ജയരാജനോടും തോമസ് ചാണ്ടിയോടും മുഖ്യമന്ത്രി പിണറായി വിജയന് ഇരട്ട നീതിയോ

തിരുവനന്തപുരം: ഭൂമി കൈയ്യേറ്റ വിഷയത്തില്‍ മന്ത്രി തോമസ് ചാണ്ടിയോടുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. മന്ത്രിയുടെ ഉടമസ്ഥതയിലുള്ള വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനി നിയമലംഘനം നടത്തിയെന്ന് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമ വ്യക്തമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഇന്നലെ നടന്ന മന്ത്രിസഭായോഗത്തില്‍ ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് പരിഗണിക്കാതെ കൂടുതല്‍ നിയമോപദേശത്തിനായി റിപ്പോര്‍ട്ടിന്മേല്‍ എജിയോട് അഭിപ്രായം തേടാന്‍ മുഖ്യമന്ത്രി തീരുമാനിക്കുയായിരുന്നു. ഒരു അന്വേഷണ റിപ്പോര്‍ട്ടുമില്ലാതെയാണ് മന്ത്രിമാരായിരുന്ന ഇപി ജയരാജനെയും, എകെ ശശീന്ദ്രനെയും മുന്‍പ് രാജിവെപ്പിച്ചത്. എന്നാല്‍ മന്ത്രി തോമസ് ചാണ്ടിയുടെ കാര്യത്തില്‍ ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ട് എതിരായിട്ടും നടപടിയെടുക്കാന്‍
മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്.

ബന്ധു നിയമന ആരോപണം വന്ന ഉടന്‍ ബന്ധു നിയമന ആരോപണം വന്ന ഉടന്‍ ഇപി ജയരാജനെ രാജിവെപ്പിക്കാന്‍ കാണിച്ച തിടുക്കം എന്തുകൊണ്ട് തോമസ് ചാണ്ടിയുടെ വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ല എന്നാണ് സിപിഎം പ്രവര്‍ത്തകര്‍ക്കിടയില്‍ ഉയര്‍ന്നു വരുന്ന ചോദ്യം. ഭാര്യാ സഹോദരിയായ മുന്‍മന്ത്രിയും എംപിയുമായ പി.കെ.ശ്രീമതിയുടെ മകന്‍ പികെ സുധീറിനെ വ്യവസായ വകുപ്പിനു കീഴിലുളള കേരള ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ എംഡിയായി നിയമിച്ചതാണു ജയരാജന്റെ രാജിയിലേക്ക് വഴിവെച്ചത്.

എന്നാല്‍ പിന്നീട് ഇപി ജയരാജനെ കുറ്റവിമുക്തനാക്കി വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി അംഗം കൂടിയായ ജയരാജനെതിരെ തിരക്കുപിടിച്ച് നടപടി എടുത്തതും, പാര്‍ട്ടി സ്വന്തം പാര്‍ട്ടിക്കാരന്‍ പോലുമ്ലലാത്ത തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്നതും സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ വലിയ ചർച്ചയാകാന്‍ സാധ്യതയുണ്ട്.