തോമസ് ചാണ്ടിക്ക് മുകളില്‍ പിണറായിയും പറക്കില്ല;

‘ചാണ്ടിക്ക് മേലെ പിണറായിയും പറക്കില്ല’ കായല്‍ ഭുമി കയ്യേറി നികത്തിയെന്നത് ശരിയാണെന്ന് ആലപ്പുഴ ജില്ലാ കലക്ടര്‍ അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് നിയമോപദേശത്തിന് വിട്ടിരിക്കുകയാണ് ഇരട്ടച്ചങ്കന്‍. കലക്ടറുടെ റിപ്പോര്‍ട്ടിനെ ശരിവച്ചുകൊണ്ട് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ വേണ്ടത് ചെയ്യാന്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടുവെങ്കിലും പ്രശനം ആവുന്നത്ര നീട്ടികൊണ്ടുപോയി കുവൈറ്റ് ചാണ്ടിയുടെ മന്ത്രി സ്ഥാനം നിലനില്‍ത്താനാണ് മുഖ്യമന്ത്രിയും സിപിഎം. നേതൃത്വവും ആഗ്രഹിക്കുന്നത്.

കലക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് റവന്യു വകുപ്പ് ചീഫ് സെക്രട്ടറി പിഎച്ച്. കുര്യനാണ്. കുര്യനാണത്രെ നിയമോപദേശം തേടാന്‍ നിര്‍ദ്ദേശിച്ചതും. കയ്യേറ്റം നടന്നുവെന്ന് വ്യക്തമായ സ്ഥിതിക്ക് നടപടി വേണമെന്നുതന്നെയാണ് റവന്യു മന്ത്രി സൂചിപ്പിച്ചതും. പക്ഷെ മുഖ്യമന്ത്രിക്ക് റവന്യു സെക്ട്രറിയുടെ ശുപാര്‍ശയിലാണ് പിടുത്തം. റവന്യു മന്ത്രിയുടെ മുകളിലല്ല റവന്യു സെക്രട്ടറിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അര്‍ത്ഥ ശങ്കയ്ക്ക് ഇടമില്ലാതെ വ്യക്തമാക്കിയിട്ടും പിണറായി അത് ഗൗനിക്കാതെ അഡ്വക്കറ്റ് ജനറലിന്റെ അഭിപ്രായം തേടിയിരിക്കയാണ്.

ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട് മന്ത്രി തോമസ്‌ ചാണ്ടിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ മൂലം ഇടത് മന്ത്രിസഭ പ്രതിസന്ധിയിലായിരിക്കുന്നു. അതിനെക്കാളും വലിയ ധാര്‍മ്മിക പ്രതിസന്ധിയാണ് തോമസ്‌ ചാണ്ടിയുടെ കാര്യത്തില്‍ ഇടതുമുന്നണി അഭിമുഖീകരിക്കുന്നത്. ഇത്രയും ആരോപണ വിധേയനായ ഒരു മന്ത്രിയെ എന്തുകൊണ്ട് ഇടതുമുന്നണി തുടരാന്‍ അനുവദിക്കുന്നു എന്നതാണ് സംസ്ഥാനത്തിന്നകത്തു നിന്നും ഉയരുന്ന ചോദ്യം.

നെൽവയൽ, നീർത്തട നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയുള്ള കയ്യേറ്റങ്ങളാണ് ലേക്ക് പാലസ് റിസോര്‍ട്ടിനായി തോമസ്‌ ചാണ്ടി നടത്തിയിരിക്കുന്നത്. പുറമ്പോക്ക് കൈയ്യേറിയത് മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന ഗുരുതര നിയമമലംഘനമാണ്. തോമസ്‌ ചാണ്ടിക്ക് ഭൂമി കയ്യേറ്റത്തിനു കൂട്ട് നിന്ന അന്നത്തെ ആലപ്പുഴ കലക്ടര്‍, ആര്‍ഡിഒ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരെ നടപടികള്‍ക്ക് സര്‍ക്കാര്‍ തയ്യാറാവുകയാണ്. അപ്പോള്‍ എല്ലാത്തിനും നേതൃത്വം നല്‍കിയ മന്ത്രി എങ്ങിനെ തത്സ്ഥാനത്ത് തുടരും? പക്ഷെ മന്ത്രി തത് സ്ഥാനത്ത് തുടരുന്നു.

ആലപ്പുഴ ജില്ലാ കളകടര്‍ അനുപമയുടെ റിപ്പോര്‍ട്ടിനെ മന്ത്രി സ്ഥാനത്ത് ഇരുന്നുകൊണ്ട് തോമസ്‌ ചാണ്ടി ചോദ്യം ചെയ്യുന്നു. കളക്ടര്‍ അന്വേഷിക്കുന്നതും, നടപടിക്ക് ശുപാര്‍ശ ചെയ്യുന്നതും കോടതി അലക്ഷ്യമാണെന്ന് പ്രഖ്യാപിക്കുന്നു. ഹൈക്കോടതിയില്‍ വാദം നടക്കുന്ന കേസാണിതെന്നു പ്രഖ്യാപിക്കുന്നു. തോമസ്‌ ചാണ്ടി ഈ രീതിയിലുള്ള വാദമുഖങ്ങള്‍ ഉയര്‍ത്തുമ്പോള്‍ ഒരു കാര്യം അദ്ദേഹം തന്നെ വിസ്മരിക്കുന്നു.

തോമസ്‌ ചാണ്ടി അംഗമായ മന്ത്രിസഭയാണ് അനുപമയെ കളക്ടര്‍ ആയി ആലപ്പുഴയ്ക്ക് നിയോഗിച്ചത്. അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകനായ റവന്യൂ മന്ത്രിയും, അദ്ദേഹത്തിന്റെ സ്വന്തം മുഖ്യമന്ത്രിയുമാണ്‌ ലേക്ക് പാലസ് ഭൂമി കയ്യേറ്റം അന്വേഷിക്കാന്‍ ഉത്തരവിട്ടത്. തോമസ്‌ ചാണ്ടിക്കെതിരെ ഗുരുതരമായ ഭൂമി കയ്യേറ്റ ആരോപണങ്ങള്‍ മുഴങ്ങി നില്‍ക്കുമ്പോഴാണ് മുഖ്യമന്ത്രി അനുപമയെ ആലപ്പുഴയ്ക്ക് വിടുന്നത്.

ഭക്ഷ്യസുരക്ഷാ വകുപ്പ് കമ്മിഷണര്‍ ആയിരിക്കെ കടുത്ത നടപടികളാണ് കുത്തക കമ്പനികളായ ‘നിറപറ’യ്ക്കും, ഈസ്റ്റേണ്‍ കറിപൌഡര്‍ കമ്പനിക്കുമെതിരെ അനുപമ നടത്തിയത്. വധഭീഷണി വരെ അനുപമ നേരിട്ടു. ഈ രീതിയിലുള്ള ഉദ്യോഗസ്ഥയെ ആലപ്പുഴ കളകടര്‍ ആയി തോമസ്‌ ചാണ്ടി അടങ്ങിയ മന്ത്രിസഭ തന്നെ നിയോഗിക്കുമ്പോള്‍ ആ കളക്ടര്‍ തോമസ്‌ ചാണ്ടിയെപ്പോലുള്ള ഒരു മന്ത്രിയുടെ ഭൂമി കയ്യേറ്റത്തിനു കുടപിടിക്കും എന്ന് തോമസ്‌ ചാണ്ടിക്ക് ഒഴിച്ച് ആര്‍ക്കും ഊഹിക്കാന്‍ പോലും സാധ്യമല്ല.

മുഖ്യമന്ത്രി പിണറായി വിജയനുകൂടി അറിയാം ആലപ്പുഴ കളകടര്‍ ഏതു രീതിയിലുള്ള റിപ്പോര്‍ട്ടാണ് ലേക്ക് പാലസ് റിസോര്‍ട്ട് പ്രശ്നത്തില്‍ അയക്കാന്‍ പോകുന്നതെന്ന്. സത്യസന്ധമായ റിപ്പോര്‍ട്ട് ആണ് അനുപമ നല്കിയതും. ഈ റിപ്പോര്‍ട്ട് തോമസ്‌ ചാണ്ടിക്കെതിരെ അതി ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തുന്നത് എന്ന് റവന്യൂമന്ത്രി തുറന്നു പറയുകയും ചെയ്തിരിക്കുന്നു. ഇന്നു ഈ റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കുകയാണ്. ഒപ്പം റവന്യൂമന്ത്രി ഒരു റിപ്പോര്‍ട്ടുകൂടി കാബിനെറ്റിനു മുന്നില്‍ സമര്‍പ്പിക്കുന്നു. എല്ലാം തോമസ്‌ ചാണ്ടിക്ക് എതിരെയുള്ളത്.

 

ഇതിനു മുന്‍പ് രണ്ടുമന്ത്രിമാര്‍ ഇടത് മന്ത്രിസഭയില്‍ നിന്നും രാജിവെച്ചിരിക്കുന്നു. വ്യവസായ മന്ത്രിയായിരുന്ന ഉന്നത സിപിഎം നേതാവ് ഇ.പി.ജയരാജന്‍. ബന്ധുത്വ നിയമന വിവാദം അന്തരീക്ഷത്തില്‍ ഉയര്‍ന്നു വന്ന അവസരത്തില്‍ തന്നെ മന്ത്രിയായിരുന്ന ജയരാജനില്‍ നിന്നും സിപിഎം രാജി വാങ്ങി. രണ്ടാമത് എന്‍സിപി മന്ത്രിയായിരുന്ന എ.കെ.ശശീന്ദ്രന്‍. ശശീന്ദ്രന്‍ ഹണിട്രാപ്പില്‍ കുടുങ്ങിയ വാര്‍ത്തകള്‍ ഉയര്‍ന്നു വന്ന ഉടന്‍ തന്നെ ഒരു ചോദ്യവും ആരോടും ഉന്നയിക്കാതെ എ.കെ.ശശീന്ദ്രന്‍ ഉടനടി തന്നെ രാജി വെച്ചു.

ശശീന്ദ്രനെതിരെ ആരോപണം ഉയര്‍ന്നു വന്ന അതേ അവസരത്തില്‍ തന്നെയായിരുന്നു ശശീന്ദ്രന്റെ രാജിയും. രാജി സംബന്ധിച്ച് 24 കേരള ശശീന്ദ്രനോട് പ്രതികരണം തേടിയപ്പോള്‍ ശശീന്ദ്രന്‍ പറഞ്ഞത് ഒരു ലാത്തിചാര്‍ജും, ഒരു ജലപീരങ്കിയും ഈ പ്രശ്നത്തില്‍ ഉയരരുതെന്നു എനിക്ക് നിര്‍ബന്ധമുണ്ട്. അതുകൊണ്ട് രാജി നല്‍കി. ശശീന്ദ്രന്‍ പ്രതികരിച്ചു.

മുഖ്യമന്ത്രി പിണറായി വിജയനെപ്പോലും അമ്പരപ്പിച്ച രാജി നീക്കമാണ് ശശീന്ദ്രന്‍ ഈ ഘട്ടത്തില്‍ നടത്തിയത്. ഈ രണ്ടു മന്ത്രിമാരുടെ വഴി മുന്നില്‍ നില്‍ക്കെയാണ് എന്‍സിപി മന്ത്രി തോമസ്‌ ചാണ്ടി ഏതു വിധേനയും മന്ത്രി സ്ഥാനത്ത് അള്ളിപ്പിടിച്ചിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നത്. ഇടത് ധാര്‍മ്മികതയ്ക്ക് എതിരെ അന്തരീക്ഷത്തില്‍ ഒരു പാട് ചോദ്യങ്ങള്‍ തോമസ്‌ ചാണ്ടി ബാക്കി നിര്‍ത്തുന്നു.

തോമസ്‌ ചാണ്ടിയുടെ തുടരന്‍ ശ്രമങ്ങളാണ് ഇടത് മന്ത്രിസഭയെ പ്രതി ന്ധിയിലാക്കിയിരിക്കുന്നത്. അടിമുടി ധാര്‍മ്മികത ഉയര്‍ത്തിപ്പിടിക്കുന്ന ഇടത് സര്‍ക്കാര്‍ എന്തുകൊണ്ട് തോമസ്‌ ചാണ്ടിയുടെ കാര്യത്തില്‍ ഒരു ഒളിച്ചുകളിക്ക് മുതിരുന്നു എന്ന ചോദ്യത്തിനു ഈ ഘട്ടത്തില്‍ ഇതുവരെ മറുപടി വന്നിട്ടുമില്ല.

എന്‍സിപി ഇടത് ഘടകക്ഷിയാണ്. തോമസ്‌ ചാണ്ടി ഇടത് ഘടകക്ഷി മന്ത്രിയാണ്. അതുകൊണ്ട് പരിമിതികള്‍ ഉണ്ട്. തോമസ്‌ ചാണ്ടിയുടെ അധീനതയിലുള്ള കമ്പനിയാണ് ഭൂമി കയ്യേറിയിരിക്കുന്നത്. വയല്‍ നികത്തല്‍ നടത്തിയ ഭൂമി തോമസ് ചാണ്ടിയുടെ സഹോദരിയുടെ കയ്യിലുള്ള ഭൂമിയാണ്‌. എന്നിങ്ങനെ ഒട്ടനവധി ന്യായീകരണങ്ങള്‍ തോമസ്‌ ചാണ്ടിക്ക് വേണ്ടി നിരത്താമെങ്കിലും ഇടത് സര്‍ക്കാരിന്റെ ധാര്‍മ്മികതയാണ് തോമസ്‌ ചാണ്ടി വിഷയത്തില്‍ ചോദ്യചിഹ്നമാകുന്നത്.

രാജികാര്യം സര്‍ക്കാര്‍ നീട്ടിക്കൊണ്ടു പോയാല്‍ അത് ഇടത് മന്ത്രിസഭയുടെ ഇമേജിന് മങ്ങലേല്‍പ്പിക്കുന്നതാകും. എ.കെ.ശശീന്ദ്രന്റെ രാജിയും, ഇ.പി.ജയരാജന്റെ രാജിയും ഉയര്‍ത്തിയ രാഷ്ട്രീയ തിളക്കങ്ങള്‍ തോമസ്‌ ചാണ്ടി പ്രശ്നത്തില്‍ സര്‍ക്കാരിനു നഷ്ടമാകുകയും ചെയ്യും.