യുവത്വത്തിന് പ്രാധാന്യം നല്‍കി യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു

യുവത്വത്തിന് പ്രാധാന്യം നല്‍കി യുഎഇ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് മന്ത്രിസഭ പുനഃസംഘടിപ്പിച്ച് പുതിയ വകുപ്പുകള്‍ പ്രഖ്യാപിച്ചത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പ്രത്യേക വകുപ്പായി ഉള്‍പ്പെടുത്തിയതാണ് ഒരു സുപ്രധാന തീരുമാനം. യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനുമായും അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായും കൂടിയാലോചിച്ചശേഷമാണ് മന്ത്രിസഭ പുനഃസംഘടിപ്പിക്കുന്നതെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചു. യുഎഇ സെന്റണിയല്‍ പദ്ധതി 2071ന്റെ മുന്നോടിയായി നടന്ന വാര്‍ഷിക സമ്മേളനങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭയില്‍ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനമായതെന്നും ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു. പുനഃസംഘടനവഴി കൂടുതല്‍ യുവാക്കള്‍ മന്ത്രിസഭയിലെത്തുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുപത്തിയേഴുകാരനായ ഒമര്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെയാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വകുപ്പിന്റെ മന്ത്രിയായി നിയമിച്ചത്. വരുംതലമുറകള്‍ക്ക് മെച്ചപ്പെട്ട ഭാവി ഉറപ്പാക്കാന്‍ ശാസ്ത്രം, സാങ്കേതികവിദ്യ എന്നിവയ്ക്കും പുതിയ മന്ത്രിസഭ ഊന്നല്‍ നല്‍കിയിട്ടുണ്ട്. നൂതന ശാസ്ത്രമാണ് മറ്റൊരു പുതിയവകുപ്പ്. മുപ്പതുകാരിയായ സാറ അല്‍ അമീറിക്കാണ് ഈ വകുപ്പിന്റെ ചുമതല. ഭക്ഷ്യസുരക്ഷാ മന്ത്രിയായി മറിയം അല്‍ മെഹിരി നിയമിതയായി. സാമൂഹിക വികസന മന്ത്രിയായി ശൈഖ് മുഹമ്മദ് നിയമിച്ചത് ഹെസ്സ ബിന്‍ത് ഈസ ബു ഹുമൈദിനെയാണ്. മനുഷ്യ വിഭവശേഷിസ്വദേശിവത്കരണ മന്ത്രിയായി നാസ്സര്‍ ബിന്‍ താനി അല്‍ ഹമേലി നിയമിതനായി. ഉന്നതവിദ്യാഭ്യാസമന്ത്രി അഹമ്മദ് അബ്ദുല്ല ഹുമൈദ് ബെല്‍ ഹോള്‍ അല്‍ ഫലസിക്ക് ‘അഡ്വാന്‍സ്ഡ് സ്‌കില്‍സ്’ എന്ന പുതിയ വകുപ്പിന്റെ ചുമതലകൂടി നല്‍കാനും തീരുമാനമായി. സഹിഷ്ണുതാ വകുപ്പിന്റെ പുതിയ അമരക്കാരനായി പ്രഖ്യാപിച്ചിരിക്കുന്നത് ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാനെയാണ്. നൂറ അല്‍ കഅബിയാണ് പുതിയ സാംസ്‌കാരികവൈജ്ഞാനിക വികസന മന്ത്രി.