ജീവകാരുണ്യ പ്രവർത്തനനിറവിൽ കലാവേദി കലോത്സവം വർണ്ണാഭമായി 

മിനി നായർ, അറ്റ്ലാന്റ 

ന്യൂ യോർക്ക് :ജീവകാരുണ്യ പ്രവർത്തന നിറവിൽ ന്യൂ യോർക്ക് കലാവേദിയുടെ കലോത്സവം 2017 വർണ്ണാഭമായി.മലയാളം  സർവകലാശാല മുൻ വൈസ്  ചാൻസലർ  കെ :ജയകുമാർ ഐ.  എ. എസ്.  ഉത്‌ഘാടനം ചെയ്ത ചടങ്ങിന് തിങ്ങി നിറഞ്ഞ സദസ്സ് സാക്ഷ്യം വഹിച്ചു.  

ഈ വർഷത്തെ കലാവേദി കലോത്സവം കലാപ്രേമികൾക്ക് അവിസ്മരണീയമായ  മുഹൂർത്തങ്ങൾ കാഴ്ച വച്ചു. വേദിയിൽ മിന്നൽ പിണർ പോലെ മിന്നുന്ന പ്രകടനം കാഴ്ചവച്ച നർത്തകി രശ്മി നായരുടെ നൃത്ത സംഘവും, ആധുനിക വാദ്യമേളങ്ങളുടെ അകമ്പടിയോടെ,  നമ്മുടെ സിരകളിൽ മാസ്മരികത പകർന്നു തന്നിട്ടുള്ള മധുരഗാനങ്ങളുടെ അവതരണം കൊണ്ട് ശ്രദ്ധേയയായ ഹാരിണി രാഘവയുടെ സംഗീത സംഘവും സദസ്സിന്റെ  മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങി. 

കലാവേദിയുടെ കലോത്സവ മത്സരങ്ങളിൽ മുൻ കാലത്തു വിജയികളായ മീനു ജയ കൃഷ്ണൻ ജീനു ജോസെഫിനൊപ്പം അവതരിപ്പിച്ച നൃത്തവും , കലാവേദി പ്രതിഭ അവാർഡ് ജേതാവായ അലക്സ് ദേവസ്സിയുടെ സംഗീതവും ആയിരുന്നു ആദ്യ പരിപാടികൾ.

കലാവേദി ഏർപ്പെടുത്തിയ 2017 ലെ ഹുമാനിറ്റേറിയൻ അവാർഡ് അമേരിക്കൻ മലയാളി സമൂഹത്തിൽ വൃക്ക ദാനം ചെയ്തു ശ്രദ്ധ നേടിയ രേഖാ നായർക്ക് നൽകി കെ :ജയകുമാർ  സംസാരിച്ചു. ദൈവം നമ്മോട് പല രീതിയിലാണ്  തന്റെ സ്നേഹം പ്രകടിപ്പിക്കുന്നത് . ചിലരുടെ മുൻപിൽ അതൊരു വെല്ലുവിളിയായി , ഒരു അവസരമായി കടന്നുവരും . ചില ആളുകൾ അത് അവഗണിച്ചു മുന്നോട്ടു പോകുമ്പോൾ ഈശ്വരന്റെ അനുഗ്രഹമുള്ള ആളുകൾ ആ അവസരത്തെ പ്രയോജനപ്പെടുത്തും. അത്തരത്തിലുള്ള കർമ്മമാണ് അവാർഡ് ലഭിക്കുന്ന രേഖാ നായർ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഈ പുണ്യപ്രവർത്തു നമുക്കും വളർന്നു വരുന്ന തലമുറയ്ക്കും പ്രചോദനമാക്കട്ടെ എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ  പറഞ്ഞു.

രേഖാ നായർ തന്റെ മറുപടി പ്രസംഗം നടത്തി.ഒരു ജീവൻ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയാണ് വൃക്കദാനം നടത്തിയതെന്നും അതു സ്വീകരിച്ച ദീപ്തി കഴിഞ്ഞ ഒരുവർഷക്കാലം കടന്നുപോയ വിഷമഘട്ടങ്ങൾ ഓർക്കുമ്പോൾ തന്റെ ഈ പ്രവർത്തി ഒന്നുമല്ലെന്നും രേഖാ നായർ പറഞ്ഞതു സ്റ്റാന്റിംഗ് ഒവേഷൻ നൽകി കരഘോഷത്തോടെയാണ്  സദസ് സ്വീകരിച്ചത്. 

കലാവേദിയിൽ അംഗങ്ങളായ കലാകാരൻമാർ അവതരിപ്പിച്ച, മനോഹർ തോമസ് സംവിധാനം  ‘കാലാന്തരം ‘ എന്ന ഹൃസ്വ നാടകം ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ അവതരിപ്പിച്ചതും ശ്രദ്ധേയമായി.

2004 മുതൽ ന്യൂ യോർക്ക് ആസ്ഥാനമായി കലാസാംസ്കാരിക രംഗത്ത് പ്രവർത്തിച്ചുവരുന്ന സംഘടനയാണ് കലാവേദി. 2015 മുതൽ ഫെഡറൽ ഗവൺമെന്റിന്റെ അംഗീകാരത്തോടെ കലാ സാംസ്‌കാരിക സംഘടനയെന്നതിനൊപ്പം ഒരു  ‘ജീവകാരുണ്യ’ സ്ഥാപനവുമായിട്ടാണ് കലാവേദി പ്രവർത്തിക്കുന്നത്.

കേരളത്തിലും, അമേരിക്കയിലും ജീവകാരുണ്യരംഗത്ത്‌,  പ്രേത്യക പരിഗണനയർഹിക്കുന്ന  സ്കൂൾ കുട്ടികൾക്കും, അശരണർക്കും വേണ്ടി കലാവേദി കൂടുതൽ ശ്രദ്ധിക്കുന്നതിനാൽ തിരുവനന്തപുരത്ത് വെള്ളനാട് പഞ്ചായത്തില് പ്രവർത്തിക്കുന്ന മിത്രാ നികേതൻ സ്‌കൂളിന്റെ പ്രവർത്തനങ്ങൾക്കായിട്ടാണ്  ഈ വര്ഷത്തെ ധനസഹായം നൽകുന്നത് .

പ്രസിഡണ്ട് സിബി ഡേവിഡ് ആമുഖ പ്രസംഗം നടത്തി. ഡിൻസിൽ ജോർജ്ജും , മിനി നായരും എം സി മാരായി പ്രവർത്തിച്ചു.

കൂടുതൽ ചിത്രങ്ങൾക്കും വീഡിയോ യ്ക്കും കലാവേദി ഓൺ ലൈൻ ഡോട്ട് കോം കാണുക.