അധ്യാപകന്റെ ലൈംഗിക അതിക്രമം… പിന്നാലെ പെണ്‍കുട്ടികള്‍ പ്രസവമുറിയില്‍, വിവാദം കത്തുന്നു…

ലൈംഗിക അതിക്രമത്തിന് ഇരയായ പെണ്‍കുട്ടികളെ പ്രസവമുറിയില്‍ കയറ്റി വൈദ്യ പരിശോധന നടത്തിയത് വിവാദമാവുന്നു. അധ്യാപകന്റെ പീഡനത്തിന് ഇരയായ വിദ്യാര്‍ഥിനികളെയാണ് വൈദ്യ പരിശോധനയുടെ പേരില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പ്രസവ മുറിയില്‍ കയറ്റിയത്. കോഴിക്കോട് ജില്ലയിലെ ഒരു സ്‌കൂളിലെ എല്‍പി സ്‌കൂളില്‍ പഠിക്കുന്ന 12 കുട്ടികളെയാണ് അധ്യാപകന്റെ ഭാഗത്തു നിന്നു മോശം അനുഭവമുണ്ടായത്. കുട്ടികളെ പ്രസവമുറിയില്‍ കയറ്റിയ കാര്യം രക്ഷിതാക്കളാണ് അറിയിച്ചത്.

അതിക്രമത്തിനിരയായ പെണ്‍കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കും മാനസികമായി െധെര്യം പകരാനായി സംഘടിപ്പിച്ച കൗണ്‍സലിങ്ങിനെത്തിയ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോടു രക്ഷിതാക്കള്‍ ഇക്കാര്യം പറഞ്ഞപ്പോഴാണ് വിവരം പുറത്തുവന്നത്.

രക്ഷിതാക്കള്‍ രേഖാമൂലം പരാതിപ്പെട്ടില്ലെങ്കിലും ചൈല്‍ഡ് ലൈന്‍ സംസ്ഥാന ബാലാവകാശ കമ്മിഷന് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.കുട്ടികളുടെ രഹസ്യഭാഗങ്ങളില്‍ സ്പര്‍ശിക്കുകയും മറ്റും ചെയ്‌തെന്ന രക്ഷിതാക്കളുടെ പരാതിയില്‍ അധ്യാപകനെ അറസ്റ്റ് ചെയ്തിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയുന്നതു സംബന്ധിച്ച പോക്‌സോ നിയമപ്രകാരം കേസെടുക്കുന്നതിനു വൈദ്യപരിശോധനാ റിപ്പോര്‍ട്ട് ആവശ്യമാണ്. ഇതിനായാണ് എല്ലാ കുട്ടികളെയും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊണ്ടുവന്നത്.

രഹസ്യ സ്വഭാവമുള്ള മുറിയില്‍ പരിശോധന നടത്തേണ്ട കാര്യമേ ഉണ്ടായിരുന്നുള്ളൂ എങ്കിലും കുട്ടികളെ വിശദ പരിശോധനയ്ക്കായി പ്രസവമുറിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. പ്രസവമുറിയിലെ കാഴ്ചകളുണ്ടാക്കിയ അസ്വാസ്ഥ്യം കുട്ടികള്‍ രക്ഷിതാക്കളെ അറിയിച്ചെങ്കിലും ആരും പരാതിപ്പെട്ടില്ല. ആശുപത്രി അധികൃതരുടെ ഗുരുതര വീഴ്ച ഇതോടെ പുറംലോകം അറിയാതെ പോയി. പിന്നീട് ചൈല്‍ഡ് ലൈന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം.പി. മുഹമ്മദലിയുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളില്‍ ബോധവല്‍ക്കരണ ക്ലാസ്സിന് എത്തിയപ്പോഴാണ് രക്ഷിതാക്കള്‍ വിവരം പറഞ്ഞത്.

അധ്യാപകന്റെ അതിക്രമത്തിന് ഇരയായതിനു പിന്നാലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അതിനേക്കാള്‍ വലിയ അതിക്രമമാണു നടന്നതെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ടു. പ്രസവമുറിയില്‍ കയറിയ കുട്ടികള്‍ക്ക് തലകറക്കം അനുഭവപ്പെട്ടെന്നും മേലില്‍ ഇത്തരം പരിശോധനകള്‍ക്ക് ഹാജരാകില്ലെന്നും അവര്‍ വ്യക്തമാക്കി. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആത്മവിശ്വാസം പകര്‍ന്നാണ് ചൈൽഡ് ലൈൻ സംഘം മടങ്ങിയത്.