രഞ്ജിത്ത് പൃഥ്വിരാജിൻറെ അച്ഛനാകുന്ന ചിത്രത്തിൽ അച്ഛന് മകന്റെ ക്ലാപ്പ്

അച്ഛന് മകന്റെ ക്ലാപ്പ്. നടനും സംവിധായകനുമായ രഞ്ജിത്താണ് നടന്‍. ക്ലാപ്പടിച്ചത് മകനും സഹസംവിധായകനുമായ അഗ്നിവേശ് രഞ്ജിത്തും. അഞ്ജലിയുടെ സംവിധാന സഹായിയായ അഗ്നിവേശിന്റെ കന്നി ചിത്രം കൂടിയാണ് ഇത്.ബാംഗ്ലൂര്‍ ഡെയ്സിനുശേഷം അഞ്ജലി മേനോന്‍ ഒരുക്കുന്ന പുതിയ ചിത്രത്തിലാണ് രഞ്ജിത് വേഷമിടുന്നത്. ബാംഗ്ലൂര്‍ ഡെയ്സ് കഴിഞ്ഞ് രണ്ട് വര്‍ഷത്തിനുശേഷം അഞ്ജലി ഒരുക്കുന്ന ചിത്രത്തില്‍ പൃഥ്വിരാജിന്റെയും നസ്രിയയുടെയും അച്ഛന്റെ വേഷത്തിലാണ് രഞ്ജിത്ത് എത്തുന്നത്. രാജീവ് രവിയുടെ അന്നയും റസൂലുമാണ് രഞ്ജിത്ത് അവസാനമായി മുഖം കാണിച്ച ചിത്രം. നായകനായ ചിത്രം ജയരാജിന്റെ ഗുല്‍മോഹറും. ജവാന്‍ ഓഫ് വെള്ളിമല, ബെസ്റ്റ് ആക്ടര്‍, തിരക്കഥ എന്നിവയിലും രഞ്ജിത്ത് വേഷമിട്ടിട്ടുണ്ട്. മോഹന്‍ നിങ്ങള്‍ നടനാവണമെന്ന് നിങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതായിരിക്കും എന്ന രഞ്ജിത്തിന്റെ മമ്മൂട്ടിയുടെ മോഹനോടുള്ള ഡയലോഗ് ഏറെ പ്രശസ്തമാണ്.

ഫഹദ് ഫാസിലിനെ വിഹാഹം കഴിച്ച്‌ അഭിനയത്തില്‍ നിന്ന് തത്കാലത്തേയ്ക്ക് വിട്ടുനില്‍ക്കുന്ന നസ്രിയയുടെ തിരിച്ചുവരവ് ചിത്രം എന്ന പ്രത്യേകത കൂടിയുണ്ട് അഞ്ജലിയുടെ ചിത്രത്തിന്. അഞ്ജലിയുടെ ബാംഗ്ലൂര്‍ ഡെയ്സായിരുന്നു വിവാഹത്തിന് മുന്‍പ് നസ്രിയ അവസാനമായി അഭിനയിച്ച മലയാള ചിത്രം. മലയാളത്തില്‍ നിന്ന് ബോളിവുഡിലെത്തിയ പാര്‍വതിയാണ് ചിത്രത്തിലെ മറ്റൊരു നായിക.

രഞ്ജിത്തിന്റെ ചിത്രമായ നന്ദനത്തിലൂടെ അഭിനയരംഗത്തേയ്ക്ക് വന്നയാളാണ് പൃഥ്വിരാജ് എന്നൊരു പ്രത്യേകത കൂടിയുണ്ട്. രഞ്ജിത്തിന്റെ തന്നെ ഇന്ത്യന്‍ റുപ്പിയിലും കേരള കഫേയിലെ ഹാപ്പി ജേണി എന്ന ചിത്രത്തിലും രഞ്ജിത് തിരക്കഥയെഴുതി പത്മകുമാര്‍ സംവിധാനം ചെയ്ത അമ്മക്കിളിക്കൂടിലും പൃഥ്വി തന്നെയായിരുന്നു നായകന്‍. മമ്മൂട്ടി നായകനായ പുത്തന്‍പണമാണ് രഞ്ജിത് അവസാനമായി സംവിധാനം ചെയ്ത ചിത്രം.

രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം. രഞ്ജിത് നിര്‍മിക്കുന്ന അഞ്ജലി മേനോന്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍ ഊട്ടിയും ദുാബായിയുമാണ്.