സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു

നടനും സംവിധായകനുമായ സൗബിന്‍ ഷാഹിര്‍ വിവാഹിതനാകുന്നു. ജാമിയ സഹീര്‍ ആണ് സൗബിന്റെ വധു. വിവാഹ നിശ്ചയ വാര്‍ത്തകള്‍ നേരത്തെ എത്തിയെങ്കിലും സൗബിന്‍ പ്രതികരിച്ചിരുന്നില്ല. വിവാഹ നിശ്ചയം കഴിഞ്ഞ വിവരം ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിലൂടെ സൗബിന്‍ തന്നെയാണ് അറിയിച്ചിരിക്കുകയാണ്. ഡിസംബറിലാണ് വിവാഹം എന്നാണ് സൂചന. വിവാഹ വാര്‍ത്തയോടനുബന്ധിച്ചുള്ള ട്വീറ്റില്‍ സൗബിനെയും ജാമിയയെയും ഡിസംബറില്‍ ഒന്നിച്ച്‌ കാണാം എന്ന കുറിപ്പാണ് വിവാഹം ഡിസംബറിലാണെന്ന സൂചന നല്‍കുന്നത്.
നടനായല്ല സൗബിന്റെ തുടക്കം. സംവിധാന സഹായിയായാണ് സിനിമയില്‍ അരങ്ങേറ്റം. 2003ല്‍ മമ്മൂട്ടിയെ നായകനാക്കി സിദ്ദീഖ് സംവിധാനം ചെയ്ത ക്രോണിക് ബാച്ച്‌ലറിലൂടെയാണ് സൗബിന്‍ സംവിധാന സഹായിയാകുന്നത്. പിന്നീട് സിദ്ദീഖ്, ഫാസില്‍, റാഫി മെക്കാര്‍ട്ടിന്‍, പി.സുകുമാര്‍, അമല്‍ നീരദ്, രാജീവ് രവി എന്നിവരുടെ അസോസ്യേറ്റായും സൗബിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശേഷം നടനായും പിന്നീട് സംവിധായകനുമായി മാറി. പ്രേമത്തിലെ പി.ടി.മാഷ് എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് സൗബിന്‍ ജനഹൃദയങ്ങളില്‍ കയറിക്കൂടുന്നത്. ശേഷം പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി മാറി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ