തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രിയുടെ കയ്യില്‍

ആലപ്പുഴ :കായല്‍ കയ്യേറ്റത്തില്‍ ആരോപണ വിധേയനായ മന്ത്രി തോമസ് ചാണ്ടിയുടെ രാജി മുഖ്യമന്ത്രി പിണറായി വിജയൻറെ കയ്യിൽ .ഇന്നത്തെ ഇടതു യോഗത്തിനു ശേഷം ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാകും .സോളാര്‍ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് മേശപ്പുറത്ത് വച്ച് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കിയ മുഖ്യമന്ത്രി, തോമസ് ചാണ്ടിയുടെ രാജി ആവശ്യപ്പെടുമെന്ന് ശക്തമായ അഭ്യൂഹംനേരത്തെ ഉയര്‍ന്നിരുന്നു.
വെള്ളിയാഴ്ച ഈ വിഷയം കോടതിയിൽ എത്തുമ്പോൾ വീണ്ടും കടുത്ത പ്രഖ്യാപനം നടത്തുമോയെന്ന ഭയം സര്‍ക്കാറിനുണ്ട്.
തോമസ് ചാണ്ടിയുടെ രാജി പ്രഖ്യാപനം അതുകൊണ്ട് തന്നെ നീളാന്‍ സാധ്യതയില്ല.മാര്‍ത്താണ്ഡം കായല്‍ തോമസ് ചാണ്ടി കയ്യേറിയതായി സ്ഥിരീകരിച്ച് കളക്ടര്‍ അനുപമ നല്‍കിയ റിപ്പോര്‍ട്ടാണ് ചാണ്ടിക്ക് വിനയായത്.എ.കെ ശശീന്ദ്രന്‍ കുറ്റവിമുക്തനായാല്‍ തോമസ്ചാണ്ടി സ്ഥാനം ഒഴിയുമെന്ന് എന്‍സിപി വ്യക്തമാക്കിയിട്ടുണ്ട്, ഇക്കാര്യം തോമസ് ചാണ്ടി തന്നെ മുൻപ് പറഞ്ഞിട്ടുണ്ട് .ആലപ്പുഴയില്‍ ജനജാഗ്രതാ യാത്രയില്‍ തോമസ് ചാണ്ടി നടത്തിയ പ്രസംഗമാണ് എല്ലാ കാര്യങ്ങളും തുലച്ചതെന്ന അഭിപ്രായമാണ് പാര്‍ട്ടിക്കുള്ളില്‍ പൊതുവേയുള്ളത്. അതല്ലെങ്കില്‍ നടപടി നീട്ടിക്കൊണ്ടുപോകാന്‍ സാധിക്കുമായിരുന്നുവെന്നാണ് നേതാക്കളുടെ വിശ്വാസം.ചാണ്ടി ഉടനെ രാജിവെക്കേണ്ടിവന്നാല്‍ പാര്‍ട്ടിക്ക് മന്ത്രിയില്ലാത്ത സാഹചര്യം ഉണ്ടാകും. രാജ്യത്ത് എന്‍.സി.പി.ക്ക് ആകെയുള്ള മന്ത്രിസ്ഥാനമാണെന്നും കളയാതെ നോക്കണമെന്നുമാണ് കേന്ദ്ര നേതൃത്വം നിര്‍ദേശിച്ചത്.
മന്ത്രിസ്ഥാനം പോവുകയും തത് സ്ഥാനത്തേക്ക് മറ്റാരെയെങ്കിലും സി.പി.എം.പരിഗണിക്കുകയും ചെയ്താല്‍, ശശീന്ദ്രന് തിരിച്ചുവരാന്‍ പ്രയാസമാകുമെന്ന ചിന്തയും പാര്‍ട്ടിയ്ക്കുണ്ട്.