ഷെറിനെ കിട്ടിയാലും വെസ്‌ലിയെ കാത്തിരിക്കുന്നത് 20 വർഷം തടവ്!

അമേരിക്കയില്‍ മലയാളിയുടെ വളര്‍ത്തുമകളെ കാണാതായ സംഭവത്തില്‍ വളര്‍ത്തച്ഛന്‍ വെസ്ലിക്ക് 20 വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കും. മാത്യുവിന്റെ കാറില്‍ നിന്നും ചില നിര്‍ണ്ണായക വിവരങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയതായി സൂചന. അതേസമയം കാണാതായി രണ്ടാഴ്ച കഴിഞ്ഞിട്ടും കുട്ടിയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചിട്ടില്ല. കാര്‍ കേന്ദ്രീകരിച്ച് നടക്കുന്ന അന്വേഷണങ്ങളില്‍ കിട്ടിയ തെളിവുകള്‍ നിര്‍ണ്ണായകമായേക്കും എന്ന സൂചനയുണ്ടെങ്കിലും ഇതു സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാന്‍ എഫ്ബിഐ മടി കാണിക്കുകയാണ്.

പാലു കുടിക്കാത്തതിനു ശിക്ഷയായി പുലര്‍ച്ചെ മൂന്നിനു കുഞ്ഞിനെ പുറത്തിറക്കി നിര്‍ത്തിയെന്നും 15 മിനിറ്റ് കഴിഞ്ഞപ്പോള്‍ കാണാനില്ലെന്നുമാണു വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിന്റെ മൊഴി. കുഞ്ഞിനെ അപകടകരമായ നിലയില്‍ വീടിനു വെളിയില്‍ ഉപേക്ഷിച്ചുവെന്നു വെസ്ലി സമ്മതിച്ചിരുന്നു. 20 വർഷം വരെ ജയില്‍ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പൊലീസ് പിടിച്ചെടുത്ത വെസ്ലി മാത്യുവിന്റെ ലാപ്‌ടോപ്പില്‍നിന്നും ചില തെളിവുകള്‍ കിട്ടിയിട്ടുണ്ട്.

വെസ്ലി കുറ്റക്കാരനാണെന്നോ അല്ലെന്നോ പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഭാര്യ സിനി മാത്യൂസ് നിരപരാധിയാണെന്നാണു പൊലീസ് നിഗമനം. കുട്ടിയെ പുറത്തേക്കു കൊണ്ടുപോകുന്ന സമയത്ത് സിനി ഉറക്കത്തിലായിരുന്നു. അഞ്ചുമണിക്കൂര്‍ മകളെ തിരഞ്ഞതിനാലാണു പൊലീസിനെ അറിയിക്കാന്‍ വൈകിയതെന്നും കുഞ്ഞിനെ നിര്‍ത്തിയ സ്ഥലത്തു കുറുക്കന്മാര്‍ ഇടയ്ക്കു വന്നുപോകാറുള്ളതാണെന്നും വെസ്ലി പറഞ്ഞിട്ടുണ്ട്. മകളെ സ്‌നേഹത്തോടെയാണ് സംരക്ഷിച്ചിരുന്നതെന്നു തന്നെയാണ് ഇയാളുടെ മൊഴി. വെളിയില്‍ കൊണ്ടു നിര്‍ത്തിയ കുഞ്ഞ് തനിച്ച് പോന്നോളും എന്നാണ് കരുതിയത്. 15 മിനിറ്റ് കഴിഞ്ഞും കാണാതെ വന്നപ്പോളാണ് പുറത്തുചെന്ന് നോക്കിയത്.

ഷെറിന് തൂക്കം കുറവായതുകൊണ്ടാണ് പാല്‍ കുടിക്കാന്‍ നിര്‍ബന്ധിച്ചത്. കുഞ്ഞിന് പ്രായത്തിനനുസരിച്ച് തൂക്കം ഇല്ലാത്തത് അവിടെ കുറ്റകരമാണ്. മൂന്നടി ഉയരമുള്ള കുഞ്ഞിന് 22 പൗണ്ടായിരുന്നു തൂക്കം. കാഴ്ചയും കുറവായിരുന്നു. പ്രായത്തിന്റെ സംസാരശേഷിയും ഇല്ലായിരുന്ന കുഞ്ഞിനെ അതുകൊണ്ടു തന്നെ നിശ്ചിത ഇടവേളകളില്‍ പരിശോധനയ്ക്കു ഹാജരാക്കണമായിരുന്നു. ഈ മാസം ഏഴിന് പുലര്‍ച്ചേ മൂന്നോടെയാണ് പാല്‍ കുടിച്ചില്ല എന്ന കുറ്റത്തിന് വീടിന് പിന്നില്‍ നൂറടി ദൂരെയുള്ള മരത്തിനടിയില്‍ കൊണ്ടുപോയി വെസ്ലി കുഞ്ഞിനെ നിര്‍ത്തിയത്.

ചെന്നായ ശല്യമുണ്ടെന്നറിഞ്ഞിട്ടും ഇവിടെ കുഞ്ഞിനെ നിര്‍ത്തിയതിന് വിശ്വസിനീയ മറുപടിയില്ല. സ്വന്തം കുഞ്ഞിനെ കാണാതാകുമ്പോള്‍ പിതാവിനുണ്ടാകുന്ന മാനസികവ്യഥ വെസ്ലിയില്‍ പ്രകടമായില്ലെന്നതും പൊലീസിന്റെ സംശയങ്ങള്‍ ബലപ്പെടുത്തി. ഷെറിനെ വെസ്ലിയും സിനിയും ചേര്‍ന്ന് ബിഹാറിലെ ഗയയില്‍നിന്നാണു ദത്തെടുത്തത്. ഒന്നര വയസുള്ളപ്പോള്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് അന്നു സരസ്വതി എന്നായിരുന്നു പേര്. 2015 ഫെബ്രുവരി നാലിന് സന്നദ്ധ സംഘടനയ്ക്കു ലഭിച്ച കുട്ടിയെ നളന്ദയിലെ ബാലസംരക്ഷണകേന്ദ്രത്തില്‍ നിന്ന് കഴിഞ്ഞ ജൂണ്‍ 23നാണ് വെസ്്‌ലിയും സിനിയും ദത്തെടുത്ത് അമേരിക്കയിലേക്കു കൊണ്ടുപോയത്.