ശബരിമലയിലെ സ്ത്രീ പ്രവേശനം: കോടതി വിധിച്ചാലും അനുസരിക്കാൻ പാടില്ലെന്ന് പ്രയാർ ​ഗോപാലകൃഷ്ണൻ

തിരുവനന്തപുരം:ശബ​രിമലയിൽ സ്ത്രീകൾക്ക് കയറാമെന്ന് കോടതി വിധിച്ചാലും അനുസരിക്കരുതെന്ന ആഹ്വാനവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ. ശബ​രിമലയിൽ കയറാമെന്ന് കോടതി വിധിച്ചാൽ ഈശ്വര വിശ്വാസമുള്ള, ചെറുപ്പക്കാരികളായ സ്ത്രീകൾ കയറരുതെന്നാണ് പ്രയാർ ഗോപാലകൃഷ്ണൻ ആഹ്വാനം ചെയ്തത്.

ഹിന്ദു ധർമ്മ പരിഷത്തിന്റഹിന്ദു മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള സ്വാഗത സംഘ രൂപീകരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിശ്വസിക്കുന്ന മതത്തിലെ ആചാരാനുഷ്ഠാനങ്ങൾ സംരക്ഷിക്കാനുള്ള അവസരം ഒരുക്കേണ്ടത് ഭരണഘടനാസ്ഥാപനങ്ങളുടെ ചുമതലയാണെന്ന് നട്ടെല്ല് നിവർത്തി പറയാനും അതു നേടാനും കഴിയണമെന്നും പ്രയാർ പറഞ്ഞു.

കോടതി വിധിച്ചാല്‍ പോലും മാനവും മര്യാദയുമുള്ള സ്ത്രീകള്‍ ശബരിമല കയറില്ലെന്നു പ്രയാര്‍ ഗോപാലകൃഷ്ണന്‍ മുൻപ് പ്രസ്താവിച്ചിരുന്നു. എന്നാൽ വിശ്വാസികളോട് ആഹ്വാനം നല്കിയിരുന്നില്ല. സ്ത്രീകൾ കയറിയാൽ ശബരിമല തായ്ലൻഡ് പോലെയാകുമെന്നും അങ്ങനെയാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും സെക്സ് ടൂറിസത്തെപ്പറ്റി പറയാതെ പറഞ്ഞ പ്രയാർ ഗോപാലകൃഷ്ണന്റെ പ്രസ്താവന വിവാദമായിരുന്നു.