‘ദ വയറിന്’ വിലക്ക്: അമിത് ഷായുടെ മകനെതിരെ വാര്‍ത്ത കൊടുക്കരുതെന്ന് ഉത്തരവ്

ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ മകന്റെ വരുമാനത്തിലെ അസാധാരണ വര്‍ധന വിവരം പുറത്തുകൊണ്ടുവന്ന ‘ദ വയര്‍’ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലിന് കോടതിയുടെ വിലക്ക്. ജെയ്ഷായുമായി ബന്ധപ്പെട്ട് പ്രത്യക്ഷമായോ പരോക്ഷമായോ ഉളള ഒരു വാര്‍ത്തയും നല്‍കരുതെന്നാണ് അഹമ്മദാബാദ് സിവില്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. ജെയ്ഷായുടെ മാനനഷ്ടക്കേസിലാണ് കോടതിയുടെ നടപടി.

അതേസമയം ജെയ്ഷായുടെ അഭിഭാഷകന്റെ വാദം മാത്രം കേട്ടാണ് കോടതി നടപടി സ്വീകരിച്ചതെന്ന് ‘ദ വയര്‍’ അറിയിച്ചു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും വസ്തുതാപരമായ പിശകുളളതായി കോടതി ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും വയര്‍ ചൂണ്ടിക്കാട്ടി. തങ്ങളോട് വിശദീകരണം ഒന്നും ചോദിച്ചില്ലെന്നും ഏകപക്ഷീയമായ നടപടിക്കെതിരെ മേല്‍ക്കോടതിയെ സമീപിക്കുമെന്നും വയര്‍ വ്യക്തമാക്കി.

തന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വരുമാനം 16,000 മടങ്ങ് വർദ്ധിച്ചെന്ന വാർത്ത നൽകിയ സ്ഥാപനത്തിനെതിരെ ജയ് ഷാ ആണ് മാനനഷ്ടക്കേസ് നൽകിയിരുന്നത്. വാർത്ത നൽകിയ ഓൺലൈൻ മാധ്യമത്തിലെ എഡിറ്ററടക്കം ഏഴ് പേർ 100 കോടി നഷ്ടപരിഹാരം നൽകണമെന്നാവശ്യപ്പെട്ട് അഹമ്മദാബാദ് മെട്രോപൊളിറ്റൻ കോടതിയിലായിരുന്നു ജയ് ഷാ പരാതി നൽകിയത്.

മാര്‍ച്ച് 2015ല്‍ 50,000രൂപ ലാഭമുണ്ടായ ജയ്‌ ഷായുടെ കമ്പനിയായ ടെമ്പിള്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡിനു 2015-16 വര്‍ഷമാവുമ്പോഴേക്കും ലാഭം 16,000 ഇരട്ടിയായി വര്‍ദ്ധിച്ച് 80.5 കോടിയായി എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്. കെഐഎഫ്എസ് എന്ന സാമ്പത്തിക സേവനദായകരില്‍ നിന്നും ഉറപ്പുപത്രം ഒന്നും വെക്കാതെ 15.78 കോടി രൂപയുടെ വായ്പ്പയും ലഭിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

റിപ്പോര്‍ട്ടിനു മറുപടിയായി ജയ്‌ ഷായുടെ വക്കീല്‍ ദി വയറിനു മറുപടി നല്‍കി. റിപ്പോര്‍ട്ടില്‍ പറയുന്നത് പോലെ 2015-16 സാമ്പത്തിക വര്‍ഷത്തില്‍ ജയ്‌ അമിത്ഷായുടെ കമ്പനിക്കുണ്ടായ ലാഭത്തില്‍ അസ്വാഭാവികതകള്‍ ഒന്നുമില്ലെന്ന് പറഞ്ഞ വക്കീല്‍. കാര്‍ഷിക ഉത്പന്നങ്ങളായ കടല, സോയാ ബീന്‍, മല്ലി, അരി, ഗോതമ്പ്, ചോളം തുടങ്ങിയവയൊക്കെ കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയെ സംബന്ധിച്ച് 80 കോടി രൂപയുടെ വിപണി ‘അസ്വാഭാവികമേയല്ല’ എന്നും കൂട്ടിചേര്‍ത്തു.

ദി വയറിന്‍റെ റിപോര്‍ട്ടില്‍ ജയ്‌ ഷായുടെ തന്നെ മറ്റൊരു കമ്പനിയായ കുസും ഫിനിസര്‍വിനെ കുറിച്ചും പറയുന്നുണ്ട്. കുസും ഫിനിസര്‍വിനു 2014-15 സാമ്പത്തിക വര്‍ഷത്തില്‍ 2.6 കോടി രൂപ നിക്ഷേപമായും മറ്റൊരു 4.9 കോടി രൂപ ഉറപ്പുപത്രം കൈപ്പറ്റാതെ കടമായി നല്‍കിയതായും റിപ്പോര്‍ട്ട് പറയുന്നു.