പുതിയ കെ.പി.സി.സി അധ്യക്ഷന്‍ എന്നുവരും; കാത്തിരിപ്പ് നീളുന്നു

പുതിയ കെപിസിസി പ്രസിഡന്റ് ആരാകും? കോണ്‍ഗ്രസ് വൃത്തങ്ങളില്‍ ആകാംക്ഷ പടര്‍ന്നു തുടങ്ങി. പുതിയ കെപിസിസി പ്രസിഡന്റിനെ തിരഞ്ഞെടുക്കാനുള്ള അധികാരം പ്രമേയം വഴി ഹൈക്കമാന്‍ഡിനു നല്‍കി കാത്തിരിക്കുകയാണ് കേരളാ പിസിസി നേതൃത്വം. പ്രമേയം പാസാക്കിയതുമുതല്‍ കേരളാ പ്രദേശ്‌ കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരാകണം എന്ന കാര്യത്തില്‍ ചൂടന്‍ ചര്‍ച്ചകള്‍ക്കും നേതാക്കള്‍ തുടക്കമിട്ടിട്ടുണ്ട്.

പ്രതിപക്ഷ നേതാവ് ഐ ഗ്രൂപ്പില്‍ നിന്നായതിനാല്‍ കെപിസിസി പ്രസിഡന്റ് എ ഗ്രൂപ്പില്‍ നിന്നും എന്ന രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രക്രിയ പ്രകാരം ജാതീയ സമവാക്യങ്ങള്‍ക്കും തുല്യ പ്രാധാന്യമുണ്ട്. പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഹിന്ദുവായതിനാല്‍ കെപിസിസി അധ്യക്ഷ പദവി ക്രിസ്ത്യന്‍ സമുദായാംഗത്തില്‍ നിന്നുള്ള ഒരു നേതാവിനാകാനാണ്‌ സാധ്യത.

അങ്ങിനെയാണെങ്കില്‍ കെ.വി.തോമസോ പി.ടി.തോമസോ ആണ് ആദ്യം പരിഗണിക്കപ്പടുക. മുന്‍പും ഇവരുടെ രണ്ടുപേരുടെ പേരുകള്‍ കെപിസിസി അധ്യക്ഷ പദവിയിലേക്ക് പരിഗണിക്കപ്പെട്ടിട്ടുണ്ട്. വി.ഡി.സതീശന്‍, കെ.മുരളീധരന്‍ എന്നിവരുടെ പേരുകളും ഒപ്പം ഉയരുന്നുണ്ട്. ” കെപിസിസി അധ്യക്ഷ പദവിയെ സംബന്ധിച്ച തീരുമാനം രാഹുല്‍ ഗാന്ധി തന്നെയാകും കൈക്കൊള്ളുക. അത് ഗ്രൂപ്പുകള്‍ക്ക് അതീതമായി കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വത്തിനു സ്വീകാര്യമായ ആള്‍ കൂടിയാകും.

”ഒരുപാട് പരിഗണനകള്‍ കെപിസിസി അധ്യക്ഷനെ തീരുമാനിക്കുമ്പോള്‍ കടന്നു വരും.” കെ.വി.തോമസ്‌ എംപി 24 കേരളയോടു പ്രതികരിച്ചു. രാഹുല്‍ ഗാന്ധി എഐസിസി അധ്യക്ഷ പദവിയില്‍ എത്തിയാല്‍ മാത്രമേ കേരളത്തിലെ കോണ്‍ഗ്രസ് അധ്യക്ഷ പദവിയെ സംബന്ധിച്ച് തീരുമാനം എടുക്കുകയുള്ളൂ. കേന്ദ്ര നേതൃത്വത്തില്‍ അധികാരകൈമാറ്റം വരണം. അതിനു ശേഷം മാത്രമേ രാഹുല്‍ ഗാന്ധി ഈ തീരുമാനം കൈക്കൊള്ളുകയുള്ളൂ-കെ.വി.തോമസ്‌ പറഞ്ഞു.

”ആരൊക്കെ പരിഗണിച്ചാലും കെപിസിസി അധ്യക്ഷ പദവിയിലേക്ക് താന്‍ ഇല്ല. ”. വട്ടിയൂര്‍ക്കാവ് എംഎല്‍എയും മുന്‍ കെപിസിസി അധ്യക്ഷനുമായ കെ.മുരളീധരന്‍ 24 കേരളയോടു പറഞ്ഞു. മുന്‍പ് രണ്ടു വര്‍ഷം കെപിസിസി അധ്യക്ഷ പദവി നല്ല രീതിയില്‍ കൊണ്ടുപോയി. ആ പേര് നിലനില്‍ക്കുന്നുണ്ട്. ആ പേര് മോശമാക്കുന്ന വിധത്തില്‍ ഒരു നീക്കത്തിനും ഞാനില്ല. എനിക്ക് കെപിസിസി അധ്യക്ഷ പദവി തത്ക്കാലം വേണ്ട -കെ.മുരളീധരന്‍ പറഞ്ഞു. എന്തായാലും ഒരു പ്രമേയം വഴി കെപിസിസി അധ്യക്ഷനെ തീരുമാനിക്കാനുള്ള അധികാരം എഐസിസിക്ക് നല്‍കി കാത്തിരിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം.

തങ്ങള്‍ക്ക് ഹിതകരമായ നേതാവ് വേണം ആ പദവി കയ്യാളാന്‍ എന്ന് കേരളത്തിലെ പ്രബലരായ എ-ഐ ഗ്രൂപ്പുകള്‍ തീരുമാനിക്കുകയും ചെയ്തിരിക്കുന്നു. തത്ക്കാലം കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രദ്ധ രമേശ്‌ ചെന്നിത്തല കാസര്‍കോട്‌ നിന്നും തുടക്കമിട്ട ‘പടയൊരുക്കം’ യാത്രയിലാണ്. ഈ യാത്രയില്‍ ഉടനീളം കോണ്‍ഗ്രസ് നേതാക്കള്‍ നടത്തുന്ന ചര്‍ച്ചകളും പുതിയ പിസിസി പ്രസിഡന്റ് ആരാവണം എന്നുതന്നെയാകും.