സോളാര്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതര ആരോപണങ്ങള്‍, പാര്‍ട്ടി ചര്‍ച്ച ചെയ്യണമെന്ന് വിഡി സതീശന്‍

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലുള്ളത് ഗുരുതരമായ ആരോപണങ്ങളെന്ന് കെപിസിസി വൈസ് പ്രസിഡന്റ് വിഡി സതീശന്‍. ഗൗരവത്തോടെയാണ് ഇക്കാര്യങ്ങളെ കാണുന്നത്. ഇതു സംബന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടി ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ടെന്ന് സതീശന്‍ പറഞ്ഞു.

ഗുരുതരമായ ആരോപണങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. അതിനെ ഗൗരവത്തോടെ തന്നെ കാണണം. ഇതു സംബന്ധിച്ച തന്റെ അഭിപ്രായം കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ പറയും. രാഷ്ട്രീയകാര്യ സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യണം. ആരോപണ വിധേയര്‍ക്ക് റിപ്പോര്‍ട്ട് ലഭ്യമാക്കാത്തതിലൂടെ സര്‍ക്കാര്‍ സ്വാഭാവിക നീതി നിഷേധിച്ചെന്ന് സതീശന്‍ കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സോളാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആരായുക മാത്രമാണ് ചെയ്തത്. ഹൈക്കമാന്‍ഡ് പിന്തുണ ഉണ്ടെന്ന കെപിസിസി പ്രസിഡന്റ് എംഎം ഹസന്റെ പ്രസ്താവനയെക്കുറിച്ച് അദ്ദേഹത്തിനേ അറിയൂ. ഹൈക്കമാന്‍ഡ് ഇക്കാര്യത്തില്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും സതീശന്‍ വ്യക്തമാക്കി.

ഹര്‍ത്താലിന് എതിരായ തന്റെ നിലപാടില്‍ മാറ്റമില്ലെന്ന് സതീശന്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇന്നലെ യുഡിഎഫ് നടത്തിയ ഹര്‍ത്താലുമായി താന്‍ സഹകരിച്ചില്ലെന്നും സതീശന്‍ വിശദീകരിച്ചു.