ഗുജറാത്ത് പിടിക്കാന്‍ രാഹുലിന്റെ 40 അംഗ രഹസ്യസേന

ഭരണവിരുദ്ധ വികാരം ഉണര്‍ത്തി ബിജെപിയുടെ കസ്റ്റഡിയില്‍ നിന്ന് ജനങ്ങളെ അടര്‍ത്തിയെടുത്ത് തങ്ങളുടെ പാളയത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗുജറാത്തില്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നത്. പാര്‍ട്ടി നേതൃസ്ഥാനം ഏറ്റെടുത്തിട്ടില്ലെങ്കിലും രാഹുലിന്റെ നേതൃത്വത്തില്‍ തന്നെയാണ് ഗുജറാത്തിലെ കോണ്‍ഗ്രസിന്റെ ഓരോ ചുവടുകളും. ഗുജറാത്തിലെ ഓരോ ചെറിയ സംഭവവികാസങ്ങളും വിശകലനം ചെയ്ത് രാഹുലിനെ അറിയിക്കാന്‍ നാല്‍പ്പത് പേരടങ്ങിയ ഒരു പ്രത്യേകസംഘം തന്നെ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടാണ് ഏറ്റവുമൊടുവില്‍ പുറത്തുവന്നിരിക്കുന്ത്.

40 പേരടങ്ങിയ രഹസ്യസേനയാണ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നെന്നത് സംഘത്തിലുള്ള ഒരാളെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. രഹസ്യസ്വഭാവം കാത്തുസൂക്ഷിച്ചു കൊണ്ടു വേണം പ്രവര്‍ത്തിക്കാന്‍ എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ നിര്‍ദേശം. സംസ്ഥാന രാഷ്ട്രീയത്തിലെ ഒരോ നീക്കങ്ങളെക്കുറിച്ചുമുള്ള വിവരങ്ങളും അപ്പപ്പോള്‍ ഞങ്ങള്‍ ടീം ലീഡറെ അറിയിക്കും. അദ്ദേഹമാണ് അത് രാഹുലിന് കൈമാറുന്നത്. സംഘാംഗം പറയുന്നു.

ഗുജറാത്തിലെ ഓരോ നീക്കങ്ങളും തങ്ങള്‍ സംഘത്തലവനെ അറിയിക്കാറുണ്ട്. ജനങ്ങളുടെ വികാരം ഏത് രീതിയിലാണെന്ന് പഠിക്കുക, വിവിധ വിഷയങ്ങളില്‍ നിലപാടും നയങ്ങളും രൂപീകരിക്കുക ഇതെല്ലാമാണ് നിലവില്‍ തങ്ങളുടെ പ്രധാനചുമതല. എന്നാല്‍ ഇതോടൊപ്പം തന്നെ അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്കായി ഏറ്റവും മികച്ച 182 സ്ഥാനാര്‍ഥികളെ കണ്ടെത്തണമെന്ന നിര്‍ദേശവും തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്. ജനപ്രീതിയില്ലാത്തവര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളാവാന്‍ പാടില്ലെന്ന കര്‍ശനനിലപാടിലാണ് രാഹുല്‍ ഗാന്ധി. രഹസ്യസേനാംഗം പറഞ്ഞു. അടുത്തിടെ പഞ്ചാബിലും ഗോവയിലും നടന്ന തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് സമാന രീതിയിലുള്ള രഹസ്യസേനയുടെ സേവനം പ്രയോജനപ്പെടുത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

രഹസ്യസേനയിലെ നേതാക്കളായ അംഗങ്ങളെ രാഹുല്‍ തന്നെയാണ് നേരിട്ട് തെരഞ്ഞെടുത്തത്. തുടര്‍ന്ന് ഈ അംഗങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ആളുകളെ കണ്ടുപിടിക്കുകയായിരുന്നു. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കണ്ടെത്തുന്നതിന് ഇവര്‍ ജനങ്ങള്‍ക്കിടയിലും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയിലും സര്‍വേ നടത്തിയതായും അറിയുന്നു. പിസിസി അധ്യക്ഷന്‍ ഭാരത്സിന്‍ സോളങ്കിക്കും പ്രമുഖനേതാവ് അശോക് ഗെല്ലോട്ടിനും ഇങ്ങനെയൊരു രഹസ്യസംവിധാനമുള്ളതായി അറിയാമെങ്കിലും അതിലുള്ളവരെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ധാരണയില്ല. ഈ സംവിധാനത്തില്‍ ഇടപെടരുതെന്നാണ് അവര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം.