റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പുട്ടിനെ വെല്ലുവിളിച്ച് സുന്ദരി സീനിയ

മോസ്‌കോ: വരുന്ന റഷ്യൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വ്‌ളാഡിമിർ പുട്ടിന് വെല്ലുവിളി ഉയർത്തി അദ്ദേഹത്തിന്റെ രാഷ്ട്രീയ ഗുരുവിന്റെ മകളും പ്രശസ്ത മോഡലും ടെലിവിഷൻ താരവുമായ സീനിയ സോബ്‌ചെക് തന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു.
റഷ്യയിലെ പാരിസ് ഹിൽട്ടൺ എന്ന് അറിയപ്പെടുന്ന സീനിയ ടെലിവിഷനിലെ വിനോദ പരിപാടികളിൽ നിറസാന്നിദ്ധ്യമാണ്. സുന്ദരിയായ സീനിയയുടെ താരപരിവേഷം റഷ്യൻ രാഷ്‌ട്രീയത്തെ ഷോക്കടിച്ചതുപോലെ ഉണർത്തിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. അടുത്ത വർഷം മാർച്ചിൽ നടക്കുന്ന തിരഞ്ഞെടുപ്പിൽ പുട്ടിൻ വീണ്ടും മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് 36 കാരിയായ സീനിയ ബുധനാഴ്‌ച സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്.

പഴയ സോവിയറ്റ് കാലത്തിന് ശേഷം സെന്റ്പീറ്റേഴ്‌സ്‌ബെർഗിൽ ബാലറ്റിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മേയറാണ് സീനിയയുടെ പിതാവ് അനറ്റോളി സോബ്‌ചെക്. 2003ൽ മരണമടഞ്ഞ അദ്ദഹമാണ് തൊണ്ണൂറുകളിൽ വ്‌ളാഡിമിർ പുട്ടിനെ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. സീനിയയുടെ അമ്മ പാർലമെന്റ് അംഗമായിരുന്നു. മാതാപിതാക്കളുടെ രാഷ്ട്രീയ പാരമ്പര്യമുണ്ടായിട്ടും സീനിയ വിനോദ വ്യവസായത്തിലേക്ക് തിരിയുകയായിരുന്നു.

ഡോം 2 എന്ന എരിപിരി ഡേറ്റിംഗ് റിയാലിറ്റി ഷോ ഉൾപ്പെടെ നിരവധി പരിപാടികളുടെ അവതാരകയായി. മോഡലായും ഫാഷൻ ഡിസൈനറായും തിളങ്ങി. ‘തീവ്‌സ് ആൻഡ് പ്രോസ്റ്റിറ്റ്യൂട്ട്’ ഉൾപ്പെടെ നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കോടികളുടെ സമ്പത്തിന്റെ ഉടമയാണ്. നിരവധി പ്രണയകഥകളിലെ നായികയുമാണ്. അഞ്ച് വർഷം മുൻപ് ഇലിയ യാഷിൻ എന്ന പ്രതിപക്ഷ നേതാവുമായുള്ള സീനിയയുടെ ബന്ധം വിവാദമായിരുന്നു. അവർ പിന്നീട് പിരിഞ്ഞു.

1999 മുതൽ പ്രസിഡന്റായും പ്രധാനമന്ത്രിയായും റഷ്യൻ രാഷ്ട്രീയം കൈപ്പിടിയിലൊതുക്കിയ പുട്ടിന്‍ യുവാക്കളുടെ പിന്തുണയുള്ള സീനിയ കടുത്ത വെല്ലുവിളിയായേക്കും.പുടിൻ പക്ഷത്ത് നിന്ന് സീനിയക്കെതിരെ നീക്കം ശക്തമാണ്. ഒരു വനിതാ പ്രസിഡന്റിനെ ഉൾക്കൊള്ളാൻ റഷ്യയുടെ രാഷ്‌ട്രീയ മനസ് പാകമായിട്ടുണ്ടോ എന്നത് ഇനി വേണം അറിയാൻ.