പുത്തന്‍ ബൈക്കുമായി കറങ്ങാനിറങ്ങി, അമിതവേഗം മൂന്നു യുവാക്കളുടെ ജീവനെടുത്തു

പുതിയ ഡ്യൂക്ക് ബൈക്കുകളുമായി നാടു ചുറ്റാനിറങ്ങി, അപകടകത്തില്‍ പെട്ടു മൂന്നു സുഹൃത്തുക്കള്‍ മരിച്ച സംഭവത്തില്‍, രക്ഷപ്പെട്ടോടിയ ഏറ്റുമാനൂര്‍ സ്വദേശി വിലന്‍ മാത്യു തോമസിനെ (22) ഇന്നു പൊലീസിനു കൈമാറും.

വീട്ടുകാര്‍ തന്നെയാണ് ഇയാളെ പൊലീസില്‍ ഏല്പിക്കുക. ഇടുക്കി ഉടുമ്പന്നൂര്‍ ചീനക്കുഴി കല്ലൂര്‍ വീട്ടില്‍ നിധിന്‍ മോഹന്‍ (19) , ഏറ്റുമാനൂര്‍ തവളക്കുഴി സ്വദേശി അനില്‍ കെ.സ്റ്റീഫന്‍ (20), ഏറ്റുമാനൂര്‍ സ്വദേശി വിപിന്‍ സെബാസ്റ്റ്യന്‍ (23) എന്നിവരാണ് മരിച്ചത്.

ഇന്നു വെളുപ്പിന് എം.സി റോഡില്‍ ചെങ്ങന്നൂരിനും പന്തളത്തിനും ഇടയ്ക്ക് കാരയ്ക്കാട് വെട്ടിപ്പീടിക ജംഗ്ഷനിലായിരുന്നു അപകടം. ചെങ്ങന്നൂരില്‍ നിന്ന് പന്തളത്തേയ്ക്ക് രണ്ടു പുതിയ ബൈക്കുകളില്‍ നാലംഗ സംഘം യാത്ര ചെയ്യുകയായിരുന്നു. രണ്ടു ബൈക്കുകളും അമിത വേഗത്തിലായിരുന്നു.

ഇവര്‍ അതിവേഗത്തില്‍ വെട്ടിക്കയറി ഒരു ഒരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ടു ബൈക്ക് വാഹനത്തില്‍ തട്ടി മറിഞ്ഞു. തൊട്ടു പിന്നിലുണ്ടായിരുന്ന വിലന്‍ മാത്യു തോമസിന്റെ ബൈക്ക് അപകടത്തില്‍ പെട്ട ബൈക്കിലേക്ക് ഇടിച്ചു കയറി. ഇതിനിടെ നാലു പേരും തെറിച്ച് എതിരേ വന്ന കാറിനു മുന്നില്‍ വീണു. കാര്‍ കയറിയിറങ്ങിയാണ് മൂന്നുപേരും മരിച്ചത്.

അനില്‍ കെ.സ്റ്റീഫന്‍ നിധിന്‍ മോഹനും സംഭവ സ്ഥലത്തു തന്നെ മരിച്ചു. വിപിന്‍ സെബാസ്റ്റ്യന്‍ വണ്ടാനം മെഡിക്കല്‍ കോളേജില്‍ വച്ചാണ് മരിച്ചത്. തലയ്ക്കും ശരീരത്തിനും മുറിവേറ്റ വിലന്‍ മാത്യു കൂട്ടുകാരെ രക്ഷിക്കാന്‍ നില്ക്കാതെ ബൈക്കുമായി സ്ഥലത്തു നിന്നു മുങ്ങി.

ചെങ്ങന്നൂര്‍ പൊലീസ് എത്തിയാണ് പരിക്കേറ്റ വിപിനെയും മറ്റു രണ്ടു മൃതദേഹങ്ങളും ആംബുലന്‍സില്‍ ആശുപത്രിയിലേക്കു മാറ്റിയത്.

പുതിയ ഡ്യൂക്ക് ബൈക്ക് വാങ്ങിയ സന്തോഷത്തില്‍ അതുമായി ചുറ്റാനിറങ്ങിയതായിരുന്നു യുവാക്കള്‍. ചെറിയ മഴയില്‍ നനഞ്ഞു കിടന്ന റോഡില്‍ ഇവര്‍ അതിവേഗത്തില്‍ പാഞ്ഞതാണ് അപകടകാരണമായത്.