അമൃതാനന്ദമയി മഠത്തില്‍ വീണ്ടും ക്രൂരപീഡനം; അന്തേവാസിയായ അമേരിക്കന്‍ പൗരന്‍ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍; മാനസിക പ്രശ്‌നമെന്ന് പറഞ്ഞൊഴിഞ്ഞ് പൊലീസ്

അമൃതാനന്ദമയി മഠത്തില്‍ വീണ്ടും യുവാവിന് ക്രൂരമര്‍ദ്ദനം. മഠത്തിലെ അന്തേവാസിയായ അമേരിക്കന്‍ പൗരനായ മരിയോ സപ്പോട്ടോ എന്ന യുവാവിനാണ് ക്രൂരമര്‍ദ്ദനമേറ്റത്. ഇയാളെ ഐസിയുവില്‍ പ്രവേശിപ്പിച്ചതായും അപകടനില തരണം ചെയ്തിട്ടില്ലെന്നും തിരുവനന്തപുരം മെഡിക്കല്‍ കോളെജ് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞദിവസം അമൃതാനന്ദമയിയുടെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി മഠത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് എത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങള്‍ക്കിടെയാണ് മഠത്തില്‍ നിന്നുളള ആംബുലന്‍സില്‍ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ യുവാവിനെ അഡ്മിറ്റ് ചെയ്തതിന് പിന്നാലെ മഠത്തിലെ അധികൃതരും വാഹനവും ഉടന്‍ തന്നെ മടങ്ങുകയും ചെയ്തു.

ഐസിയുവില്‍ കഴിയുന്ന യുവാവിന്റെ ദേഹമാസകലം പരിക്കുകളുണ്ട്. അപകടനില തരണം ചെയ്തിട്ടുമില്ല. ശക്തമായ മര്‍ദനമേറ്റ പാടുകളാണ് ശരീരത്തില്‍. കരുനാഗപ്പളളി ആശുപത്രിയില്‍ മാനസിക പ്രശ്‌നങ്ങളോടെ യുവാവിനെ കൊണ്ടുവന്നെന്നും അവിടെ വെച്ച് ഇയാള്‍ അക്രമാസക്തനായെന്നും തുടര്‍ന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയതെന്നും കരുനാഗപ്പളളി പൊലീസ് അറിയിച്ചിട്ടുണ്ട്. അമേരിക്കന്‍ പൗരനായ യുവാവ് കഞ്ചാവിന് അടിമയായിരുന്നുവെന്നും കഞ്ചാവ് വലിച്ചശേഷം ആശ്രമത്തിലെ സ്ത്രീകളെ ആക്രമിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചതെന്നുമാണ് പൊലീസ് ഭാഷ്യം.

മാനസിക പ്രശ്‌നമുണ്ടെന്ന് കരുനാഗപ്പളളിയിലെ ഡോക്ടര്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് കളക്ടറും കമ്മീഷണറും നിര്‍ദേശിച്ച പ്രകാരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയതെന്നും കരുനാഗപ്പളളി എസ്‌ഐ ശിവകുമാര്‍ പറഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുവാവിന്റെ രണ്ടുകൈകളും കയര്‍കൊണ്ട് കൂട്ടിക്കെട്ടിയ പാടുകളും ശരീരത്തിലുണ്ട്. യുവാവിന്റെ ശരീരത്തിലെ പരുക്കുകള്‍ എങ്ങനെ ഏറ്റതാണെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും പൊലീസ് പറഞ്ഞു. സമാനമായ മര്‍ദ്ദനങ്ങളും മരണവും അമൃതാനന്ദമയി മഠത്തില്‍ നിന്നും നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ബീഹാര്‍ സ്വദേശി സത്‌നാംസിങ്ങിന്റെ മരണമാണ് ഇതില്‍ അവസാനത്തേത്. 012 ആഗസ്റ്റ് ഒന്ന് ബുധനാഴ്ചയാണ് ബീഹാര്‍ സ്വദേശിയായ ഇരുപത്തിയെട്ട് വയസുള്ള നിയമവിദ്യാര്‍ഥി സത്നാംസിങ് വള്ളിക്കാവിലെ അമൃതാനന്ദമയിയുടെ അമൃതപുരി ആശ്രമത്തില്‍ എത്തുന്നത്. തുടര്‍ന്ന് അമൃതാനന്ദമയി കടന്നു വരുമ്പോള്‍ പരിഭ്രാന്തി പരത്തിയെന്നാരോപിച്ച് അംഗരക്ഷകര്‍ സത്നാം സിങ്ങിനെ മര്‍ദിക്കുകയായിരുന്നു. ശേഷം കരുനാഗപ്പള്ളി പോലീസ് കസ്റ്റഡിയിലെടുക്കുകയും അടുത്ത ദിവസം പേരൂര്‍ക്കട മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയും ചെയ്ത സത്നാംസിങ് തുടര്‍ന്ന് ശനിയാഴ്ച രാത്രിയോടെ മരിച്ചു.

ശരീരത്തില്‍ കണ്ട മുപ്പത്തഞ്ചോളം മുറിവുകളെ പറ്റി സത്നാം സിങ്ങിന്റെ അടുത്ത ബന്ധു വിമല്‍ കിഷോര്‍ അന്നുതന്നെ ആരോപണം ഉന്നയിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്ന് ആരംഭിച്ച പോലീസ് അന്വേഷണമാകട്ടെ എങ്ങുമെത്തിയില്ല. തുടര്‍ന്ന് അമൃതാനന്ദമയി മഠത്തെയും, കരുനാഗപ്പളളി പോലീസിനെയും അന്വേഷണപരിധിയില്‍ നിന്ന് ഒഴിവാക്കുകയും കേസ് അട്ടിമറിച്ചെന്ന ആരോപണങ്ങളും ഉണ്ടായി. മഠത്തിലെ ദുരൂഹമരണങ്ങളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന ആവശ്യവും ശക്തമാണ്.