കേരളത്തിലും പുസ്തകങ്ങളിലൂടെ കാവി രാഷ്ട്രീയം ഒളിച്ചുകടത്തുന്നു…

സംസ്ഥാനത്തെ സ്‌കൂളുകളില്‍ സംഘപരിവാര്‍ അനുകൂല പുസ്തകം വിതരണം ചെയ്യുന്നുവെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു. വിദ്യാഭാരതി സംഘടിപ്പിക്കുന്ന സംസ്‌കൃതി ജ്ഞാനപരീക്ഷ എന്ന സ്‌കോളര്‍ഷിപ്പിനായി സംഘപരിവാര്‍ ബന്ധമുള്ള അധ്യാപകരാണ് സര്‍ക്കാര്‍ സ്‌കൂളുകളില്‍ പുസ്തകം വിതരണം ചെയ്തത്. കൊയിലാണ്ടി ഗവണ്‍മെന്റ് ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ 150 ഓളം വിദ്യാര്‍ത്ഥികള്‍ പുസ്തകം വാങ്ങിയെന്നും റിപ്പോര്‍ട്ട് ചെയ്യുന്നു.

സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ മറവിലാണ് ആര്‍എസ്എസിന്റെ വിദ്യാഭ്യാസ വിഭാഗമായ വിദ്യാഭാരതിയുടെ പുസ്തകങ്ങള്‍ വിതരണം ചെയ്യുന്നത്. ബ്രിട്ടീഷ് പതാക താഴെയിറക്കാന്‍ വീട്ടില്‍ നിന്നും തുരങ്കമുണ്ടാക്കിയ ബാലനാണ് ഹെഡ്‌ഗെവാറെന്നും രാജ്യത്തിന്റെ അഖണ്ഡതയ്ക്കായി കശ്മീരില്‍ രക്ഷസാക്ഷിത്വം വരിച്ച വീര ബലിദാനിയാണ് ശ്യാമ പ്രസാദ് മുഖര്‍ജിയെന്നും പുസ്തകത്തില്‍ പറയുന്നുണ്ട്. മഥുരയില്‍ ഔറങ്കസേബിന്റെ ഭരണകാലത്ത് ശ്രീകൃഷ്ണ ക്ഷേത്രം പൊളിച്ച് പള്ളി സ്ഥാപിച്ചെന്നും ശ്രീകൃഷ്ണ ജന്‍മഭൂമിയെ മുക്തമാക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണെന്നും പുസ്തകത്തില്‍ വ്യക്തമാക്കുന്നു. ആര്‍.എസ്.എസിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്നായ അഖണ്ഡഭാരതത്തേയും പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു