കൈയ്യിലെ പണം തീര്‍ന്നപ്പോള്‍ മോഷണത്തിനിറങ്ങി; ചാവക്കാട്ട് മോഷണത്തിനിടെ പിടിയിലായ കമിതാക്കളുടെ കഥ സിനിമയെ വെല്ലും

കമിതാക്കള്‍ മോഷണക്കുറ്റത്തിന് പോലീസ് പിടിയില്‍. ഒളിച്ചോടി മൂന്നുമാസം കഴിഞ്ഞതോടെ കൈയ്യിലെ പണം തീര്‍ന്ന് പട്ടിണിയിലായതോടെയാണ് കാമുകിയേയും കാമുകനേയും മോഷണത്തിന് പ്രേരിപ്പിച്ചത്. ചാവക്കാട് ഒരു കടയില്‍ കണ്ണില്‍ മുളക് പൊടി എറിഞ്ഞ് പരീക്ഷിച്ച മോഷണം ആദ്യ ശ്രമമായതിനാല്‍ തന്നെ പാളുകയായിരുന്നു. നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചപ്പോഴാണ് ഇരുവരുടേയും ജീവിതകഥ പുറത്തറിഞ്ഞത്.

എറണാകുളം സ്വദേശികളാണ് ഈ ദമ്പതി കള്ളന്‍മാര്‍. കൊച്ചി കലൂര്‍ ആസാദ് റോഡില്‍ വട്ടപ്പറമ്പില്‍ സ്വദേശിയായ സൗരവും ചേരാനെല്ലൂര്‍ ഇടയകുന്നം നികത്തില്‍ ശ്രീക്കുട്ടിയും. മൂന്ന് മാസം മുമ്പാണ് സൗരവ് ശ്രീക്കുട്ടിയുമായി ആദ്യം ഒളിച്ചോടിയത്. എന്നാല്‍ അന്ന് പ്രായപൂര്‍ത്തിയാകാതിരുന്നതിനാല്‍ ഇരുവരേയും പോലീസ് പിടികൂടുകയും കോടതി വഴി അവരവരുടെ വീടുകളില്‍ കൊണ്ടാക്കുകയുമായിരുന്നു. എന്നാല്‍ 18 തികയാന്‍ നോക്കിയിരുന്ന ഇരുവരും ഒരു മാസം മുമ്പ് വീണ്ടും ഒളിച്ചോടുകയായിരുന്നു. മോഷ്ടിച്ച ബൈക്കിലായിരുന്നു ഒളിച്ചോടിയത്. ഏതാനും ആഴ്ചകള്‍ ഗുരുവായൂരിലെ ഒരു ലോഡ്ജില്‍ ഒരുമിച്ചു താമസിക്കുകയും ചെയ്തു. കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെയാണ് മോഷണത്തിനിറങ്ങിയത്.

ഞായറാഴ്ച ഉച്ചവരെ മാത്രം തുറക്കുന്ന തൃശൂര്‍ ചാവക്കാട് പഞ്ചാരമുക്കിലെ ‘ഫസ’ ഹാര്‍ഡ്‌വെയര്‍ കട ഉന്നമിട്ട യുവ മിഥുനങ്ങള്‍ ഞായറാഴ്ച രാവിലെ തന്നെ കടയിലെത്തുകയായിരുന്നു. കംപ്യൂട്ടറിന്റെ എക്‌സ്റ്റന്‍ഷന്‍ വയര്‍ വാങ്ങാനെന്ന വ്യാജേനെ ചുറ്റിപ്പറ്റി നിന്ന ഇവര്‍ ഞായറാഴ്ച രാവിലെ പതിനൊന്നു മണിയോടെ കടയില്‍ അധികമാള്‍ക്കാര്‍ ഇല്ലാത്ത സമയം നോക്കി തങ്ങളുടം ഉദ്യമത്തിന് മുതിരുകയായിരുന്നു. മറ്റ് ഉപഭോക്താക്കള്‍ ഇല്ലെന്ന് ഉറപ്പു വരുത്തിയ ദമ്പതിമാര്‍ എക്സ്റ്റന്‍ഷന്‍ കോഡ് ചോദിക്കുകയും 500 രൂപയുടേത് മതിയെന്ന് പറയുകയും ചെയ്തു. തന്റെ കയ്യിലെ 2000 രൂപയ്ക്ക് ചില്ലറവേണമെന്നും ഇതിനിടെ ആവശ്യപ്പെട്ടു. നോട്ട് കാണിച്ച ശേഷം ചില്ലറ നല്‍കാമെന്ന് പറഞ്ഞ ഹംസയോട് നോട്ടെടുക്കാന്‍ പോകുകയാണെന്ന് പറഞ്ഞ് ബൈക്കിനടുത്തേക്ക് നടക്കുകയും ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് തിരിച്ചുവന്ന സൗരവ് കടയുടമയുടെ കണ്ണിലേക്ക് മുളകുപൊടി എറിയുകയും ചെയ്തു.

തുടര്‍ന്ന് ഹംസയുടെ പോക്കറ്റിലെയും ക്യാഷ് കൗണ്ടറിലെയും പണമെടുക്കാന്‍ ഇരുവരും ശ്രമം നടത്തുമ്പോള്‍ ഹംസ ഒച്ച വെയ്ക്കുകയും സൗരവിന്റെ കഴുത്തില്‍ മുറുകെ പിടിക്കുകയും ചെയ്തു. പിടിയില്‍ നിന്നും സൗരവ് രക്ഷപ്പെട്ടെങ്കിലും സൗരവിന്റെ ദേഹത്തിടിച്ചു വീണ ശ്രീക്കുട്ടിയുടെ മുടിക്കുത്തില്‍ ഹംസ പിടിമുറുക്കുകയായിരുന്നു. പിടിവലിക്കിടെ ഇരുവരുമായി ഹംസ പുറത്തെത്തുകയും ബഹളം വെക്കുകയും ചെയ്തു. ഇതോടെ ഓടിക്കൂടി നാട്ടുകാര്‍ കാമുകീകാമുകന്മാരെ പിടിച്ചു നിര്‍ത്തുകയും പോലീസിന് കൈമാറുകയുമായിരുന്നു.

കോടതിയില്‍ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലും ശ്രീക്കുട്ടിയെ തൃശൂര്‍ വനിതാ ജയിലിലേക്കും മാറ്റുകയായിരുന്നു.