽ ഉൾപ്പെടുത്താൻ ഗ്രൂപ്പ് നേതാക്കൾ തയാറായില്ലെന്നു കോൺഗ്രസ് തിരഞ്ഞെടുപ്പ് അഥോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനുമായി നടത്തിയ കൂടിക്കാഴ്ചയിൽ അവർ പറഞ്ഞു. പട്ടിക മെച്ചപ്പെടുത്താനുള്ള നിർദേശങ്ങൾ മുരളീധരൻ മുല്ലപ്പള്ളിക്കു കൈമാറി. തന്റെ അഭിപ്രായങ്ങളും നിർദേശങ്ങളും കൊടിക്കുന്നിൽ ഇന്നു സമർപ്പിക്കും. പട്ടികജാതി വർഗ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

ഇന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ആന്റോ ആന്റണി എംപി എന്നിവരും തിരഞ്ഞെടുപ്പ് അഥോറിറ്റിയുമായി ചർച്ചയ്‌ക്കെത്തും. തമിഴ്‌നാട് പിസിസി പൊതുയോഗത്തിനുശേഷം തിരിച്ചെത്തുന്ന സംസ്ഥാന വരണാധികാരി സുദർശൻ നച്ചിയപ്പനും പങ്കാളിയാകും. ഇന്നു കേരള ചർച്ചകൾ പൂർത്തിയാക്കണമെന്നാണ് അഥോറിറ്റിയുടെ നിലപാട്. മറ്റു സംസ്ഥാനങ്ങളിൽ പിസിസിതലംവരെ തിരഞ്ഞെടുപ്പു പ്രക്രിയ പൂർത്തിയായി. തിരഞ്ഞെടുപ്പു ക്രമമനുസരിച്ചു പിസിസി പൊതുയോഗം നടത്തി ഭാരവാഹികളെ തിരഞ്ഞെടുക്കേണ്ട അവസാന ദിനം ചൊവ്വാഴ്ചയാണ്.