കത്തോലിക്ക സഭ വിവാഹിതരായവരേയും പള്ളീലച്ചനാകാന്‍ പരിഗണിക്കുന്നു

കത്തോലിക്കാ സഭയുടെ കാലാനുസൃത നവീകരണ കാര്യത്തില്‍ എന്നും മുന്നിലുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ നിര്‍ദേശവും പാരമ്പര്യവാദികളുടെ നെറ്റി ചുളിപ്പിക്കുന്നു. അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ വിവാഹിതരേയും പുരോഹിത പദവിയിലേക്ക് പരിഗണിക്കാനുള്ള അദ്ദേഹത്തിന്റെ നീക്കമാണ് പുതിയ ട്വിസ്റ്റ്. പുരോഹിതരുടെ കുറവ് നേരിടുന്ന ഉള്‍നാടന്‍ പ്രദേശങ്ങളില്‍ നല്ല വിശ്വാസികളാണെങ്കില്‍ വിവാഹിതരെയും പള്ളീലച്ചന്മാരായി പരിഗണിക്കാനാണ് ഉദ്ദേശം.

ലാറ്റിനമേരിക്കന്‍ ഉള്‍നാടുകളില്‍ കുറച്ചു പുരോഹിതര്‍ക്ക് കൂടുതല്‍ പള്ളികളുടെ കാര്യം നോക്കേണ്ടി വരുന്ന അമിതഭാരത്തെക്കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ന്നിരിക്കുന്ന സാഹചര്യത്തിലാണ് കറ തീര്‍ന്ന വിശ്വാസികളെങ്കില്‍ വിവാഹിതരേയും പരിഗണിക്കാം എന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാമെന്നായിരിക്കുന്നത്. ഇത്തരം പ്രതിസന്ധികളെ കുറിച്ച് ബ്രസീലിലിലെ ചില ബിഷപ്പുമാരുടെ പരാതിയെ തുടര്‍ന്നാണ് ഇത്തരമൊരു ആവശ്യം പരിഗണിക്കുന്നതിലേക്ക് മാര്‍പാപ്പയുടെ ശ്രദ്ധയെ കൊണ്ടുവന്നത്. തങ്ങള്‍ വര്‍ഷത്തില്‍ രണ്ടു തവണ പോലും ചിലയിടങ്ങളിലെ കാര്യങ്ങള്‍ നിര്‍വ്വഹിക്കാനാകുന്നില്ലെന്നായിരുന്നു ബിഷപ്പുമാരുടെ പരാതി.

അതേസമയം ഇത്തരം സാഹചര്യത്തില്‍ വിവാഹിതരായ പുരോഹിതര്‍ ക്രൈസ്തവികതയിലുള്ള തങ്ങളുടെ വിശ്വാസവും പള്ളിയോടുള്ള പ്രതിബദ്ധതയും തെളിയിച്ചവരായിരിക്കണം. പുരോഹിതര്‍ വിവാഹിതരാകുന്നതിനെ പാരമ്ബര്യമായി വത്തിക്കാന്‍ അനുവദിക്കുന്നില്ല. എന്നാല്‍ ചിലപ്പോഴെല്ലാം കുടുംബം ഉണ്ടാക്കാനായി പൗരോഹിത്യം ഉപേക്ഷിച്ചു പോയ ചിലരെ തിരിച്ചുവരാന്‍ അനുവദിച്ചിട്ടുമുണ്ട്. വിവാഹിതരായ പുരോഹിതരുടെ കാര്യത്തില്‍ ബ്രഹ്മചര്യം മുന്‍ നിര്‍ത്തിയുള്ള സഭയുടെ അച്ചടക്കം തന്നെയാണ് സിദ്ധാന്തത്തേക്കാള്‍ സ്വീകാര്യമെന്നാണ് കത്തോലിക്കാ സഭയുടെ ദൈവശാസ്ത്രകാരന്മാര്‍ കരുതുന്നത്. എന്നാല്‍ പരമ്ബരാഗതമായി നിലനില്‍ക്കുന്ന പുരോഹിതരുടെ ബ്രഹ്മചര്യം എന്ന നിയമം പൂര്‍ണ്ണമായി എടുത്തുമാറ്റാന്‍ മാര്‍പാപ്പ ആലോചിക്കുന്നില്ല. അതേസമയം തന്നെ പുരോഹിതരുടെ ദൗര്‍ലഭ്യം കുറയ്ക്കാന്‍ വേണ്ടി മാത്രമാണ് ഈ ഇളവെന്നു മാത്രം.

വിവാഹിതരായ വിശ്വാസദീക്ഷയോട് കൂടിയ പുരോഹിതരെ പരിഗണിക്കുന്ന കാര്യം ഈ വര്‍ഷം ആദ്യം തന്നെ മാര്‍പ്പാപ്പ സൂചിപ്പിച്ചിരുന്നു. 10,000 പള്ളികള്‍ക്ക് ഒരു പുരോഹിതരുള്ള ആമാസോണ്‍ മേഖലകളില്‍ വിവാഹിതരായ പുരോഹിതരെ പരിഗണിക്കണമെന്ന് ബ്രസീലിയന്‍ കര്‍ദിനാളും മാര്‍പാപ്പയുടെ ഉറ്റ സ്‌നേഹിതനുമായ ക്‌ളോഡിയോ ഹ്യൂംസ് പറഞ്ഞു. കിഴക്കന്‍ കാത്തോലിക്ക സഭകളിലെ പുരോഹിതരെയും കത്തോലിക്കയിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ആംഗ്‌ളിക്കന്‍ പുരോഹിതര്‍ക്കും വിവാഹ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.