പാനമ രേഖകള്‍ പുറത്തുകൊണ്ടുവന്ന മാധ്യമപ്രവര്‍ത്തക മാള്‍ട്ടയില്‍ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു

മാള്‍ട്ടയില്‍ ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച പാനമ രേഖകള്‍ പുറത്തു കൊണ്ടു വന്നവരില്‍ ഒരാളായ പ്രശസ്ത മാധ്യമപ്രവര്‍ത്തക ദാഫ്നെ കരുവാന ഗലീസിയ കാര്‍ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടു. മാള്‍ട്ടയിലെ അന്വേഷണാത്മക മാധ്യമപ്രവര്‍ത്തനത്തിലെ പേര് കേട്ട മാധ്യമപ്രവര്‍ത്തകയാണ് ഗസീലിയ.

സ്വന്തം വീട്ടില്‍ നിന്ന് ഉത്തര മാള്‍ട്ടയിലൂടെ കാറില്‍ സഞ്ചരിക്കവേയാണ് കാറിനടിയില്‍ ഘടിപ്പിച്ച ബോംബ് പൊട്ടി മരിച്ചത്. തത്ക്ഷണം കാര്‍ നിരവധി കഷ്ണങ്ങളായി പൊട്ടിത്തെറിച്ചെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ‘റണ്ണിങ് കമന്ററി’ എന്ന സ്വതന്ത്ര വാര്‍ത്താ ബ്ലോഗ് നടത്തുകയായിരുന്നു ഗസീലിയ. മാള്‍ട്ടയിലെ പത്രങ്ങളെക്കാളും ഏറെ വായനക്കാരാണ് ഈ ബ്ലോഗിന് ഉണ്ടായിരുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

രാഷ്ട്രീയ നേതാക്കളുടെ അടക്കം വന്‍ തോതിലുളള അഴിമതിയുടെ കഥകള്‍ ഈ വെബ്സൈറ്റ് വഴിയാണ് ഗസീലിയ പുറത്തുവിട്ടത്. മാള്‍ട്ടീസ് പ്രധാനമന്ത്രി ജോസഫ് മസ്കറ്റിനെതിരെ ദുഷ്പ്രവര്‍ത്തികളുടെ പേരില്‍ ഈ വര്‍ഷം ആദ്യം ഗസീലിയ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. പത്ര സ്വാതന്ത്രത്തിനെതിരായ പൈശാചിക നടപടിയാണ് ഗസീലിയയുടെ കാലപാതകമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.

തന്റെ ഏറ്റവും വലിയ വിമര്‍ശകയാണ് അവരെന്നും എന്നാല്‍ കൊലപാതത്തിന് പിന്നിലുളളവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തോട് സമാനമാണ് ഇതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.