അഡ്വ. സി.പി ഉദയഭാനു അറസ്റ്റില്‍

ചാലക്കുടിയിലെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് വധക്കേസിലെ ഏഴാം പ്രതിയായ അഡ്വ. സി.പി ഉദയഭാനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.തൃപ്പൂണിത്തറ ഡി.വൈ.എസ്.പിയ്ക്ക് മുമ്പാകെ കീഴടങ്ങാന്‍ സന്നദ്ധത അറിയിച്ച ഉദയഭാനുവിനെ സഹോദരന്റെ വീട്ടില്‍ നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്.ഉദയഭാനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് അദ്ദേഹം നാടകീയമായി കീഴടങ്ങാനുള്ള സന്നദ്ധത അറിയിച്ചത്.

അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ നേരിട്ട് ഹാജരാകാമെന്ന ഉദയഭാനുവിന്റെ വാദം തള്ളിയ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിക്കുകയായിരുന്നു. ഉദയഭാനുവിനെതിരെ തെളിവുണ്ടെന്നും ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യുഷന്‍ നിലപാട്. 12 പേജ് ഉള്ള റിപ്പോര്‍ട്ടും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. രാജീവ് കൊല്ലപ്പെട്ട ദിവസം ഉച്ചയ്ക്ക് ശേഷം ഉദയഭാനുവും പ്രതികളായ ജോണിയും രഞ്ജിത്തും ആലപ്പുഴയില്‍ ഒരേ ടവര്‍ ലൊക്കേഷന് കിഴില്‍ ഉണ്ടായിരുന്നു എന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.

ഫോണ്‍ രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. ഗൂഢാലോചനയില്‍ ഉദയഭാനുവിന് പങ്കുണ്ടെന്നും ചോദ്യം ചെയ്യേണ്ടതുണ്ടെന്നുമാണ് പ്രോസിക്യൂഷന്റെ നിലപാട്. അഭിഭാഷകന്‍ എന്ന നിലയിലാണ് പ്രതികളുമായി സംസാരിച്ചതെന്നാണ് ഉദയഭാനുവിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.തുടര്‍ന്ന് ഉദയഭാനുവിന്റെ തൃപ്പൂണിത്തുറയിലുള്ള വീട്ടില്‍ കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തി. എന്നാല്‍, ഉദയഭാനു വീട്ടില്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടുള്ള കത്ത് പൊലീസ് അദ്ദേഹത്തിന്റെ വീട്ടിലുണ്ടായിരുന്നവര്‍ക്ക് കൈമാറിയ ശേഷം പൊലീസ് സംഘം മടങ്ങി.