മംഗലാപുരത്തെ അഡ്മിഷന്‍ മാഫിയക്കൊപ്പം വൈദികരും

-നിമ്മി-

മംഗളൂരു: മംഗലാപുരം അറിയപ്പെടുന്നത് തന്നെ ‘വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നഗരം എന്ന് ആണ് ‘മെഡിക്കല്‍, ഡെന്റല്‍ , നഴ്‌സിംഗ്, മെഡിക്കല്‍ ലാബ് ടെക്‌നോളജി, ഫിസിയോതെറാപ്പി , എഞ്ചിനീറിങ്, ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്സുകളിലേക്ക് സീറ്റ് വാഗദാനം ചെയ്തു വന്‍ തട്ടിപ്പ് സംഘങ്ങള്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ കറങ്ങുന്നു. തുച്ഛമായ ഫീസ്, പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതം ആയ ഹോസ്റ്റല്‍ സൗകര്യങ്ങള്‍ എന്ന് പറഞ്ഞു മുന്‍നിര പത്രങ്ങളില്‍ പരസ്യം നല്‍കി ആണ് മലയാളികളെ ആകര്‍ഷിക്കുന്നത്. എം.ബി.ബി.എസ് സീറ്റിനു ഒരു കോടി രൂപ മുതല്‍, ബി.ഡി.എസ് സീറ്റിനു 40 ലക്ഷം രൂപ മുതല്‍, നഴ്‌സിംഗ് സീറ്റിനു 4 ലക്ഷം രൂപ മുതല്‍, എഞ്ചിനീറിങ് സീറ്റിനു 5 ലക്ഷം രൂപ മുതല്‍ മുകളിലോട്ടു ആണ് ഫീസ്. മാഫിയ സംഘങ്ങള്‍ക്ക് 40,000 മുതല്‍ 5 ലക്ഷം രൂപ വരെ ആണ് മാനേജ്‌മെന്റുകള്‍ കമ്മിഷന്‍ ആയി ഒരു വിദ്യാര്‍ത്ഥിയെ അവരുടെ കോളേജിലെ കോഴ്‌സിന് ചേര്‍ത്താല്‍ നല്കുന്നത്, അത് കൊണ്ട് നല്ല ശതമാനം ചെറുപ്പക്കാര്‍ പെട്ടന്ന് പൈസ ഉണ്ടാക്കി ആഡംബര ജീവിതം നയിക്കാന്‍ വേണ്ടിട്ടുള്ള കുറുക്ക് വഴി ആയിട്ട് ആണ് അഡ്മിഷന്‍ ഏജന്റുമാര്‍ ആകുന്നതു.
പത്ര പരസ്യം കണ്ടു വിളിക്കുന്നവരെ ആദ്യം മംഗലാപുരത്തു വന്നു കോളേജ് കണ്ടിട്ട് സീറ്റ് എടുത്താല്‍ മതി എന്ന് പറയും. അങ്ങനെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ മംഗലാപുരത്തു വരുന്നവരെ ഈസംഘങ്ങള്‍ അവരുടെ ആഡംബര കാറുകളില്‍ റെയില്‍വേ സ്റ്റേഷന്‍ – ബസ്സ്റ്റാന്‍ഡില്‍ വന്നു കൂട്ടി കൊണ്ട് പോയി മംഗലാപുരത്തു ഉള്ള കോളേജുകള്‍ കാണിക്കും. ഏജന്റുമാര്‍ക്ക് കൂടുതല്‍ കമ്മിഷന്‍ കിട്ടുന്ന കോളേജില്‍ ചേരാന്‍ നിര്‍ബന്ധിക്കും, സീറ്റുകള്‍ എല്ലാം തീരാറായി പെട്ടന്ന് തന്നെ തീരുമാനം എടുത്തു സീറ്റ് ബുക്ക് ചെയ്യണം എന്ന് പറഞ്ഞു വിശ്വസിപ്പിക്കും. മാനേജ്‌മെന്റുകള്‍ ഏജന്റ് മാരെ വെച്ച് മുന്‍കൂര്‍ ആയ തുക വാങ്ങി സീറ്റ് വാഗദാനം ചെയ്യുന്നുണ്ട് .സീറ്റ് നഷ്ടപെട്ടാലോ എന്നാ ഭയം കൊണ്ട് മാതാപിതാക്കള്‍ സര്‍ട്ടിഫിക്കറ്റും പൈസയും നല്‍കി സീറ്റ് ബുക്ക് ചെയ്തു മടങ്ങും.

സമൂഹത്തിലെ ഉന്നതരായ രാഷ്ട്രീയക്കാര്‍, അഭിഭാഷകര്‍,എന്‍ജിനീയര്‍മാര്‍ എന്നിവരുടെ മക്കള്‍ക്ക് വേണ്ടി മാത്രം അല്ല ഈ സംഘങ്ങള്‍ വല വിരിക്കുന്നത്, ദിവസ വരുമാനം ഉള്ളവരുടെയും പാവപ്പെട്ടവരുടെയും മക്കളും ഇവരുടെ ഇരകള്‍ ആണ്. ബാങ്ക് ലോണ്‍, ചെറിയ ഫീസിന് അഡ്മിഷന്‍, ഫ്രീ താമസസൗകര്യങ്ങള്‍, ഫീസ് തവണകള്‍ ആയി അടക്കാന്‍ ഉള്ള സൗകര്യം, സ്‌കോളര്‍ഷിപ്, കേരളീയ ഭക്ഷണം തുടങ്ങിയവ പറഞ്ഞു ആണ് പാരാ മെഡിക്കല്‍ കോഴ്സുകളിലേക്ക് ഇവരെ ആകര്‍ഷിക്കുന്നത്.

തട്ടിപ്പ് സംഘങ്ങള്‍ നൂതന രീതിയിലാണ് വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നത് കേരളത്തിലെ പ്ലസ് ടു സ്‌കൂളുകളില്‍ ചെന്ന് കരിയര്‍ ഗൈഡന്‍സ് ക്ലാസുകള്‍ നടത്തും വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ വാങ്ങി അവരുടെ കുടുംബങ്ങളുമായി പിന്നീട് നേരിട്ട് ബന്ധപ്പെടും. അടുത്ത കാലത്തായി ക്രൈസ്തവ സഭകളിലെ വൈദികരെ ഉപയോഗിച്ചുള്ള തട്ടിപ്പുകള്‍ ആണ് നടക്കുന്നത്. പള്ളി വക അല്ലെങ്കില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സ്‌കൂളുകളില്‍ ചെന്ന് വിദ്യാര്‍ത്ഥികളെ അവരുടെ കോളേജുകളില്‍ ചേര്‍ത്താല്‍ കമ്മിഷന്‍ നല്‍കാം എന്ന് രഹസ്യമായി പറയും, അല്ലെങ്കില്‍ ഇടവക ചുമതല ഉള്ള വൈദികര്‍ ഇടവകയിലെ ജനങ്ങളോട് അഡ്മിഷന്‍ ആവശ്യങ്ങള്‍ക്ക് അവരെ ബന്ധപ്പെടാന്‍ പറയും. വികാരിമാര്‍ പറയുമ്പോള്‍ ആളുകള്‍ക്ക് കൂടുതല്‍ വിശ്വാസം ഉണ്ടാകും. ഇത് മുതലെടുത്താണ് ഇപ്പോള്‍ ഈ സംഘങ്ങള്‍ പലരും പുരോഹിതരെ കൂട്ട് പിടിക്കുന്നത്.
ഇത്തരത്തില്‍ വൈദികര്‍ക്ക് മംഗലാപുരത്തെ കോളജുകളില്‍ നിന്ന് വന്‍ തുക കമ്മീഷനായി ലഭിക്കുന്നുണ്ട്.