കെപിസിസിയിൽ പൊട്ടിത്തെറി; പിന്നിൽ ശശി തരൂർ? കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്

കെപിസിസിയിൽ പൊട്ടിത്തെറി. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെപിസിസി പട്ടിക വൈകുന്നതിനൊപ്പം പ്രതിഷേധവും കനക്കുകയാണ്. പട്ടിക സംബന്ധിച്ച എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത് എത്തിയിരിക്കുകയാണ്. നിർദേശങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടതിനിടെ കെപിസിസി അംഗത്വത്തിൽ നിന്നു സ്വയം ഒഴിവാകാനൊരുങ്ങി ശശി തരൂർ എംപി, ഇതോടെ അംഗത്വം രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കി പി സി ചാക്കോയും രംഗത്തെത്തിയിരിക്കുകയാണ്.

അതേസമയം കെപിസിസി അംഗങ്ങളുടെ പുതിയ ലിസ്റ്റ് രാഹുല്‍ഗാന്ധിയുടെ ഓഫീസ് മടക്കിയതിന് പിന്നിലും ശശി തരൂരിന്റെ അതൃപ്തിയാണെന്നാണ് റിപ്പോർട്ട്. ഹൈക്കമാന്‍ഡിന്റെ നിര്‍ദേശപ്രകാരം കെപിസിസി സമര്‍പ്പിച്ച പുതിയ ലിസ്റ്റും മെറിറ്റ് മാനദണ്ഡമാക്കിയല്ലെന്ന് തരൂര്‍ ഹൈക്കമാന്‍ഡിനെ നേരിട്ട് അറിയിച്ചതായാണ് സൂചനകൾ. തരൂരിന്റെ പ്രതിഷേധസൂചകമായ പ്രസ്താവന രാജിയായി കണ്ട് സ്വീകരിക്കപ്പെടുകയായിരുന്നു. കൂടാതെ തരൂര്‍ നിര്‍ദേശിച്ചവരെ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നില്ല. എന്നാല്‍ പട്ടികയില്‍ നിന്നും ഒഴിവാകാനുള്ള ശശി തരൂരിന്റെ തീരുമാനം എഐസിസി തെരഞ്ഞെടുപ്പ് സമിതി തള്ളി.

പ്രൊഫഷണല്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ കൂടിയായ ശശി തരൂരിന്റെ പേര് ഒഴിവാക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് സമിതി നിലപാട് എടുക്കുകയായിരുന്നു. കെപിസിസിയുടെ ആദ്യ പട്ടിക ഹൈക്കമാന്‍ഡ് മടക്കിയതിന് പിന്നിലും ശശി തരൂരിന്റെ ഇടപെടലുണ്ടായിരുന്നു. സ്വാധീനം കൂടുതല്‍ ശക്തമായെന്ന് തെളിയുകയാണ്. തരൂരിന് പുറമെ, മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍, മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി പിസി ചാക്കോ, കെ വി തോമസ് എംപി എന്നിവരും ഹൈക്കമാന്‍ഡിനെ പരാതി അറിയിച്ചിരുന്നു.

പുതുക്കിയ കെപിസിസി പട്ടികയിലും യുവ പ്രാതിനിധ്യം വേണ്ടത്ര പരിഗണിക്കപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു കുഴല്‍നാടന്റെ നേതൃത്വത്തില്‍ യുവ നേതാക്കള്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്.

ഇക്കാര്യം രാഹുല്‍ഗാന്ധിയയും, എഐസിസി തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മുല്ലപ്പള്ളി രാമചന്ദ്രനേയും ഇവര്‍ നേരിട്ട് അറിയിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ കെപിസിസി അംഗങ്ങളുടെ പട്ടികയില്‍ വന്‍ അഴിച്ചുപണിയ്ക്ക് കളമൊരുങ്ങിയിട്ടുണ്ട്.

എകെ ആന്റണി, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ അഭിപ്രായം പരിഗണിച്ചശേഷം, ഹൈക്കമാന്‍ഡ് പുതിയ കെപിസിസി അംഗങ്ങളുടെ പട്ടിക പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. പുതിയ പട്ടികയില്‍ നിലവില്‍ ഇടംപിടിച്ച 60 വയസ്സിന് മേല്‍ പ്രായമുള്ള, ഗ്രൂപ്പിന്റെ മാത്രം പരിഗണനയില്‍ ഇടം ലഭിച്ച പലര്‍ക്കും സ്ഥാനം നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്.

ഇതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒത്തുതീർപ്പു ശ്രമങ്ങളുമായി രം‌ഗത്തു വന്നിട്ടുണ്ട്. ഗ്രൂപ്പുകൾ പുതുക്കി നൽകിയ പട്ടിക ഇപ്പോഴും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, വരണാധികാരി സുദർശന നാച്ചിയപ്പൻ എന്നിവരുടെ കൈവശമാണ്.
കൂടുതൽ സങ്കീർണ്ണമാകുന്നു

അന്തിമ പട്ടിക തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പക്കലെത്തിയിട്ടില്ല. പ്രശ്നം ഇനിയും കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത. എ കെ ആന്റണിയുമായി മുകുൾ വാസ്നിക്കും വേണുഗോപാലും ചർച്ച നടത്തിയെങ്കിലും തർക്കങ്ങൾ അവശേഷിക്കുന്നു.