വികസന വിരോധികൾ വിരട്ടാൻ നോക്കേണ്ടെന്ന് പിണറായി വിജയൻ

ഗെയിൽ സമരത്തിനെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വികസന വിരോധികളുടെ സമ്മർദ്ദത്തിന് കീഴ്പ്പെട്ട് പദ്ധതിയിൽ നിന്ന് പിന്മാറില്ലെന്ന ശക്തമായ സൂചനയാണ് മുഖ്യമന്ത്രി ഇന്ന് നൽകിയത്.

“വികസന വിരോധികളുടെ സമ്മർദ്ദത്തിൽ പദ്ധതികൾ നിർത്തുന്ന കാലം മാറി. എൽഡിഎഫ് സർക്കാർ ഇത്തരം സമ്മർദ്ദത്തിന് കീഴടങ്ങില്ല. ചില നിക്ഷിപ്ത താത്പര്യക്കാരാണ് വികസന വിരോധികളെ നയിക്കുന്നത്. വികസനം എല്ലാവരും ആഗ്രഹിക്കുന്നതാണ്. എന്നാൽ ചിലർ ഇതിന് തടസ്സം നിൽക്കുകയാണ്”, അദ്ദേഹം പറഞ്ഞു.

ഉയർന്ന വിദ്യാഭ്യാസം നേടിയവർക്ക് നാട്ടിൽ ജോലി കിട്ടാത്ത അവസ്ഥയുണ്ട്. നാട്ടില്‍ എന്ത് വികസനപദ്ധതി കൊണ്ടു വന്നാലും എതിര്‍ക്കാന്‍ ഒരു വിഭാഗം മുന്നിട്ടിറങ്ങുന്നുണ്ട്. വികസനവിരോധികളുടെ വിരട്ടലിന് വഴങ്ങി പദ്ധതികള്‍ അവസാനിപ്പിക്കുന്ന കാലം കഴിഞ്ഞുവെന്നും പിണറായി പറഞ്ഞു.