അഞ്ച് പേര്‍ ഒരു ബൈക്കില്‍; കൈ കൂപ്പി പൊലീസുകാര‌ന്‍..!

ആവശ്യമായ മുന്‍കരുതലുകള്‍ അവഗണിച്ചുകൊണ്ടുള്ള വാഹനയാത്രകള്‍ പലപ്പോഴും അപകടം ക്ഷണിച്ചുവരുത്തും. ഇവിടെ ഇതാ, അ‍ഞ്ച് പേരടങ്ങുന്ന കുടുംബം ഒരു ബൈക്കില്‍ വരുന്നത് കണ്ട് അവര്‍ക്കു മുന്നില്‍ കൈ കൂപ്പി നില്‍ക്കുകയാണ് ഒരു പൊലീസുകാരന്‍.  ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

ഒറ്റ നോട്ടത്തില്‍ ചിരിപ്പിക്കുമെങ്കിലും ഏറെ ചിന്തിപ്പിക്കുന്നതാണ് ഈ ചിത്രം. ആന്ധ്രപ്രദേശിലെ അനന്തപുരയിലാണ് സംഭവം. മഡകാസിര സര്‍ക്കിള്‍ ഇന്‍സ്പെക്ടറായ ബി ശുഭ്കുമാറാണ് ചിത്രത്തില്‍. ബൈക്കിലെ ടാങ്കിനു മുകളില്‍ രണ്ട് കുട്ടികളെയും പുറകില്‍ ഭാര്യയെയും ബന്ധുവിനെയുമിരുത്തി വരുകയായിരുന്നു കെ ഹനുമന്തരയടു എന്ന യാത്രക്കാരന്‍. ഇയാള്‍ ഹെല്‍മറ്റ് പോലും ധരിച്ചിരുന്നില്ല. ബൈക്ക് തടഞ്ഞുനിര്‍ത്തിയെങ്കിലും എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായതയോടെ കൈകൂപ്പി നില്‍ക്കുകയാണ് പൊലീസുകാരന്‍.

എന്തുകൊണ്ടാണ് അവര്‍ക്കുന്നില്‍ അങ്ങിനെ നിന്നതെന്ന ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെ; ‘റോഡ് സുരക്ഷയെ കുറിച്ച് ഒന്നര മണിക്കൂര്‍ ബോധവത്കരണം നടത്തി വരുന്ന വഴിയായിരുന്നു ഞാന്‍. ആ ബോധവത്കരണ പരിപാടിയില്‍ ഈ ബൈക്ക് ഓടിക്കുന്ന ഹനുമന്തരയടുവും ഉണ്ടായിരുന്നു. പക്ഷെ ഇതേയാള്‍ നാലു പേരെ ഇരുത്തി അപകടകരമാം വിധം ബൈക്കില്‍ വരുന്ന കാഴ്ച കണ്ട് ഞാന്‍ സ്തബ്ധനായിപ്പോയി. നിരാശ കൊണ്ട് നിസ്സാഹായനായി ഞാന്‍ അവര്‍ക്ക് മുന്നില്‍ കൈകൂപ്പി നിന്നു പോവുകയായിരുന്നു.’

തീര്‍ത്തും നിരുത്തവാദപരമായാണ് അയാള്‍ പെരുമാറിയതെന്നും ഇന്‍സ്പെക്ടര്‍ പറയുന്നു. കുട്ടികളെ ഫ്യുവല്‍ ടാങ്കിനു മുകളില്‍ ഇരുത്തിയതിനാല്‍ ബൈക്കിന്റെ ഹാന്‍ഡില്‍ പോലും നിയന്ത്രിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞിരുന്നില്ല. ഹെല്‍മെറ്റ് പോലും ഉപയോഗിച്ചിരുന്നില്ല.’