എം.എം.മണി മന്ത്രിയായി

തിരുവനന്തപുരം: എം എം മണി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ പി സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

സഗൗരവമാണ് എം എം മണി സത്യപ്രതിജ്ഞ ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയന്‍, ചീഫ് സെക്രട്ടറി, മന്ത്രിസഭയിലെ മറ്റ് മന്ത്രമാരും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളും ചടങ്ങില്‍ പങ്കെടുത്തു. അതേസമയം ഇപി ജയരാജന്റെ അസാന്നിധ്യം ചടങ്ങില്‍ ശ്രദ്ധേയമായി.

ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ ചോലയില്‍ നിന്നുള്ള നിയമസഭാംഗമാണ് എം എം മണി. ബന്ധു നിയമന വിവാദത്തെ തുടര്‍ന്ന് വ്യവസായ മന്ത്രിയായിരുന്ന ഇപി ജയരാജന്‍ രാജിവെച്ച ഒഴിവിലേക്കാണ് എം എം മണി എത്തിയിരിക്കുന്നത്.

എല്‍ഡിഎഫ് ഭരണകാലത്ത് ഇടുക്കി ജില്ലയില്‍ നിന്ന് സിപിഐഎമ്മിന് മന്ത്രിയെ ലഭിക്കുന്നത് ആദ്യമായാണ്. ഈ മാസം 20 ന് ചേര്‍ന്ന സിപിഐഎം സംസ്ഥാന കമ്മിറ്റിയാണ് മണിയെ മന്ത്രിസഭയിലേക്ക് ശുപാര്‍ശ ചെയ്തത്.

ചില മന്ത്രമാരുടെ വകുപ്പുകളില്‍ മാറ്റവും അന്ന് വരുത്തിയിരുന്നു. എ സി മൊയ്തീന് വ്യവസായ വകുപ്പിന്റെ ചുമതല നല്‍കിയപ്പോള്‍ വൈദ്യുതി വകുപ്പിന് പകരം കടകംപിള്ളി സുരേന്ദ്രന് സഹകരണവും ടൂറിസവും ലഭിച്ചു. ദേവസ്വത്തിന്റെ ചുമതലയും കടകംപിള്ളിയ്ക്ക് നല്‍കിയിട്ടുണ്ട്.