റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍

സിസ്റ്റര്‍ റാണി മരിയ വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ട ചടങ്ങില്‍ സിസ്റ്ററിന്റെ തിരുശേഷിപ്പ് അടങ്ങുന്ന പേടകം കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഏറ്റുവാങ്ങുന്നു

ഇന്‍ഡോര്‍: കത്തോലിക്കാ സഭയുടെ വിശ്വാസ വഴികളില്‍ പ്രകാശം പരത്തുന്ന തിരിനാളമായി സിസ്റ്റര്‍ റാണി മരിയ എന്ന മലയാളി വാഴ്ത്തപ്പെട്ട രക്തസാക്ഷിത്വത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലാണു പ്രഖ്യാപന ശുശ്രൂഷകള്‍ നടന്നത്.
അഞ്ചു കര്‍ദിനാള്‍മാരും അറുപതോളം മെത്രാന്മാരും നൂറുകണക്കിന് വൈദികരും സന്യാസിനികളും പതിനയ്യായിരത്തോളം വിശ്വാസികളും ചടങ്ങില്‍ പങ്കെടുത്തു.

സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്ലൈഹിക തിരുവെഴുത്ത് നാമകരണ നടപടികള്‍ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും വായിച്ചു.

റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്ഫോര്‍ ടോപ്പോ മാര്‍പാപ്പയുടെ പ്രഖ്യാപനം ഹിന്ദിയില്‍ പരിഭാഷപ്പെടുത്തി. തുടര്‍ന്ന് വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ തിരുശേഷിപ്പ്, ശില്പം, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം നടന്നു. സിസ്റ്റര്‍ റാണി മരിയയുടെ വാരിയെല്ലിന്റെ ഭാഗമാണു തിരുശേഷിപ്പായി സമര്‍പ്പിച്ചത്.

വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പാത പിന്തുടര്‍ന്ന ഫ്രാന്‍സിസ്‌കന്‍ സന്യാസിനി സമൂഹത്തില്‍ നിന്ന് ഒരു വാഴ്ത്തപ്പെട്ടവളെ ലഭിക്കുന്നതിലൂടെ ഭാരതസഭ കൂടുതല്‍ അനുഗ്രഹീതമായെന്ന് കര്‍ദിനാള്‍ അമാത്തോ വചനസന്ദേശത്തില്‍ പറഞ്ഞു.
തുടര്‍ന്നു നടന്ന പൊതുസമ്മേളനത്തില്‍ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.റാണി മരിയയുടെ ഘാതകന്‍ സമന്ദര്‍ സിംഗും സ്ന്നിഹിതനായിരുന്നു. ഇന്ന് സിസ്റ്ററിന്റെ കബറിടമുള്ള ഉദയ്‌നഗറില്‍ കൃതജ്ഞതാബലി അര്‍പ്പിക്കും.