തോമസ് ചാണ്ടിക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം;മന്ത്രിയെ എന്‍സിപിയും കൈവിടുന്നു.

ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ എന്‍സിപിയും കൈവിടുന്നു.
തോമസ് ചാണ്ടിയുടെ രാജി അനിവാര്യമെന്ന് ഭാരവാഹി യോഗത്തില്‍ ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെട്ടു.മുന്നണി മര്യാദ പാലിക്കണമെന്നും യോഗത്തില്‍ നേതാക്കള്‍ അഭിപ്രായപ്പെട്ടു.കേന്ദ്ര നേതൃത്വം ഉടന്‍ നിലപാടെടുക്കണമെന്നും, വിഷയം ഗൗരവമുള്ളതാണെന്നും യോഗം വിലയിരുത്തി.എന്നാൽ കയ്യേറ്റ ആരോപണം നേരിടുന്ന ഗതാഗതമന്ത്രി തോമസ് ചാണ്ടിക്ക് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ രൂക്ഷ വിമര്‍ശനം നേരിടേണ്ടി വന്നു ഇന്ന്.തോമസ് ചാണ്ടി മന്ത്രിയായി തുടരാന്‍ അയോഗ്യനെന്ന് കോടതി അറിയിച്ചു. സര്‍ക്കാറിനെതിരെ കോടതിയെ സമീപിച്ചത് അയോഗ്യതയുടെ ഉദാഹരണമാണ്. മുഖ്യമന്ത്രിയെ വിശ്വാസത്തിലെടുക്കാതെയാണ് കലക്ടര്‍ക്കെതിരെ കോടതിയെ സമീപിച്ചതെന്നും കോടതി വ്യക്തമാക്കി.മന്ത്രി ഹര്‍ജി ഫയല്‍ ചെയ്യുന്നത് അപൂര്‍വമാണെന്നും കോടതി ചൂണ്ടിക്കാട്ടി. മന്ത്രി ഭരണസംവിധാനത്തെ ചോദ്യം ചെയ്യുന്നത് എങ്ങനെയാണെന്നും കോടതി ചോദിച്ചു.
സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കുന്നത് എങ്ങനെയെന്ന് കോടതി ചോദിച്ചു. ഇത്തരമൊരു ഹര്‍ജിക്ക് നിലനില്‍പ്പുണ്ടോയെന്ന് ചോദിച്ച കോടതി ഇക്കാര്യം വിശദീകരിച്ച ശേഷം മറ്റ് കാര്യങ്ങള്‍ പരിഗണിക്കാമെന്നും പറഞ്ഞു.മന്ത്രിക്ക് ഹര്‍ജി നല്‍കാന്‍ കഴിയില്ല. ഒരു വ്യക്തിക്ക് മാത്രമേ അതിന് കഴിയൂ.

കലക്ടറുടേത് റിപ്പോര്‍ട്ട് മാത്രമാണ്. കലക്ടറുടെ അവസാന റിപ്പോര്‍ട്ടിനുശേഷം കോടതിയെ സമീപിക്കാം. നികത്തിയ ഭൂമിയുടെ ഉടമയല്ലെങ്കില്‍ മന്ത്രിക്ക് അത് കലക്ടറെ അറിയിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.അതേസമയം നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലം തോമസ് ചാണ്ടിയുടേതല്ലെന്ന് വിവേക് തന്‍ഖ കോടതിയില്‍ വാദിച്ചു.ആലപ്പുഴ കലക്ടര്‍ നടപടിക്ക് ശുപാര്‍ശ ചെയ്ത സ്ഥലങ്ങള്‍ ചാണ്ടിയുടെ പേരിലല്ല.

കലക്ടര്‍ നോട്ടിസ് നല്‍കിയത് വാട്ടര്‍ വേള്‍ഡ് കമ്പനിയുടെ എം.ഡിക്കാണ്. മന്ത്രിയായപ്പോള്‍ കമ്പനി ഡയറക്ടര്‍ സ്ഥാനം രാജിവച്ചിരുന്നുവെന്നും കമ്പനി തെറ്റ് ചെയ്‌തെങ്കില്‍ കമ്പനിക്കെതിരെ നടപടിയെടുക്കാമെന്നും ചാണ്ടിയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു.ചാണ്ടിയെ ന്യായീകരിച്ച സ്‌റ്റേറ്റ് അറ്റോര്‍ണിയേയും കോടതി വിമര്‍ശിച്ചു.ഇതിനിടെ വാദങ്ങള്‍ എതിരായതോടെ ചാണ്ടിക്കെതിരായി സര്‍ക്കാര്‍ കോടതിയില്‍ നിലപാട് മാറ്റുകയായിരുന്നു. തോമസ് ചാണ്ടിയുടെ ഹര്‍ജി അപക്വമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.
തോമസ് ചാണ്ടിക്ക് വേണ്ടി കോണ്‍ഗ്രസ്സ് എം.പി വിവേക് തന്‍ഖയാണ് കോടതിയില്‍ കേസ് വാദിക്കുന്നത്.