വി.എസ് ഇന്ന് 95 ലേക്ക്

തിരുവനന്തപുരം: മുതിർന്ന നേതാവും ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദൻ ഇന്ന് 94 വയസ് പൂർത്തിയാക്കി 95-ാം വയസിലേക്ക് കടക്കുന്നു. പിറന്നാളിന് ആഘോഷമായൊന്നുമില്ല. വീട്ടുകാർക്കൊപ്പം ഔദ്യോഗികവസതിയായ കവടിയാർ ഹൗസിൽ ഉച്ചയൂണ്. ഉച്ചയൂണിന് അധികമായി പായസമുണ്ടാകും. എല്ലാ ദിവസത്തെയും പോലെയാണ് ഇന്നും വി.എസിന്. വൈകിട്ട് പ്രസ്ക്ലബിൽ ഒരു പുസ്തകപ്രകാശനച്ചടങ്ങുണ്ട്. ഇരിഞ്ചയം രവി രചിച്ച ഗുരുമാനസം എന്ന നോവലിന്റെ പ്രകാശനം.
1923 ഒക്ടോബർ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദന്റെ ജനനം. നാലാം വയസിൽ അമ്മയെയും 11-ാം വയസിൽ അച്ഛനെയും നഷ്ടപ്പെട്ടു. 7-ാം വയസിൽ പഠനം നിറുത്താൻ നിർബന്ധിതനായ അച്യുതാനന്ദൻ പിന്നീട് ജ്യേഷ്ഠന്റെ തയ്യൽക്കടയിൽ സഹായിയായി. കുട്ടനാട്ടിലെ കർഷകത്തൊഴിലാളികളെയും കയർത്തൊഴിലാളികളെയും സംഘടിപ്പിച്ചുകൊണ്ടാണ് രാഷ്ട്രീയരംഗത്തേക്ക് വി.എസ് കടക്കുന്നത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ദേശീയ കൗൺസിലിൽ നിന്നിറങ്ങിപ്പോന്ന 32 പേരിൽ ജീവിച്ചിരിക്കുന്ന ഒരേയൊരാൾ വി.എസ് ആണ്.