ഉമ്മന്‍ചാണ്ടിക്കെതിരെ സുധീരന്റെ വിമര്‍ശനം; കോണ്‍ഗ്രസ് യോഗത്തില്‍ തര്‍ക്കം രൂക്ഷം

സോളാര്‍ ഇടപ്പാടില്‍ ഉമ്മന്‍ചാണ്ടിക്ക് വി എം സുധീരന്റെ രൂക്ഷ വിമര്‍ശനം. കേസിനെ രാഷ്ട്രീയമായി നേരിടുന്നതിനോട് യോജിപ്പില്ലെന്ന് സുധീരന്‍ തുറന്നടിച്ചു. തിരുവനന്തപുരത്ത് ചേര്‍ന്ന കോണ്‍ഗ്രസ് രാഷട്രീയ സമിതി യോഗത്തിലാണ് സുധീരന്റ വിമര്‍ശനം. സോളാര്‍ ഇടപാടില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ജാഗ്രത പാലിച്ചിെല്ലെന്നും സുധീരന്‍ പറഞ്ഞു.

അതേസമയം സോളാര്‍ കേസിനെതിരെ പ്രത്യേക സമരപരിപാടി സംഘടിപ്പിക്കില്ലെന്ന് കെപിസിസി താല്‍കാലിക അധ്യക്ഷന്‍ എം എം ഹസന്‍ പറഞ്ഞു.കേസിനെ ഒറ്റക്കെട്ടായി നേരിടും ലൈംഗിക ആരോപണങള്‍ വിശ്വസിക്കുന്നില്ല. സോളാര്‍ കേസ് കൈകാര്യം ചെയ്തതില്‍ വിഴ്ച പറ്റിയിടുണ്ടെന്നും മറ്റു കാര്യങ്ങള്‍ നിയവിദ്ധഗ്ധരുമായി കൂടിയാലോചിച്ച ശേഷമ തീരുമാനിക്കുമെന്നും ഹസ്സന്‍ പറഞ്ഞു. കേസ് നിലനില്‍ക്കില്ലെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

അതേസമയം,​ ഉമ്മൻചാണ്ടിയ്ക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരൻ പറഞ്ഞു. സുധീരന്റെ വിമർശനം കേട്ടിരുന്നതല്ലാതെ ഉമ്മൻചാണ്ടി പ്രതികരിച്ചില്ല. എന്നാൽ,​ സുധീരന്റെ വിമർശനത്തോട് ഹസൻ വിയോജിച്ചു. നേതാക്കളെ ഒറ്റതിരിഞ്ഞ് ആക്രമിക്കരുതെന്ന് ഹസൻ പറഞ്ഞു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന നിലയിൽ ഒറ്റക്കെട്ടായി പ്രതിരോധിക്കുകയാണ് വേണ്ടത്. ആരോപണ വിധേയരെ ഒറ്റപ്പെടുത്തുന്നത് മേഖലാ ജാഥ ആരംഭിക്കാനിരിക്കെ പാർട്ടിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്നും ഹസൻ പറഞ്ഞു. സോളാർ വിഷയത്തിൽ നേതാക്കൾക്കിടയിൽ ഭിന്നാഭിപ്രായം ഉണ്ടായാൽ അത് പാർട്ടിയെ ദുർബലപ്പെടുത്തുമെന്നും ഹസൻ പറഞ്ഞു. അതേസമയം,​ താൻ പറഞ്ഞതല്ല പത്രങ്ങളിൽ വന്നതെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശൻ യോഗത്തിൽ വിശദീകരിച്ചു. ബി.ജെ.പിയെ രണ്ടാം സ്ഥാനത്തെത്തിക്കാൻ വേണ്ടിയാണ് സോളാർ റിപ്പോർട്ടിന്മേൽ നടപടി എടുക്കാൻ സർക്കാർ തീരുമാനിച്ചതെന്നും സതീശൻ പറഞ്ഞു.

സോളാർ കമ്മിഷൻ റിപ്പോർട്ടിനെതിരെ പ്രത്യക്ഷ സമരപരിപാടികളിലേക്ക് പോവുന്നതിനേയും സുധീരൻ എതിർത്തു. ഇപ്പോഴത്തെ സാഹചര്യത്തിൽ സമരം നടത്തിയാൽ അത് തെറ്റായ സന്ദേശമാവും ജനങ്ങൾക്ക് നൽകുക. പകരം നിയമപരമായ മാർഗങ്ങൾ ആരായുകയാണ് വേണ്ടത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തുന്ന ജാഥയിൽ സോളാർ വിഷയം ചർച്ചയാക്കണം. കോൺഗ്രസിനും യു.ഡി​.എഫിനും പറയാനുള്ളത് പൊതുയോഗങ്ങളിലൂടെ ജനങ്ങളോട് പറയണമെന്നും സുധീരൻ നിർദ്ദേശിച്ചു.

സമരം നടത്തണമെന്ന നിലപാടായിരുന്നു എം.ഐ.ഷാനവാസും കെ.സി.വേണുഗോപാലും സ്വീകരിച്ചത്. നിയമനടപടികളുമായി പോയാൽ കോടതി വിധി വരുന്പോൾ കോൺഗ്രസ് ബാക്കി കാണില്ലെന്ന വേണുഗോപാൽ പറഞ്ഞു. ഇതിനോട് ഷാനവാസും യോജിച്ചു. മുതിർന്ന നേതാക്കളെ തേജോവധം ചെയ്യാൻ അനുവദിക്കരുതെന്നും ഷാനവാസ് ആവശ്യപ്പെട്ടു.