ഇത് സോളാര്‍ റിപ്പോര്‍ട്ടോ,? സരിത റിപ്പോര്‍ട്ടോ: ഉമ്മന്‍ചാണ്ടി

സോളാര്‍ തട്ടിപ്പു കേസില്‍ ജസ്റ്റിസ് ശിവരാജന്‍ കമ്മിഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സുതാര്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. കമ്മിഷന്‍ സമര്‍പ്പിച്ചത് ഇത് സോളാര്‍ റിപ്പോര്‍ട്ടാണോ അതോ സരിത റിപ്പോര്‍ട്ടാണോയെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

റിപ്പോർട്ടിനെക്കുറിച്ച് പല സംശയങ്ങളുമുണ്ടെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. ഒട്ടും സുതാര്യമല്ല റിപ്പോർട്ട്. അറിയേണ്ട സർക്കാർ വകുപ്പുകൾ പോലും അറിയാതെയാണ് റിപ്പോർട്ട് രഹസ്യമാക്കി വച്ചത്. യുഡിഎഫ് നേതാക്കൾ തലയിൽ മുണ്ടിട്ടു നടക്കണമെന്ന് പറയുന്നവർ എന്തിനാണ് റിപ്പോർട്ട് ഇത്ര രഹസ്യമാക്കി വച്ചത്?

സഭയിൽ എഴുതി തയാറാക്കിയ കുറിപ്പാണ് മുഖ്യമന്ത്രി വായിച്ചത്. ഇത്ര ധൃതി പിടിച്ച് മുഖ്യമന്ത്രി പറയാനുണ്ടായ സാഹചര്യമെന്താണ്? ഇതിനെയാണ് നിയമസഭയിൽ പ്രതിപക്ഷം ചോദ്യം ചെയ്തത്. കാബിനറ്റ് തീരുമാനിച്ചു എന്നായിരുന്നു മുഖ്യമന്ത്രി നേരത്തേ വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. കേസെടുത്ത് അന്വേഷിക്കും എന്നും പറഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞദിവസം പറഞ്ഞത് അന്വേഷിച്ച് തെളിവുണ്ടെങ്കിൽ കേസെടുക്കും എന്നാണ്. എന്തിനാണ് ഇങ്ങനെ മാറ്റിപ്പറയുന്നത്?

സുപ്രീം കോടതി മുൻ ജ‍ഡ്ജിയുടെ നിയമോപദേശം കിട്ടിയതനുസരിച്ചാകാം സർക്കാർ പിന്നോട്ടു പോയത്. സരിത നായർ നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നത്. അല്ലാതെ കമ്മിഷന്റെ നിർദേശപ്രകാരമല്ല. നിയമവിരുദ്ധമായ നടപടിയാണിത്. ഇപ്പോൾ പുറത്തുവന്നത് സരിത റിപ്പോർട്ടാണോ സോളർ റിപ്പോർട്ടാണോ? സംശയമുണ്ട്. സരിതയുടെ കത്ത് രണ്ട് വാല്യങ്ങളിലായാണ് നൽകിയിരിക്കുന്നത്. ഇതിലും അസ്വഭാവികതയുണ്ട്. ജയിലിലെ കത്ത് 21 പേജാണ്. റിപ്പോർട്ടിൽ പരിഗണിച്ചതാകട്ടെ 25 പേജുള്ള കത്തും.

കണ്ണാടിക്കൂട്ടിലല്ല ഞാൻ കഴിയുന്നത്. ആരോപിക്കപ്പെട്ട രണ്ടു കാര്യങ്ങളിലും എനിക്ക് ബലഹീനതയുണ്ടെന്ന് ആരും പറയില്ല. ജനങ്ങൾക്കിടയിലാണ് ഞാൻ ജീവിക്കുന്നത്. ഈ പറഞ്ഞ കാര്യങ്ങളിൽ ഒരു ശതമാനമെങ്കിലും ശരിയാണെന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കും. ഇത് പ്രതികാര രാഷ്ട്രീയമാണ്. മുഖ്യമന്ത്രി വൃത്തികെട്ട ധൃതി കാണിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷമുള്ള സർക്കാർ നടപടികൾ സുതാര്യമല്ല.

ടേംസ് ഓഫ് റഫറൻസ് ആണ് കമ്മിഷനുകളെ സംബന്ധിച്ച് പ്രധാനം. എന്നാൽ ഇതുവരെയും ടേംസ് ഓഫ് റഫറൻസ് ചർച്ചയായിട്ടില്ല. സരിത ഒരു അഴിമതി ആരോപണവും കമ്മിഷനുമുന്നിൽ ഉന്നയിച്ചിട്ടില്ല. കമ്മിഷൻ എൽഡിഎഫ് സർക്കാരിന്റെ താളത്തിനൊത്തു തുള്ളിയെന്നും ഉമ്മൻ ചാണ്ടി ആരോപിച്ചു.