ടെക്‌സസില്‍ കൊല്ലപ്പെട്ട ഷെറിന്റെ മൃതദേഹം കാണപ്പെട്ട കലുങ്ക് സ്മാരകമാക്കുന്നു

ഡാളസ്: അമേരിക്കയിലെ ടെക്‌സസില്‍ മരിച്ച മൂന്നു വയസുകാരി ഷെറിന്‍റെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തെ കലുങ്ക് സ്മാരകമാക്കാന്‍ നീക്കം. ഷെറിനെ കാണാതായെന്നു വളര്‍ത്തച്ഛന്‍ വെസ്‌ലി പറഞ്ഞ മരവും ഈ കലുങ്കും ഇപ്പോള്‍ തന്നെ സ്മാരക സമാനമാണ്.

കുഞ്ഞിനായി തെരച്ചില്‍ നടന്ന ദിവസങ്ങളില്‍ രണ്ടിടത്തും അയല്‍ക്കാര്‍ വന്ന് കളിപ്പാട്ടങ്ങള്‍ വയ്ക്കുകയും പ്രാര്‍ഥന നടത്തുകയും ചെയ്തിരുന്നു. ഇന്ത്യന്‍ വംശജനായ ഒമര്‍ സിദ്ദിഖിയുടെ നേതൃത്വത്തിലാണ് കലുങ്ക് സ്ഥിരം സ്മാരകമാക്കാന്‍ നീക്കം നടത്തുന്നത്.

എറണാകുളം സ്വദേശികളായ വെസ്‌ലി മാത്യുവും സിനിയും ചേര്‍ന്ന് ഇന്ത്യയില്‍നിന്ന് ദത്തെടുത്ത ഷെറിനെ ഒക്ടോബര്‍ ഏഴിനു കാണാതാവുകയും രണ്ടാഴ്ചയ്ക്കുശേഷം മൃതദേഹം വീട്ടില്‍നിന്ന് മുക്കാല്‍ കിലോമീറ്റര്‍ അകലെയുള്ള കലുങ്കിനടിയില്‍ കണ്ടെത്തുകയുമായിരുന്നു.

നിര്‍ബന്ധിച്ചു പാലുനല്കിയപ്പോള്‍ തൊണ്ടയില്‍ കുടുങ്ങി മരിച്ചുവെന്നു കരുതി കലുങ്കിനടിയില്‍ ഉപേക്ഷിച്ചുവെന്നാണ് വെസ്‌ലി അവസാനം പോലീസിനു നല്കിയ മൊഴി. കുഞ്ഞിനെ അപകടത്തിലാക്കുകയെന്ന കുറ്റത്തിന് ഇയാള്‍ അറസ്റ്റിലാണ്.