കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ടീമിനെ ഒന്നുമില്ലായ്മയില്‍ നിന്ന് ഉന്നതിയില്‍ എത്തിച്ചതിനു പിന്നില്‍ പ്രവര്‍ത്തിച്ചത് താര സുന്ദരി

തെന്നിന്ത്യന്‍ താര സുന്ദരി രമ്യയെ അറിയാത്തവര്‍ ചുരുക്കമാണ്. എന്നാല്‍ ദിവ്യ സ്പന്ദന എന്ന രമ്യ യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയപ്പോള്‍ ഇവര്‍ക്ക് ഇവിടെന്ത് കാര്യമെന്നു നെറ്റി ചുളിച്ചവര്‍ക്കെല്ലാം തെറ്റി. ഇപ്പോള്‍ ഡിജിറ്റല്‍ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് സൂപ്പര്‍ സ്ട്രാറ്റജിയാണ് പയറ്റുന്നത്. അതിനു പിന്നില്‍ ഈ നായിക തന്നെയാണ്. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ ടീമിനെ ഒന്നുമില്ലായ്മയില്‍ നിന്ന് ഇപ്പോഴത്തെ അഗ്രസീവ് സ്റ്റേജില്‍ എത്തിച്ചത് രമ്യയുടെ മിടുക്കാണെന്ന കാര്യത്തില്‍ ഇപ്പോള്‍ ആര്‍ക്കും രണ്ടഭിപ്രായമില്ല.

ഇക്കഴിഞ്ഞ മേയ് മാസത്തില്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ സോഷ്യല്‍, ഡിജിറ്റല്‍ മീഡിയ കാംപെയ്ന്‍ ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധി രമ്യയെ നിയോഗിച്ചത്. ആറു മാസത്തിനുള്ളില്‍ തന്നെ അതിന്റെ ഫലവും കണ്ടുതുടങ്ങി. ഇന്ന് കോണ്‍ഗ്രസ് അനുയായികളും എതിരാളികളും ശ്രദ്ധിക്കുന്ന തരത്തിലേക്ക് ട്വിറ്ററും ഫേസ്ബുക്കും ഉള്‍പ്പടെയുള്ള അവരുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ മാറി. കോണ്‍ഗ്രസിന്റെ ഡിജിറ്റല്‍ വാര്‍ റൂമിലേക്ക് രമ്യ കടന്നുവരുമ്പോള്‍ ഉണ്ടായിരുന്നത് മൂന്നു വനിതകള്‍ മാത്രം, എന്നാല്‍ ഇപ്പോള്‍ ആ വിഭാഗത്തില്‍ ജോലി ചെയ്യുന്ന 85 ശതമാനം പേരും വനിതകള്‍ തന്നെ. സ്ത്രീ ശാക്തീകരണവും കൂടി രമ്യ ഇതിലൂടെ ലക്ഷ്യമിട്ടു.

സ്ത്രീകള്‍ക്ക് കാര്യങ്ങള്‍ വ്യത്യസ്ഥമായി ചെയ്യാനും ചിന്തിക്കാനും സാധിക്കുമെന്നാണ് രമ്യയുടെ അഭിപ്രായം. ട്രോളുകളെയും വ്യാജവാര്‍ത്തകളെയും എങ്ങനെ പ്രതിരോധിക്കാം എന്നതായിരുന്നു രമ്യയുടെ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളി. എന്നാല്‍ രമ്യ അത് ഫലവത്തായി തന്നെ നടപ്പാക്കി. വീഡിയോഗ്രാഫര്‍മാര്‍, കണ്ടന്റ് റൈറ്റര്‍മാര്‍, ഡാറ്റ ഗവേഷകര്‍ തുടങ്ങിയവരെ ഉപയോഗപ്പെടുത്തിയാണ് രമ്യ കോണ്‍ഗ്രസിനായി പോസ്റ്റുകള്‍ രൂപീകരിച്ച് ഇന്റര്‍നെറ്റില്‍ വൈറലാക്കുന്നത്. രാഹുല്‍ ഗാന്ധി ഇപ്പോള്‍ ട്വിറ്റര്‍ ഉള്‍പ്പടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങളില്‍ സജീവമായതും കൂടുതല്‍ ജനങ്ങളുടെ പിന്തുണ ലഭിക്കുന്നതും പുതിയ ഡിജിറ്റല്‍ സ്ട്രാറ്റജിയുടെ കൂടെ ഫലമായിട്ടാണ്. രാഹുല്‍ ഗാന്ധിയുടെ ട്വിറ്റര്‍ ഫോളോവേഴ്സിന്റെ എണ്ണം ഇപ്പോള്‍ 3.66 ദശലക്ഷം ആയി വര്‍ധിച്ചിട്ടുമുണ്ട്. അടുത്ത പൊതുതെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കോണ്‍ഗ്രസിനെ ഡിജിറ്റല്‍ മാധ്യമരംഗത്ത് അവിഭാജ്യഘടകമാക്കി മാറ്റുകയാണ് രമ്യയുടെ ലക്ഷ്യം.