കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കച്ചമുറുക്കി കെ. മുരളീധരനും വി.ഡി സതീശനും

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതൃത്വത്തിലെ സോളാര്‍ പ്രതിസന്ധി ആയുധമാക്കി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കച്ചമുറുക്കി കെ. മുരളീധരനും വി.ഡി സതീശനും.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മുന്‍ മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍, മുന്‍ കേന്ദ്ര മന്ത്രി കെ.സി വേണുഗോപാല്‍, മുന്‍ എം.എല്‍.എ ബെന്നി ബെഹ്‌നാന്‍ അടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗത്തിനും അഴിമതി നിരോധനനിയമപ്രകാവും കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിസന്ധിയിലായിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം. സോളാര്‍ പ്രതിസന്ധിയില്‍ തട്ടി കെ.പി.സി.സി അംഗങ്ങളുടെ പട്ടികപോലും അംഗീകരിക്കാനാവാത്ത അങ്കലാപ്പിലാണ് കോണ്‍ഗ്രസ് ഹൈക്കമാന്റും.

പുതിയ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് ഉമ്മന്‍ചാണ്ടി മുന്നോട്ടുവെച്ച ബെന്നി ബെഹ്‌നാനും സോളാര്‍ കുരുക്കിലാണ്. ഗ്രൂപ്പ് ധാരണപ്രകാരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിനുള്ളതായിനാല്‍ ഐ ഗ്രൂപ്പ് അവകാശവാദം ഉന്നയിക്കുന്നില്ല. അതേസമയം സോളാര്‍ പ്രതിസന്ധി ആയുധമാക്കി എ ഗ്രൂപ്പിന്റെ പിന്തുണയോടെ കെ.പി.സി.സി അധ്യക്ഷനാകാനുള്ള കരുനീക്കത്തിലാണ് മുന്‍ കെ.പി.സി.സി പ്രസിഡന്റ്്കൂടിയായ കെ. മുരളീധരനും നിലവിലെ കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി സതീശനും.

രാഹുല്‍ ഗാന്ധിയുടെ പിന്തുണയാണ് വി.ഡി സതീശന്‍ പ്രതീക്ഷിക്കുന്നത്. വി.എം സുധീരനെ കെ.പി.സി.സി പ്രസിഡന്റാക്കിയ ഹൈക്കമാന്റ് രാഹുല്‍ഗാന്ധിയുടെ താല്‍പര്യപ്രകാരമാണ് സതീശനെ വൈസ് പ്രസിഡന്റാക്കിയത്. കേരളത്തില്‍ ബി.ജെ.പിക്കെതിരെ ശക്തമായ നിലപാടുള്ള നേതാവിനെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം ഏല്‍പ്പിക്കണമെന്ന നിലപാടാണ് ഹൈക്കമാന്റിനുള്ളത്. കെ. കരുണാകരന്റെ മകനായ മുരളീധരന്‍ ബി.ജെ.പിയുമായി സന്ധിയില്ലാത്ത നിലപാടാണ് എക്കാലത്തും സ്വീകരിക്കുന്നത്.

സതീശന്‍ ആര്‍.എസ്.എസിന്റെ പ്രമുഖ വിമര്‍ശകരില്‍ ഒരാളാണ്. രമേശ് ചെന്നിത്തലയുമായി സ്വരചേര്‍ച്ചയില്ലാത്ത കെ. മുരളീധരനെ പ്രതിസന്ധി ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും പിന്തുണക്കാനുള്ള സാധ്യതയേറെയാണ്. സോളാര്‍ വിവാദത്തില്‍ ഉമ്മന്‍ചാണ്ടിയെയും കോണ്‍ഗ്രസ് നേതാക്കളെയും ശക്തമായി പിന്തുണച്ചാണ് മുരളീധരന്‍ രംഗത്തെത്തിയത്.

അതേസമയം സോളാര്‍ റിപ്പോര്‍ട്ടില്‍ ഗൗരവകരമായ കണ്ടെത്തലുകളുണ്ടെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ പ്രതികൂട്ടിലാക്കാനുള്ള നീക്കമാണ് സതീശന്‍ നടത്തിയത്.

പ്രതിപക്ഷ നേതൃസ്ഥാനം ലഭിച്ച ചെന്നിത്തലയ്ക്ക് ഇനി ഐ ഗ്രൂപ്പില്‍ നിന്നും കെ.പി.സി.സി പ്രസിഡന്റുവരുന്നത് തന്റെ നേതൃത്വത്തിന് ഭീഷണിയാകുമെന്ന കണക്കുകൂട്ടലിലാണ്. അതിനാല്‍ സതീശനെതിരെ കൂടുതല്‍ എതിര്‍പ്പ് ഐ ഗ്രൂപ്പില്‍ നിന്നും ഉയരും. മുന്‍ കെ.പി.സിസി പ്രസിഡന്റ് എന്ന നിലയില്‍ ഇന്ദിരാഭാവനില്‍ പുതിയ പാര്‍ട്ടി ആസ്ഥാനം പണികഴിപ്പിച്ചതും പ്രവര്‍ത്തനമികവും മുരളീധരന് ഗുണകരമാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം എ.കെ ആന്റണിക്ക് മുരളീധരന്റെ കാര്യത്തില്‍ പ്രത്യേക കരുതലുമുണ്ട്.

എന്‍.സി.പി വിട്ട മുരളീധരനെ കോണ്‍ഗ്രസില്‍ കൊണ്ടുവരുന്നതിനും ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും ഒറ്റക്കെട്ടായി എതിര്‍ത്തിട്ടും എം.എല്‍.എ സീറ്റ് നല്‍കിയതും ആന്റണി ഇടപെട്ടാണ്. വി എം സുധീരന്റെ പിന്തുണയും ഈ നീക്കത്തിന് പിന്നിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് മുരളീധരന്‍ സുധീരന്റെ പ്രധാന വിമര്‍ശകനായി മാറുകയായിരുന്നു.