കോഹ്ലിക്ക് പിറന്നാൾ; ആഘോഷിച്ച് സഹതാരങ്ങൾ

രാജ്കോട്ട്: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് 29 വയസ് തികഞ്ഞു. ചെറുപ്രായത്തിൽ തന്നെ ടീമിന്റെ നായകത്വം ഏറ്റെടുത്ത വിരാട് കോഹ്‌ലി ടീമംഗങ്ങൾക്കെല്ലാം പ്രിയപ്പെട്ടവനാണ്. അതാണ് പിറന്നാൾ ആഘോഷത്തിലും നിറഞ്ഞുനിന്നത്.

ബിസിസിഐ തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ പുറത്തുവിട്ടത്. കേക്ക് മുറിച്ച കോഹ്‌ലി ആദ്യത്തെ കഷ്ണം നൽകിയത് ശിഖർ ധവാനാണ്. പിന്നീടുള്ള ചിത്രങ്ങളിൽ യുസ്‌വേന്ദ്ര ചാഹലും കുൽദീപ് യാദവും കോഹ്‌ലിയുടെ തല കേക്ക് കൊണ്ട് പൊതിഞ്ഞുവയ്ക്കുന്നത് കാണാം.

ഇന്ത്യൻ ടീമിന്റെ നായകനെന്ന നിലയിൽ കോഹ്‌ലിയുടെ ആദ്യ പിറന്നാൾ ആഘോഷമാണിത്. ന്യൂസിലൻഡിനെതിരായ രണ്ടാം ടി20 മത്സരം തോറ്റതിന് ശേഷമാണ് ഈ ആഘോഷം നടന്നത്.