രാത്രിയില്‍ പോലീസിന്റെ ഗുണ്ടായിസം; വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു, മലപ്പുറത്ത് ചെയ്തത്..

മലപ്പുറം തിരൂരില്‍ പോലീസിന്റെ ഗുണ്ടായിസം. അര്‍ധരാത്രി യുവാവിനെ തേടിയെത്തിയ പോലീസ് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിച്ചു. യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസ് കേട്ടാല്‍ അറയ്ക്കുന്ന തെറി വിളിക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വീഡിയോ പുറത്തായതോടെ പോലീസ് വെട്ടിലായി.

തിരൂര്‍ പൂക്കയിലാണ് സംഭവം. മദ്രസയിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥിയെ തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചെന്നാണ് യുവാവിനെതിരേയുള്ള പരാതി. ഇക്കാര്യത്തില്‍ യുവാവിനെതിരേ കാര്യമായ തെളിവ് പോലീസിന് ലഭിച്ചില്ലെന്നാണ് വിവരം.

പന്ത്രണ്ട് വയസുകാരനെ മര്‍ദ്ദിച്ചെന്നാണ് യുവാവിനെതിരേയുള്ള ആരോപണം. പിടികൂടാന്‍ വീട്ടില്‍ പോലീസ് വന്നത് രാത്രി. തുടര്‍ന്ന് കാട്ടിക്കൂട്ടിയ അക്രമങ്ങളുടെ വീഡിയോ ആണ് പുറത്തായത്.

യുവാവിനെതിരായ എഫ്‌ഐആറിലെ ആരോപണങ്ങള്‍ തെളിയിക്കാന്‍ പോലീസിന് സാധിച്ചിട്ടില്ലത്രെ. ഇക്കാര്യം ചൂണ്ടിക്കാട്ടി യുവാവിന് കോടതി ജാമ്യം നല്‍കി.

പൂക്കയില്‍ പുതിയകത്ത് അബ്ദുല്‍ റഷീദിനെ അറസ്റ്റ് ചെയ്യാനെത്തിയ പോലീസുകാരാണ് അക്രമം അഴിച്ചുവിട്ടത്. അടഞ്ഞുകിടന്ന വാതില്‍ ചവിട്ടി പൊളിക്കുകയായിരുന്നു. മുറിയില്‍ കയറി യുവാവിനെ വലിച്ചിഴച്ച് മര്‍ദ്ദിക്കുന്ന രംഗങ്ങളും പ്രചരിക്കുന്ന വീഡിയോ ദൃശ്യത്തിലുണ്ട്.

വീട്ടുകാര്‍ പോലീസിന്റെ നീക്കം തടുക്കാന്‍ ശ്രമിക്കുന്നുണ്ട്. പക്ഷേ, പോലീസ് അവരെ തടയുകയും മര്‍ദ്ദനം തുടരുകയും ചെയ്തു. താന്‍ കൂടെ വരാമെന്ന് പറഞ്ഞിട്ടും പോലീസ് മര്‍ദ്ദിക്കുയായിരുന്നുവെന്നാണ് യുവാവിന്റെയും വീട്ടുകാരുടെയും ആരോപണം.

വീട്ടുകാരുടെ നിലവിളി കേട്ട് നിരവധി പേര്‍ തടിച്ചുകൂടി. ഇതില്‍ ചിലര്‍ പോലീസിനോട് കാര്യം തിരക്കിയെങ്കിലും പോലീസ് തട്ടികയറുകയായിരുന്നു. എന്താണ് നടക്കുന്നതെന്ന് ആദ്യം നാട്ടുകാര്‍ക്കും ബോധ്യമായില്ല.

ഇക്കാര്യങ്ങളെല്ലാം വീഡിയോ പുറത്തായതോടെയാണ് പുറംലോകമറിഞ്ഞത്. എന്നാല്‍ എഫ്‌ഐആറില്‍ പറയുന്നത് മറിച്ചാണ്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ പ്രതിയും വീട്ടുകാരും മര്‍ദ്ദിച്ചുവെന്നാണ് എഫ്‌ഐആര്‍.

വനിത ഉള്‍പ്പെടെ മൂന്ന് പോലീസുകാര്‍ മര്‍ദ്ദനമേറ്റെന്ന് കാണിച്ച് തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികില്‍സ തേടിയിരുന്നു. എന്നാല്‍ പ്രതിക്കെതിരേ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കോടതിയില്‍ പോലീസിന് സാധിച്ചില്ല. തുടര്‍ന്നാണ് റഷീദിന് ജാമ്യം ലഭിച്ചത്.

യുവാവിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോഴുണ്ടായ സംഭവങ്ങളെല്ലാം ഒരു പോലീസുകാരന്‍ വീഡിയോയില്‍ പകര്‍ത്തിയിരുന്നു. പോലീസുകാരന്‍ വീഡിയോയില്‍ പകര്‍ത്തുന്ന രംഗം പുറത്തുവന്ന വീഡിയോയിലുമുണ്ട്.

പോലീസ് വീട്ടിലെത്തിയപ്പോള്‍ വാതില്‍ അടഞ്ഞുകിടക്കുകയായിരുന്നു. തുടര്‍ന്നാണ് ചവിട്ടിപ്പൊളിച്ചത്. താന്‍ കൂടെ വരാമെന്ന് പറഞ്ഞിട്ടും യുവാവിനെ മര്‍ദ്ദിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോകുകയുമായിരുന്നു.

പ്രായമായ മാതാവും പിതാവും പോലീസിനെ തടയാന്‍ ശ്രമിക്കുന്ന രംഗവും വീഡിയോയിലുണ്ട്. എന്നാല്‍ അവരുടെ മുന്നിലിട്ടും റഷീദിനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്നാണ് നാട്ടുകാര്‍ വിവരങ്ങള്‍ ആരാഞ്ഞത്. പക്ഷേ, നാട്ടുകാരോടും പോലീസ് തട്ടിക്കയറുകയായിരുന്നു.