സിനിമാ സെറ്റില്‍ സെല്‍ഫോണിന് വിലക്ക്

ചെന്നൈ: അണിയറ രഹസ്യങ്ങള്‍ ചോരാതിരിക്കാന്‍ തമിഴ്, മലയാള സിനിമകളുടെ സെറ്റില്‍ സെല്‍ഫോണുകള്‍ക്ക് വിലക്ക്. പ്രൊഡക്ഷന്‍ ബോയ്സിന് പോലും മൊബൈല്‍ ഉപയോഗിക്കാന്‍ അനുവാദമില്ല. എല്ലാവര്‍ക്കും യൂണിഫോമും ഐഡന്റിറ്റി കാര്‍ഡും നല്‍കിയിട്ടുണ്ട്. അതുള്ളവര്‍ക്ക് മാത്രമേ ലൊക്കേഷനില്‍ പ്രവേശനമുള്ളൂ. ശങ്കറിന്റെ യന്തിരന്‍ ടുവും ശിവകാര്‍ത്തികേയന്റെ റെമോയും വിജയ് യുടെ തെറിയും എല്ലാം ഇത്തരത്തിലാണ് ചിത്രീകരിച്ചത്.
രജനിമുരുകനിലൂടെ ഹിറ്റ് ജോഡിയായ ശിവകാര്‍ത്തികേയനും കീര്‍ത്തിയും ഒന്നിച്ച ചിത്രമാണ് റെമോ. ചിത്രത്തില്‍ നാല് വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ശിവകാര്‍ത്തികേയന്‍ അവതരിപ്പിച്ചത്. അതിലെ പല സ്റ്റില്‍സും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിടും മുമ്പ് ഇന്റര്‍നെറ്റില്‍ ലീക്കായിരുന്നു. ഇത്തരം പ്രവണതകള്‍ കൂടിവരുന്നത് കൊണ്ടാണ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പലരും മൊബൈലില്‍ പടമെടുത്ത് ഇന്റര്‍നെറ്റിലും മറ്റും ഇടുന്നതിനാലാണ് ഇങ്ങിനെ ഒരു നീക്കമെന്ന് അണിയപ്രവര്‍ത്തകര്‍ പറഞ്ഞു. ഷങ്കറും മണിരത്‌നവും പണ്ട് മുതലേ സെറ്റില്‍ മാധ്യമപ്രവര്‍ത്തകരെ കയറ്റാറില്ല. എന്നാല്‍ അടുത്തകാലത്ത് പ്രൊഡക്ഷന്‍ ബോയ്‌സ് ഉള്‍പ്പെടെ താരങ്ങളുടെ കൂടെ നിന്ന് പടം എടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇടുന്നുണ്ട്. ഇതേ തുടര്‍ന്നാണ് കര്‍ശന നിയന്ത്രണം കൊണ്ടുവരുന്നത്.
മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദറിന്റെയും പൃഥ്വിരാജിന്റെ ടിയാന്റെയും ലൊക്കേഷനില്‍ മാധ്യമപ്രവര്‍ത്തകരെ അടുപ്പിച്ചിരുന്നില്ല. എന്നിട്ടും ഐ.എം വിജയന്‍ മമ്മൂട്ടിയുടെ വില്ലനാകുന്നെന്ന വാര്‍ത്ത ചോര്‍ന്നു. ലൊക്കേഷനുകളില്‍ പ്രൊഡക്ഷന്‍ ബോയ് മുതല്‍ സംവിധായകന് വരെ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയിട്ടുണ്ട്. പുറത്ത് നിന്ന് ഷൂട്ടിംഗ് കാണാനെത്തുന്നവരെ നിയന്ത്രിക്കുന്നതിന് കൂടിയാണിത്. സെറ്റുകളില്‍ സംവിധായകന്‍ അസിസ്റ്റന്റന്‍സുമായും കോസ്റ്റുമറുമായും ആര്‍ട് ഡയറക്ടറുമായും സംസാരിക്കുന്നത് വോക്കി ടോക്കിയിലൂടെയാണ്. അതേസമയം താരങ്ങള്‍ക്ക് വലിയ നിയന്ത്രണമില്ല. ഷോട്ട് ഇല്ലാത്ത സമയത്ത് അവര്‍ക്ക് ഫോണ്‍ ഉപയോഗിക്കാം.