തോമസ് ചാണ്ടിയെ സംരക്ഷിച്ചാല്‍ നാണക്കേടെന്ന് യെച്ചൂരി

ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ ഇനിയും തുടരാന്‍ അനുവദിക്കുന്നത് പാര്‍ട്ടിക്കും മുന്നണിക്കും നാണക്കേടാണെന്ന നിലപാടില്‍ സിപിഎം കേന്ദ്ര നേതൃത്വം. ഇത് മുഖ്യമന്ത്രിയെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചതായും സൂചന. എന്നാല്‍ സംസ്ഥാനതലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കേന്ദ്ര നേതൃത്വം ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കില്ല. അഭിപ്രായം അറിയിക്കുകയാണ് ചെയ്തത്.

അതേസമയം, ഈ കേന്ദ്ര നേതൃത്വത്തിന്റെ ഈ അഭിപ്രായം തള്ളി മുഖ്യമന്ത്രിക്കോ സംസ്ഥാന നേതൃത്വത്തിനോ മുന്നോട്ടു പോകാനാകില്ലെന്നാണ് സൂചന. തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റം സംബന്ധിച്ച് ത്വരിത പരിശോധനയ്ക്ക് വിജിലന്‍സ് കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ക്കൂടിയാണ് കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍. എന്നാല്‍ ഇത് ഇടപെടല്‍ അല്ലെന്നും സാധാരണഗതിയില്‍ പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉണ്ടാകുന്ന വിവാദവിഷയങ്ങളില്‍ കേന്ദ്ര നേതൃത്വത്തിന്റെ അഭിപ്രായം സംസ്ഥാന നേതൃത്വത്തെ അറിയിക്കുന്ന രീതിയുണ്ടെന്നുമാണ് കേരള നേതൃത്വത്തിന്റെ നിലപാട് എന്ന് അറിയുന്നു. മാത്രമല്ല തോമസ് ചാണ്ടിയെ സംരക്ഷിക്കുന്ന നിലപാട് കേരള നേതൃത്വമോ മുഖ്യമന്ത്രിയോ സ്വീകരിക്കുന്നതായി കേന്ദ്ര നേതൃത്വം ഇതുവരെ വിലയിരുത്തിയിട്ടുമില്ലെന്ന് നേതാക്കള്‍ പറയുന്നു. യെച്ചൂരിയുടെ അഭിപ്രായം അറിയിക്കലും കേരള നേതാക്കളുടെ പ്രതികരണങ്ങളും പരസ്യമായിട്ടില്ല. തിങ്കളാഴ്ച ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗ തീരുമാനത്തെ ഇത് സ്വാധീനിച്ചേക്കും.

വിജിലന്‍സ് ത്വരിത പരിശോധനയില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നു കണ്ടാല്‍ കേസെടുത്ത് അന്വേഷിക്കുകയാണ് ചെയ്യേണ്ടത്. ആ ഘട്ടത്തില്‍ എത്തിയാല്‍ തോമസ് ചാണ്ടിയെ രാജിവയ്പിച്ചാല്‍ മതിയെന്ന നിലപാടാണ് മുഖ്യമന്ത്രിയുടേത് എന്നാണ് അറിയുന്നത്. സംസ്ഥാന സെക്രട്ടേറിയറ്റ് അത് അംഗീകരിച്ചാല്‍ തീരുമാനം നീളും. അതല്ല, മുന്നണി തലത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കാം എന്ന നിലപാടിലേക്ക് സെക്രട്ടേറിയറ്റ് എത്തിയാല്‍ മുന്നണി യോഗം വൈകാതെ ചേരും. മുന്നണി യോഗത്തില്‍ തങ്ങളുടെ നിലപാട് അറിയിക്കുമെന്നാണ് സിപിഐ പറഞ്ഞത്. തോമസ് ചാണ്ടി പ്രശ്നത്തില്‍ കൂടുതല്‍ പരസ്യ വിവാദങ്ങള്‍ക്കു നില്‍ക്കാതെ മന്ത്രിയെ രാജിവയ്പിക്കുന്ന ശക്തമായ നിലപാട് മുന്നണിയില്‍ എടുക്കാന്‍ സിപിഐ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ക്കൂടിയാണ് സിപിഎം കേന്ദ്ര നേതൃത്വം ‘ഇടപെട്ടിരിക്കുന്നത്’ എന്നത് ശ്രദ്ധേയമാണ്. ജനജാഗ്രതാ യാത്രയുടെ സ്വീകരണച്ചടങ്ങില്‍ ‘ഇനിയും നികത്തും’ എന്ന് തേമസ് ചാണ്ടി പറഞ്ഞതും പ്രതിപക്ഷത്തെ വെല്ലുവിളിച്ചതും മുഖ്യമന്ത്രിയുടെ അനിഷ്ടത്തിന് ഇടയാക്കി എന്ന് മാധ്യമങ്ങളെ അറിയിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസാണ്. മന്ത്രിസഭാ യോഗത്തിനു ശേഷം തോമസ് ചാണ്ടിയെ വിളിച്ചുവരുത്തി ശാസിച്ചുവെന്നാണ് പുറത്തുവന്നത്. അങ്ങനെയൊരു പ്രതികരണം മുഖ്യമന്ത്രി നടത്തി എന്ന് പുറത്ത് വന്നത് താന്‍ തോമസ് ചാണ്ടിയെ സംരക്ഷിക്കില്ല എന്ന സന്ദേശം നല്‍കാനുള്ള പിണറായിയുടെ തീരുമാനപ്രകാരമായിരുന്നുതാനും. മുഖ്യമന്ത്രിക്ക് മാധ്യമങ്ങളെ അറിയിക്കാനുള്ള കാര്യങ്ങള്‍ മാത്രമാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പുറത്തുവരാറുള്ളത്. ഇത് പുറത്തുവരണം എന്ന് തീരുമാനിച്ച് പുറത്തുവിടുകയായിരുന്നു.